മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ; സര്‍ക്കാരിനോട് സഹകരിച്ച് മോഹന്‍ലാലും ആന്റണിയും

ഡിസംബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും
 
maraikkar movie
ഉപാധികളൊന്നുമില്ലാതെയാണ് തിയേറ്റര്‍ റിലീസിന് നിര്‍മാതാവ് തയ്യാറായതെന്ന് മന്ത്രി സജി ചെറിയാന്‍


മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനം. സിനിമ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ രണ്ടിന് മരയ്ക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മരയ്ക്കാറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായെന്നും ഉപാധികളൊന്നും ഇല്ലാതെയാണ് ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു. നടന്‍ മോഹന്‍ലാലും സര്‍ക്കാരിനോട് സഹകരിച്ചുവെന്നും തീരുമാനം സിനിമ വ്യവസായത്തിന്റെ നിലനില്‍പ്പിന് സഹായകരമാകുമെന്നും സജി ചെറിയാന്‍ അറിയിച്ചു.

ഒരു സിനിമയും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് പോകാന്‍ പാടില്ലെന്നും എല്ലാ സിനിമയും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. ദിലീപ് ചിത്രവും ഒടിടിയില്‍ റിലീസ് ചെയ്യാനാണല്ലോ തീരുമാനമെന്ന ചോദ്യത്തിന്, ദിലീപ് സിനിമയും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്. എല്ലാ സിനിമകളും ഒടിടിയിലേക്ക് പോയാല്‍ സിനിമ വ്യവസായം തകരുമെന്നാണ് മന്ത്രി പറയുന്നത്.

മരയ്ക്കാറിന്റെ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ആന്റണി പെരുമ്പാവൂര്‍ നിലപാടില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതെന്ന്. മുന്‍പ് പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ആന്റണി പിന്‍വലിച്ചെന്നും യാതൊരു ഉപാധികളുമില്ലാതെയാണ് തിയേറ്റര്‍ റിലീസിന് തയ്യാറായതെന്നും നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത സുരേഷ് കുമാര്‍ പറഞ്ഞു.