'അതെന്തൊരു ജീവിതമായിരുന്നു; ജീവിതം സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിച്ച, കാലത്തിനു മുന്‍പേ സഞ്ചരിച്ച ഫെമിനിസ്റ്റ്'; 'ശകുന്തള ദേവി'യുടെ തിരക്കഥാകൃത്ത് നയനിക മഹ്താനി സംസാരിക്കുന്നു

 
'അതെന്തൊരു ജീവിതമായിരുന്നു; ജീവിതം സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിച്ച, കാലത്തിനു മുന്‍പേ സഞ്ചരിച്ച ഫെമിനിസ്റ്റ്'; 'ശകുന്തള ദേവി'യുടെ തിരക്കഥാകൃത്ത് നയനിക മഹ്താനി സംസാരിക്കുന്നു

ആമസോണ്‍ പ്രൈമില്‍ ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ജീവചരിത്ര സംബന്ധിയായ സിനിമ ശകുന്തള ദേവിയുടെ തിരക്കഥാകൃത്ത് നയനിക മഹ്താനിക്ക് ആ സിനിമയുടെ തിരക്കഥ കേവലം ഒരു ഗണിത ശാസ്ത്ര പണ്ഡിതയുടേത് മാത്രമല്ല; ഒരു നല്ല അമ്മയാകുന്നതിനു വേണ്ടി കരിയറിലും ലക്ഷ്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന ഒരു സ്ത്രീയുടേതു കൂടിയാണ്. ആ അര്‍ത്ഥത്തില്‍ നയനിക സിനിമയോട് ഏറെ സാദൃശ്യങ്ങള്‍ പുലര്‍ത്തുന്നു.

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന, പ്രധാനമായും കൊല്‍ക്കത്തയില്‍, നയനിക ഐഐഎം ബാംഗ്ലൂരിലെ പഠനത്തിനു ശേഷം ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കര്‍ ആയി കരിയര്‍ ആരംഭിച്ചു. ആഫ്രിക്കയില്‍ കുറച്ചു വര്‍ഷങ്ങള്‍ ചിലവഴിച്ചതിനു ശേഷം തന്‍റെ മനസ്സ് പറയുന്നത് കേട്ട് എഴുത്തിലേക്ക്‌ തിരിഞ്ഞ നയനിക ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു പെണ്മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ താമസിക്കുന്നു. ഇതിനോടകം കുട്ടികള്‍ക്കു വേണ്ടിയുള്ള രണ്ടു പുസ്തകങ്ങളും ഒരു നോവലും നയനിക എഴുതിയിട്ടുണ്ട്.

നയനിക മഹ്താനി ഇ-ഷീ.ഇന്‍-ന്റെ നേഹാ കിര്‍പാലുമായി സംസാരിക്കുന്നു

?ശകുന്തള ദേവി എന്ന സിനിമയ്ക്ക് ആവശ്യമായ റിസര്‍ച്ച് വര്‍ക്കുകള്‍ എങ്ങനെയായിരുന്നു

പൊതുവായി ലഭ്യമായിരുന്ന വസ്‌തുക്കള്‍ക്ക് പുറമേ, ഈ വിഷയത്തില്‍ ഞങ്ങളുമായി സഹകരിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ശകുന്തള ദേവിയുടെ മകളായ അനുപമ ബാനര്‍ജിയാണ്. എന്‍റെ സഹ എഴുത്തുകാരിയും സംവിധായകയുമായ അനു മേനോനും ഞാനും സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഈ കൂടികാഴ്ചകളില്‍ ആയിരുന്നു ഈ സിനിമയുടെ കഥ ഒരു അമ്മയുടെയും മകളുടെയും ബന്ധത്തിലൂടെ പറയേണ്ടുന്ന കഥയാണെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്.

