ആരാധകര്‍ക്ക് അപ്പു; എന്തുകൊണ്ട് പുനീത് രാജ്കുമാര്‍ തെന്നിന്ത്യയിലെ മൂല്യമേറിയ നായകനടനായി

 

 
puneeth-rajkumar

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്നട നടന്‍ പവർ സ്റ്റാർ  പുനീത് രാജ്കുമാറി(46)ന്റെ മരണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം.  വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

കന്നഡ സിനിമാ ലോകത്തെ ഏറ്റവും താരപ്രഭയുള്ള നടന്മാരില്‍ ഒരാളായിരുന്നു പുനീത് രാജ്‌കുമാര്‍ ഇതിഹാസ നടന്‍ ഡോ രാജ്കുമാറിന്റെ മകനെന്ന നിലയിലും  പ്രശസ്തി നേടി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരം തന്റെ പിതാവിന്റെ പാരമ്പര്യം നിലനിര്‍ത്തി വലിയ ആരാധകരെ സ്വന്തമാക്കിയാണ് വെള്ളിത്തിരയില്‍ മുന്നേറിയത്. ബാലതാരമായി  കരിയര്‍ ആരംഭിച്ച അദ്ദേഹം 1985-ല്‍ ബെട്ടട ഹൂവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. ചാലിസുവ മൊദഗലു, യെരാഡു നക്ഷത്രഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡ് നേടി. 

അപ്പു എന്ന ചിത്രത്തില്‍ പുനീത് നായകനായ ശേഷം താരത്തെ ആരാധകര്‍ അപ്പു എന്ന് വിളിച്ചിരുന്നു. അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലതാണ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.  

വിനോദമെന്നതിലുപരി സാമൂഹിക സന്ദേശം നല്‍കുന്ന സിനിമകള്‍ തിരഞ്ഞെടുത്തത് പുനീതിനെ സമകാലീനരില്‍ നിന്ന് വ്യത്യസ്തനാക്കി. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), അജയ് (2006), അരശു (2007) എന്നിവയാണ് പവര്‍ സ്റ്റാര്‍ എന്ന വിളിപ്പേര് പുനീതിന് നേടിക്കൊടുത്ത സിനിമകളാണ്‌.  മിലാന (2007), വംശി (2008). 2000കളിലും 2010-കളിലും അദ്ദേഹത്തിന്റെ വിജയചിത്രങ്ങളുടെ പരമ്പര പുനീത് രാജ്കുമാറിനെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി മാറ്റി. പ്രിയ ആനന്ദിനൊപ്പം ചേതന്‍ കുമാറിന്റെ ജെയിംസിന്റെ ഷൂട്ടിംഗ് അദ്ദേഹം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ജെയിംസിനായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് വൈകുകയായിരുന്നു. നവംബര്‍ 1 മുതല്‍ പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ദ്വിത്വയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു പുനീത്.

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം. 2012 ല്‍ 'ഹു വാണ്ട്‌സ് ടു ബി എ മില്ല്യണര്‍?' എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ അവതാരകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 2007-08 മിലാനയിലും 2010-11 ജാക്കിയിലും മികച്ച നായക നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 2015ലെ 'മൈത്രി' എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം വേഷമിട്ടിട്ടുണ്ട്. ഇരുവരും എക്‌സറ്റന്‍ഡഡ് കാമിയോ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. അശ്വിനി രേവന്ത് ആണ് ഭാര്യ. ദൃതി, വന്ദിത എന്നിവരാണ് മക്കള്‍.