മരയ്ക്കാറിനെതിരായ പരാതി; നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി 

 
Marakkar Film

പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പരാതിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും കുഞ്ഞാലി മരയ്ക്കാരെയും പിന്മുറക്കാരെയും അപമാനിക്കുന്നതാണെന്നും ആരോപിച്ച് മരയ്ക്കാരുടെ പിന്മുറക്കാരി മുഫീദ അറാഫത്ത് മരയ്ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തെ സിനിമ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായാണ് ടീസറില്‍നിന്ന് മനസിലാക്കാനാകുന്നത്. അത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വതവികാരം വ്രണപ്പെടുന്നതിനും, സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനും കാരണമാകും. വിദഗ്ധ സമിതി പരിശോധിച്ചതിനുശേഷം മാത്രമേ ചിത്രത്തിന് അനുമതി നല്‍കാവൂ എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാരിനും പരാതി നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. പരാതി ബന്ധപ്പെട്ട മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി. അതേസമയം, ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.