ശകുന്തള ദേവിയെ ഞാന്‍ ആദ്യം മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്നത് ഒരു ഗണിതമാന്ത്രികയായും മനുഷ്യ കമ്പ്യൂട്ടര്‍ ആയിട്ടുമൊക്കെയായിരുന്നു. എന്നാല്‍ അവരുടെ മകളുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് വെറുമൊരു ഗണിതശസ്ത്ര പ്രതിഭ എന്നതിനപ്പുറം ശകുന്തള ദേവിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. അത് കഥയെ കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നതും ജീവിത ഗന്ധിയും പ്രചോദനാത്മകവുമാക്കി.

എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, ശകുന്തളുടെ മകള്‍ അനുപമ ഒരിക്കല്‍ പോലും തന്‍റെ അമ്മയുടെ ജീവിതത്തെ വാഴ്ത്തിപ്പാടിയില്ല എന്നതാണ്. തന്‍റെയുംഅമ്മയുടെയും ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലുമില്ലാതെ സത്യസന്ധമായി പറഞ്ഞു എന്നുള്ളതാണ്.

അതെന്തൊരു ജീവിതമായിരുന്നു. സ്വന്തം ജീവിതം സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിച്ച, ബുദ്ധിമുട്ടേറിയ പരിതസ്ഥിതികളില്‍ ജീവിച്ചിട്ടും തളര്‍ന്നു പോകാതെ, തന്‍റെ കഴിവിനെ പരിപോഷിപ്പിച്ച് ലോകം അറിയപ്പെടുന്ന ഒരു ആളായി മാറുകയും, ഒരു വീട്ടമ്മ എന്നതിനപ്പുറം ഒരു ജീവിതം തിരഞ്ഞെടുക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് മനസിലാക്കുകയും, തന്‍റെ കുറ്റങ്ങളുടെയും കുറവുകള്‍ക്കുമൊപ്പം, ഒരു ഫെമിനിസ്റ്റായി, ജീവിച്ച കാലത്തിനു മുന്‍പേ സഞ്ചരിച്ച പ്രതിഭ.

സിനിമയുടെ തിരക്കഥ എഴുത്തിനെ കൂടുതല്‍ രസകരമാക്കിയ മറ്റൊരു കാര്യം അവരുടെ നര്‍മബോധം ആയിരുന്നു. അത് അവരുടെ തന്നെ ചില ഷോകളില്‍ നിന്നും വ്യക്തമാണ്. അതിനോടൊപ്പം ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും അവരെ വ്യത്യസ്തയാക്കുന്നു. അവര്‍ ഒഴു എഴുത്തുകാരിയും (നിഗൂഡ കൊലപാതക നോവലുകള്‍, ഗണിത പ്രശ്നങ്ങള്‍, സ്വവര്‍ഗാനുരാഗം, പാചകം എന്നിങ്ങനെ പല വിഷയങ്ങളില്‍) ഒരു ജ്യോതിശാസ്ത്രജ്ഞയും കൂടിയാണ്.

രാഷ്ട്രീയം, യാത്രകള്‍, പുതിയ ഭാഷകള്‍ പഠിക്കുക, പുതിയ ആളുകളുമായി പരിചയത്തില്‍ വരിക, സംഗീതം, നൃത്തം അങ്ങനെ പലതിലും താത്പര്യമുണ്ടായിരുന്നിട്ടു കൂടി അവര്‍ അറിയപ്പെടുന്നത് ഒരു ഗണിതശാസ്ത്ര ബുദ്ധിജീവി എന്ന പേരിലാണ്.

