'മയക്കുമരുന്ന് ഉപയോഗം കൊണ്ടുണ്ടാകുന്നതാണ് വിഷാദരോഗം'; ദീപിക പദുക്കോണിന് കങ്കണ റാണൗട്ടിന്റെ പരിഹാസം

 
'മയക്കുമരുന്ന് ഉപയോഗം കൊണ്ടുണ്ടാകുന്നതാണ് വിഷാദരോഗം'; ദീപിക പദുക്കോണിന് കങ്കണ റാണൗട്ടിന്റെ പരിഹാസം

സുശാന്ത് സിംഗ് രാജ്പുത്തിന്റെ് മരണത്തെ തുടര്‍ന്ന് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ ദീപികയെ പരിഹസിച്ച് കങ്കണ റാണൗട്ട്. ദീപിക നേരിട്ടിരുന്ന വിഷാദരോഗം (depression)വുമായി ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ പരിഹാസം.

"ഞാന്‍ വീണ്ടും പറയട്ടെ, മയക്കുമരുന്ന് ഉപയോഗം കൊണ്ടുണ്ടാകുന്നതാണ് ഡിപ്രഷന്‍. തങ്ങള്‍ ക്ലാസിിയാണെന്നും നല്ല രീതിയിലാണ് തങ്ങളെ വളര്‍ത്തിയിട്ടുള്ളതെന്നും അവകാശപ്പെടുന്ന ഉന്നതകുലജാതരായ സമ്പന്നരുടെ മക്കള്‍ മാനേജരോട് ചോദിക്കുന്നു സാധനമുണ്ടോ?," കങ്കണ ട്വീറ്റ് ചെയ്തു. ദീപിക പദുക്കോണും അവരുടെ മാനേജര്‍ കരിഷ്മയുമായി നടന്നതെന്ന് പറയപ്പെടുന്ന വാട്‌സ്ആപ് ചാറ്റില്‍ മയക്കുമരുന്ന് സംബന്ധമായ പരാമര്‍ശങ്ങളുണ്ടെന്ന ടൈംസ് നൗ വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു കങ്കണയുടെ ഈ പരാമര്‍ശം.

സുശാന്ത് സിംഗ് മരിച്ചതിനു തൊട്ടുപിന്നാലെ ദീപിക ഇട്ട ട്വീറ്റിലെ വാചകമായിരുന്നു Repeat after me എന്നത്. ഇതിനെ കളിയാക്കിക്കൊണ്ടാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. സുശാന്ത് സിംഗ് മരിച്ചതിനു തൊട്ടുപിന്നാലെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ട്വീറ്റുകളില്‍ ഡിപ്രഷന്‍ ഒരു മനോരോഗം തന്നെയാണെന്നും എന്നാല്‍ അത് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്നും ദീപിക പറഞ്ഞിരുന്നു. താന്‍ ഡിപ്രഷനിലൂടെ കടന്നു പോയ നാളുകളെ കുറിച്ച് ദീപിക നേരത്തെയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനെ കളിയാക്കിയാണ് കങ്കണ, ഈ വിഷാദരോഗം മയക്കുമരുന്നുപയോഗം കൊണ്ടുണ്ടാകുന്നതാണെന്ന് പറഞ്ഞിരിക്കുന്നത്.

സുശാന്ത് സിംഗും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് കാമുകിയായ റിയ ചക്രബര്‍ത്തിയാണ് എന്നാരോപിച്ചാണ് അവരെ അറസ്റ്റ് ചെയ്തതും ജയിലില്‍ അടച്ചിരിക്കുന്നതും. സുശാന്തുമായി ബന്ധമുള്ളവരെ ലക്ഷ്യമാക്കിയുള്ള അന്വേഷണത്തിലാണ് ദീപിക അടക്കമുള്ളവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നതും. എന്നാല്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരെ വേട്ടയാടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന ആരോപണവും ശക്തമാണ്.

ദീപികയെ അടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്തയോടും കങ്കണ പ്രതികരിച്ചിട്ടുണ്ട്. "സുശാന്ത് കൊല്ലപ്പെടാതിരുന്നെങ്കില്‍, കങ്കണയെ ഈ വിധത്തില്‍ ഉപദ്രവിക്കാതിരുന്നെങ്കില്‍ എന്ന് ബോളിവുഡ് മാഫിയ ഇപ്പോള്‍ ആദ്യമായി ചിന്തിക്കുന്നുണ്ടാവും. തങ്ങളുടെ ക്രൂരതയിലും മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്നതിലും പുലര്‍ത്തുന്ന നിശബ്ദതയിലും അവര്‍ക്കിപ്പോള്‍ ഖേദമുണ്ടാകും" എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ബോളിവുഡില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്ന് കങ്കണ നേരത്തെ ആരോപിച്ചിരുന്നു.