'കങ്കണ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പുത്തന്‍ താരോദയം, സഹോദരിയുടെ ചങ്കൂറ്റത്തിനു മുന്നില്‍ നമിക്കുന്നു': നടന്‍ കൃഷ്ണ കുമാര്‍

 
'കങ്കണ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പുത്തന്‍ താരോദയം, സഹോദരിയുടെ ചങ്കൂറ്റത്തിനു മുന്നില്‍ നമിക്കുന്നു': നടന്‍ കൃഷ്ണ കുമാര്‍

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലുള്ള ഓഫിസ് കെട്ടിടം പൊളിച്ചു നീക്കിയ സംഭവത്തില്‍ കങ്കണയ്ക്ക് പിന്തുണയുമായി നടന്‍ കൃഷ്ണ കുമാര്‍. ഈ വിഷയത്തില്‍ താന്‍ കങ്കണയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കൃഷണ കുമാര്‍. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കങ്കണയുടെ ഓഫിസ് പൊളിക്കാന്‍ ഉത്തരവിട്ട ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിയെ പരിഹസിക്കുന്നുമുണ്ട് നടന്‍.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പുത്തന്‍ താരോദയമെന്നാണ് കങ്കണയെ കൃഷ്ണ കുമാര്‍ വിശേഷിപ്പിക്കുന്നത്. ശത്രുക്കള്‍ കങ്കണയുടെ ഇമേജ് വളര്‍ത്തിക്കൊടുത്തുവെന്നും നടന്‍ പറയുന്നു. കങ്കണയ്‌ക്കെതിരേ ചെയ്ത പ്രവര്‍ത്തിയിലൂടെ ശിവസേന സര്‍ക്കാര്‍ സ്വയം നാശത്തിന്റെ വിത്ത് പാകിയിരിക്കുകയാണെന്നുംകൃഷ്ണ കുമാര്‍ പറയുന്നു.

കൃഷ്ണ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

കങ്കണ റണൗട്ട്...ശത്രുക്കളുടെ സഹായത്താല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം. കെട്ടിടങ്ങള്‍ ഇടിച്ചു പക്ഷെ ഇമേജ് വളര്‍ത്തി കൊടുത്തു വാനോളം.. 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാന്‍ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവര്‍ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു കാത്തിരുന്നു കാണാം... കങ്കണയോടൊപ്പം


കഴിഞ്ഞ ദിവസം കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ കുമാറും കങ്കണയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചു നീക്കുന്നിടത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നൊരു മാധ്യമ പ്രവര്‍ത്തകന്റെ ചിത്രം പങ്കുവച്ചുകൊണ്ട്, ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ എന്നായിരുന്നു അഹാനയുടെ വിമര്‍ശനം.

നിയമാനുമതിയില്ലാതെ ഓഫിസ് കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നാരോപിച്ചായിരുന്നു ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിക്കാന്‍ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി) ഉത്തരവിട്ടത്. ശിവസേന ഭരിക്കുന്ന കോര്‍പ്പറേഷനാണ് ബിഎംസി.