നയനിക മഹ്താനി

? സിനിമ മാതൃത്വത്തെക്കുറിച്ച് ശക്തമായ ഒരു സന്ദേശം നല്‍കുന്നുണ്ട്. ശകുന്തള ദേവിയുടെ പോരാട്ടവും ജീവിതവും ഇന്നത്തെ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്

ആ പോരാട്ടങ്ങള്‍ക്ക് ഇന്നും വളരെ പ്രസക്തിയുണ്ട്. നമ്മളില്‍ പലരും ഒരു അമ്മയുടെ ജോലിയും കരിയറും ഒരുമിച്ചു കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുന്നവരാണ്. ഈ കഥ പറയേണ്ടത്തിന്‍റെ ആവശ്യം ഞങ്ങള്‍ക്ക് തോന്നിയതിനു പിന്നിലെ കാരണവും അത് തന്നെയാണ്. കുടുംബത്തിന്‍റെ കാര്യം വന്നു കഴിയുമ്പോള്‍ പൂര്‍ണതയുടെ മാതൃകകള്‍ ആകണം സ്ത്രീകള്‍ എന്ന സങ്കല്‍പം നമ്മളില്‍ പലര്‍ക്കുമുണ്ട്. അത് പലപ്പോഴും അവരുടെ സ്വപ്നങ്ങള്‍ ബലി കൊടുത്തിട്ടാണെങ്കില്‍ കൂടിയും.

തന്‍റെ കുടുംബത്തേക്കാള്‍ മുകളില്‍ സ്വന്തം ആഗ്രഹങ്ങളും താത്പര്യങ്ങളും ലക്ഷ്യങ്ങളും വെയ്ക്കുന്ന സ്ത്രീകളെ നമ്മള്‍ പലപ്പോഴും വിളിക്കാറുള്ളത് സ്വാര്‍ത്ഥര്‍ എന്നാണ്. ഹിന്ദി സിനിമകളിലെ അമ്മ വേഷങ്ങള്‍ പലതും സമൂഹത്തിന്‍റെ ഇത്തരം താത്പര്യങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ് - അമ്മ എന്ന കഥാപാത്രത്തെ വളരെ ഉയരത്തില്‍ പ്രതിഷ്ടിക്കുകയും, മാതൃത്വം എന്നത് ത്യാഗവുമായി കൂട്ടി വായിക്കുകയും ചെയ്യുന്ന രീതി. അത് സ്ത്രീകള്‍ക്ക് ചുമക്കേണ്ടി വരുന്ന ഒരു ഭാരമാണ് പലപ്പോഴും.

എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാശ്ചാത്യ രാജ്യത്ത് വെള്ളക്കാരായ ഗണിത ശാസ്ത്രജ്ഞര്‍ക്ക് ആധിപത്യമുണ്ടായിരുന്ന കാലത്ത് കരിയര്‍ ആരംഭിച്ച ശകുന്തള ദേവിക്ക് അപ്പോള്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടായിക്കാണും എന്നെനിക്കു ചിന്തിക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷേ അതൊന്നും അവരെ തടഞ്ഞിരുന്നില്ല, വാസ്തവത്തില്‍ അവര്‍ അവരുടെ ലിംഗമോ ജാതിയോ ഒന്നും തന്‍റെ ജീവിതത്തെ സ്വാധീനിക്കാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ മുന്നിലേക്ക്‌ തന്നെ പോയി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് ചെയ്തത്.

ഞാന്‍ കരുതുന്നത് ഈ കഥ നമ്മളെ പോലെയുള്ള സ്ത്രീകളുടെ ജീവിതത്തിന് കൂടുതല്‍ സഹായകമാകും എന്നതാണ്. നമ്മളില്‍ പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കുറ്റബോധം അനുഭവിച്ചിട്ടുള്ളവരാകും. ഒന്നുകില്‍ വേണ്ടത്ര പരിശ്രമിക്കാതിരുന്നതിന് അല്ലെങ്കില്‍ വേണ്ടതില്‍ കൂടുതല്‍ പരിശ്രമിച്ചു എന്നുള്ള തോന്നല്‍ കൊണ്ട്. ഈ പറഞ്ഞതും ശകുന്തള ദേവിയുടെ കഥ ഞാന്‍ ഇഷ്ടപ്പെടുന്നതിനുള്ള മറ്റൊരു കാരണമാണ്.

? മുഴുവന്‍ സ്ത്രീകളായ സഹപ്രവര്‍ത്തകരുടെ കൂടെ ജോലി ചെയ്ത അനുഭവം എങ്ങനെ ഉണ്ടായിരുന്നു

ഞങ്ങളുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും സ്ത്രീ ശക്തിയുടെ മികച്ച ഉദാഹരണങ്ങളാണ്. അങ്ങേയറ്റം പ്രതിഭാധനയായ വിദ്യാ ബാലന്‍ ശകുന്തള ദേവി എന്ന കഥാപാത്രത്തിനു ജീവന്‍ കൊടുത്തു; മറ്റാരെക്കളും നന്നായി. അനുപമയുടെ വേഷം ചെയ്തത് മനോഹരിയായ സന്യ മല്‍ഹോത്രയാണ്. വിദ്യയെയും അനുപമയേയും സ്ക്രീനില്‍ ഒന്നിച്ചു കാണുക എന്നു പറയുന്നത് മറക്കാനാകാത്ത ഒരനുഭവമാണ്. അനു മേനോന്‍ ആയിരുന്നു ഞങ്ങളുടെ സംവിധായിക. അനുവും ഞാനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയത്. സംഭാഷണങ്ങള്‍ രചിച്ചത് ഇഷിത മോയിത്രയാണ്. കെയ്‌കോ നകഹാരയാണ് ഛായാഗ്രാഹണം. വസ്ത്രാലങ്കാരം നിഹാരിക ഭാസിന്‍ ഖാന്‍, സിനിമയുടെ എഡിറ്റര്‍ അന്തര ലാഹിരി. മീനാല്‍ അഗര്‍വാള്‍, വിന്‍തീ ബന്‍സല്‍ എന്നിവരാണ്‌ പ്രൊഡക്ഷന്‍ ഡിസൈനര്‍സ്. ശിഖ ആരിഫ് ശർമ, റെഡ്ഡിത ടാൻഡൺ എന്നിവരായിരുന്നു സിനിമയുടെ നിർമ്മാതാക്കൾ.

ഇങ്ങനെയൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് ശരിക്കും അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു. അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ മികച്ച കഴിവ് പുറത്തെടുക്കുകയും സന്തോഷത്തോടെ മറ്റുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുകയും ചെയ്തു. വിദ്യ സെറ്റിലുണ്ടാകുക എന്ന് പറയുന്നത് ഒരു പോസിറ്റീവ് അനുഭവവും സന്തോഷവും തരുന്ന കാര്യമാണ്. അത് അവര്‍ ഏതു സെറ്റില്‍ പോയാലും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു.

തീര്‍ച്ചയായും ഞങ്ങള്‍ക്കൊപ്പം പുരുഷന്‍മാരും ഉണ്ടായിരുന്നു. ഞങ്ങളുടെ നിര്‍മാതാവായ വിക്രം മല്‍ഹോത്ര, ശകുന്തള ദേവിയുടെ ഭര്‍ത്താവായി അഭിനയിച്ച ജിഷു സെന്‍ഗുപ്ത, മരുമകനായി അഭിനയിച്ച അമിത് സാദ് തുടങ്ങിയവര്‍.

? കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍ എഴുതുന്നതില്‍ നിന്നും ഒരു മുഖ്യധാരാ ബോളിവുഡ് സിനിമയുടെ തിരക്കഥാകൃത്താവുക; എങ്ങനെയാണ് അത് സംഭവിച്ചത്

ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യം, ഒരു കഥയാണ് അത് പറയേണ്ടുന്ന ആളിനെയും സമയത്തേയും തിരഞ്ഞെടുക്കുന്നത് എന്നാണ്. എനിക്ക് ആറു വയസ്സു മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ശകുന്തള ദേവി ഞങ്ങളുടെ സ്കൂളില്‍ വരികയും അവരുടെ അസാധാരണമായ ഗണിത വൈഭവം പുറത്തെടുക്കുകയും ചെയ്തിരുന്നു. ആ സംഭവം എനിക്കിപ്പോഴും ഓര്‍മയുണ്ട്. വളരെ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു മായാജാലക്കാരനെ പോലെ ഒരു തൊപ്പിക്കുള്ളില്‍ നിന്നും പുറത്തെടുക്കുന്നത് ഞാന്‍ കണ്ടു. ഞങ്ങളുടെ പ്രധാനാധ്യാപികയുടെ ഗണിതത്തിലുള്ള കഴിവ് അത്ര പോരായെന്നു അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍; കുട്ടികള്‍ പൊട്ടിച്ചിരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അവരും അവര്‍ കാഴ്ച വെച്ച പരിപാടിയും വര്‍ഷങ്ങളായി ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഒരു എഴുത്തുകാരിയായപ്പോള്‍ അവരുടെ കഥയാണ് എനിക്ക് പറയാനായി തോന്നിയത്. കാരണം സിനിമയുടെ കേന്ദ്രകഥാപാത്രം 1920-കളില്‍ ജനിച്ച, അക്കങ്ങളെയും സംഖ്യകളെയും സ്നേഹിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി തീരുകയും ചെയ്ത ഒരു ഇന്ത്യന്‍ വനിതയാണെന്നത് ഒരു പുതുമയുള്ള കാര്യമാകും എന്ന് എനിക്ക് തോന്നിയിരുന്നു. പിന്നീട് വന്നപ്പോള്‍ സംവിധായകയായ എന്‍റെ സുഹൃത്ത് അനു മേനോനും ആ വിഷയത്തില്‍ ഒരു സിനിമ ചെയ്യുക എന്നുള്ളത് താത്പര്യമുള്ള ഒരു കാര്യമായി വന്നു. ശകുന്തള ദേവിയുടെ മകളും ഞങ്ങളെപ്പോലെ ലണ്ടനിലാണ് താമസിക്കുന്നതെന്നും സ്വന്തം അമ്മയുടെ കഥ പറയുന്നതിന് ഒരുക്കമാണെന്നും ഞങ്ങള്‍ പിന്നീട് അറിഞ്ഞു. എല്ലാം ഒത്തു വന്നത് പോലെയായിരുന്നു അത്. ഞങ്ങള്‍ മൂന്നു പേരും ഒരിടത്ത് ശകുന്തള ദേവിയുടെ കഥ പറയുന്നതിന് ഒന്നിച്ചു.

?ഒരു ഇന്‍വെസ്റ്റുമെന്‍റ് ബാങ്കറില്‍ നിന്നും ഒരു കഥാകൃത്തായി മാറിയത് എങ്ങനെയാണ്?

അത് വളരെ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമാണ്. ഐഐഎം-ലെ പഠനത്തിനു ശേഷം ഞാന്‍ ANZ ഗ്രിൻഡ്‌ലേസ് ബാങ്കിലും പിന്നീട് ജെ പി മോർഗൻ ചേസിലും ജോലി ചെയ്തു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആഫ്രിക്കയില്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ സെസാമി വര്‍ക്ക്ഷോപ്പിന്‍റെ ഒരു റൈറ്റിംഗ് ഓഡിഷനില്‍ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു (സെസാമി വര്‍ക്ക്ഷോപ്പ് കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യം വെച്ചു കൊണ്ട് നടത്തുന്ന ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ്). സെസാമിയുടെ സ്ട്രീറ്റ് എന്ന പരിപാടിയുടെ ഇന്ത്യന്‍ ചാപ്റ്ററിന് വേണ്ടി അവരുടെ ഔട്ട്‌റീച് പരിപാടിയുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ലഭ്യതയില്ലാത്ത കുട്ടികളെ ലക്ഷ്യം വെച്ചു കൊണ്ട് കണ്ടന്‍റ് നിര്‍മ്മിക്കുന്നതിലേക്കായി ഞാന്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അങ്ങനെയാണ് എനിക്ക് എഴുത്തിലുള്ള താത്പര്യം ഞാന്‍ മനസ്സിലാക്കിയത്. അതിനു ശേഷം ഞാന്‍ കോപ്പിറൈറ്റിംഗില്‍ ഏര്‍പ്പെട്ടു. ആ സമയത്ത് എന്‍റെ കുട്ടികള്‍ തീരെ ചെറുപ്പമായിരുന്നു അതുകൊണ്ട് എനിക്ക് വീട്ടില്‍ തന്നെയിരുന്നു ജോലി ചെയ്യാന്‍ അത് സഹായിച്ചു. 2015 ആയപ്പോഴേക്കും ഞാന്‍ എന്‍റെ ആദ്യ പുസ്തകമായ Ambushed പെന്‍ഗ്വിന്‍ റാന്‍റം ഹൗസ് പ്രസിദ്ധീകരിച്ചു. അതിനു ശേഷം രണ്ടു പുസ്തകങ്ങളും ഒരു സിനിമയുടെ തിരക്കഥയും ഞാന്‍ എഴുതി.

? നിങ്ങള്‍ ആദരവോട് കൂടി കാണുന്ന നിങ്ങളുടെ സമകാലീനര്‍ ആരൊക്കെയാണ്?

ഷോണ്ട റൈംസ് അല്ലെങ്കിൽ ഫോബ് വാലർ-ബ്രിഡ്ജ് എന്നിവരെപ്പോലെയൊക്കെ എഴുതാനോ കുറഞ്ഞ പക്ഷം ചിന്തിക്കാനോ എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഹിന്ദി സിനിമയിലും വളരെ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കള്‍ ഉണ്ട്. അതിക ചോഹൻ, വരുൺ ഗ്രോവർ, റീമ കഗ്തി, സോയ അക്തർ, അലങ്കൃത ശ്രീവാസ്തവ എന്നിവരെയൊക്കെ ഞാന്‍ വളരെയധികം ആദരിക്കുന്നു. ശകുന്തള ദേവിയുടെ സംഭാഷണങ്ങള്‍ എഴുതിയ ഇഷിത മോയിത്രയോട് ഒരു വലിയ നന്ദി എനിക്ക് പറയാനുണ്ട്‌. ഒരു നവാഗതയായ എനിക്ക് അവര്‍ വളരെയധികം പിന്തുണകള്‍ തന്നു.

വിദ്യാ ബാലനും നയനിക മഹ്താനിയും

? നിങ്ങളുടെ ഏറ്റവും പുതിയ പുസ്തകം എക്രോസ് ദി ലൈന്‍ (പെന്‍ഗ്വിന്‍ ഹൗസ് പബ്ലിഷ് ചെയ്തത്) ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കഥയാണ്. പുസ്തകത്തെ കുറിച്ച് കൂടുതല്‍ പറയാമോ? .

ഞാന്‍ നേരത്തെ പറഞ്ഞതു പോലെ കഥകള്‍ നമ്മള്‍ തിരഞ്ഞെടുക്കുകയല്ല നമ്മളെ തിരഞ്ഞെടുക്കുകയാണ്. എക്രോസ് ദി ലൈന്‍ എന്ന പുസ്തകത്തിന്‍റെ തുടക്കം എനിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോള്‍ എന്‍റെ മുത്തശ്ശനുമായി സംസാരിക്കാതെ പോയ ഒരു സംഭാഷണത്തെ തുടര്‍ന്നാണ്‌ ഉണ്ടാകുന്നത്. എന്‍റെ മുത്തശ്ശനും മുത്തശ്ശിയും വിഭജനത്തെ തുടര്‍ന്ന് അഭയാര്‍ഥികള്‍ ആക്കപ്പെട്ട ആളുകളാണ്. എന്നാല്‍ ജീവിതത്തിലെ ഇത്രയും സംഭവബഹുലമായ ഒരു സംഭവത്തെ കുറിച്ച് അവര്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. ഒരിക്കല്‍ അതുണ്ടായി പക്ഷേ ആ സംഭാഷണം പൂര്‍ത്തിയാക്കപ്പെട്ടില്ല. അന്ന് പറയാതെ ബാക്കി വെച്ച കാര്യങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. അന്ന് സംസാരിച്ച കാര്യങ്ങളിലേക്ക് വീണ്ടും പോകണം എന്നെനിക്കു തോന്നി, അതിനുള്ള ഏക മാര്‍ഗം എഴുതുക എന്നുള്ളതായിരുന്നു.

പുസ്തകത്തിന് രണ്ടു ഭാഗങ്ങള്‍ ആണുള്ളത്. ആദ്യത്തേത് 1947ലാണ് സംഭവിക്കുന്നത്. രണ്ടാമത്തേത് ഇക്കാലത്ത്. ആരെയും കുറ്റപ്പെടുത്തുക എന്നുള്ള ഉദ്ദേശ്യത്തോടെയല്ല ഞാന്‍ ഈ പുസ്തകം എഴുതിയത്. പകരം നമ്മളുടെ യുവാക്കള്‍ക്ക്, രാജ്യത്തിന്‍റെ ഇപ്പോഴത്തെ പ്രക്ഷുബ്ധമായ സമയത്ത് അന്ന് വിഭജനത്തിലേക്ക് എത്തിച്ച കാര്യങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കുന്നതിനുള്ള ഒരു ജാലകമാണ്. പരസ്പരം മതിലുകള്‍ കെട്ടിപ്പൊക്കുന്ന ഇന്നത്തെ മനു ഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈ പുസ്തകം മാറുമെന്നാണ് ഞാന്‍ കരുതുന്നത്.

പ്രശസ്തമായ സൗത്ത് ഏഷ്യ ബുക്ക് അവാര്‍ഡിന്‍റെ ഓണര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ള പുസ്തകമാണ് 'എക്രോസ്സ് ദി ലൈന്‍'. പോരാത്തത്തിന് സച്ചിൻ തെണ്ടുൽക്കർ, വിദ്യാ ബാലൻ, ഷർമീൻ ഒബെയ്ദ്-ചിനോയ് എന്നിങ്ങനെ അതിര്‍ത്തിയുടെ രണ്ടു വശത്തുമുള്ള ആളുകളില്‍ നിന്നും പുസ്തകത്തിന് പ്രശംസകള്‍ കിട്ടിയിട്ടുണ്ട്. ഷർമീൻ ഒബെയ്ദ്-ചിനോയ് ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള പാകിസ്താനി സംവിധായകനാണ്.

? ഏതൊക്കെയാണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതാനും സിനിമകള്‍?

കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു ഫേസ്ബുക്ക്‌ ചലഞ്ചിന്‍റെ ഭാഗമായി എനിക്കിഷ്ടപ്പെട്ട ഏതാനും സിനിമകളുടെ ഒരു പട്ടിക ഞാന്‍ തയ്യാറാക്കിയിരുന്നു. യാദൃശ്ചികമായി ആ സിനിമകള്‍ പലതും സ്ത്രീ സംവിധായകര്‍ അല്ലെങ്കില്‍ എഴുത്തുകാരുടേതാണ്. 36 ചൌരംഗീ ലയ്ന്‍, ദി നെയിംസേക്ക്, പെർസെപോളിസ്, ലേഡി ബേർഡ്, കപെർനാം, മൺസൂൺ വെഡ്ഡിംഗ്, ഗല്ലി ബോയ്, എ ഡെത്ത് ഇൻ ദി ഗുഞ്ച്............