വഴി മാറുന്ന 'അമ്മയുടെ മക്കള്‍'

ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയ തോല്‍വി 'അമ്മ'യില്‍ ഉയരാന്‍ പോകുന്ന എതിര്‍ സ്വരങ്ങളുടെ സൂചനയാണ് 

 
amma


മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പാനലില്‍ പൂര്‍ണമായും വിജയിച്ചു കയറുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റി(എഎംഎംഎ)ന്റെ ഭാരവഹി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി ഒദ്യോഗിക പക്ഷം മുന്നോട്ട് വെക്കുന്ന പാനലിനെ അംഗീകരിക്കുകയാണ് രീതി. എന്നാല്‍ അതിന് വിപരീതമായി ഇത്തവണ മത്സരം ഉണ്ടായി. എന്നാല്‍ പോലും  11 അംഗ എക്സിക്യൂട്ടീവിലേക്കും രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തന്നെയായിരുന്നു അവരുടെ കണക്കുകൂട്ടലും. എന്നാല്‍ ഒദ്യോഗിക പാനലിനെതരായി മത്സരിച്ച നാലില്‍ മൂന്നു പേരും വിജയിച്ചു. 

പതിവില്‍ നിന്ന് വിപരീതമായി മത്സരം ഉണ്ടായതും അതില്‍ തന്നെ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയ തോല്‍വിയും 'അമ്മ'യില്‍ സ്വീകരിച്ചു പോകുന്ന നിലപാടുകള്‍ക്കെതിരേ ഉയരാന്‍ പോകുന്ന എതിര്‍ സ്വരങ്ങളുടെ സൂചനയായാണ് വിലയിരുത്തുന്നത്. വരും വര്‍ഷങ്ങളില്‍ മോഹന്‍ലാല്‍ നിലവില്‍ നേതൃത്വം നല്‍കുന്ന പക്ഷത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാനുള്ള സാധ്യത കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

അപ്രതീക്ഷിതം തോല്‍വി

ഒദ്യോഗിക പക്ഷം മത്സരം ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജപ്പെട്ടതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷമ്മി തിലക്കന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. മുകേഷ്, ജഗദീഷ് എന്നിവരെ രാഷ്ട്രീയത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തി. എന്നാല്‍ മണിയന്‍പിള്ള രാജു, ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സരിച്ചു. ഇവര്‍ തോല്‍ക്കുമെന്ന് തന്നെയായിരുന്നു മോഹല്‍ലാലും സംഘവും പ്രതീക്ഷിച്ചതും. പക്ഷെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയന്‍പിള്ള രാജു വിജയിച്ചപ്പോള്‍ ഒദ്യോഗിക പാനലിലെ ആശ ശരത്ത് തോറ്റു. 

11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഒദ്യോഗിക പാനലിനെതിരായി മത്സരിച്ച വിജയ് ബാബു, ലാല്‍, നാസര്‍ ലത്തീഫ് എന്നിവരില്‍ വിജയ് ബാബുവും ലാലും ജയിച്ചു കയറി. ഹണി റോസ്, നിവിന്‍ പോളി എന്നിവര്‍ തോല്‍വി ഏറ്റുവാങ്ങി. ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മോഹന്‍ലാല്‍ പാനലില്‍ നിന്ന് ജയിച്ചത്. കൂടുതല്‍ പേര്‍ മത്സര രംഗത്തുണ്ടായിരുന്നുവെങ്കില്‍ ഇവരില്‍ പലര്‍ക്കും അടിപതറുമായിരുന്നുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

വിജയം ഉറപ്പിച്ച് വോട്ടെണ്ണിയപ്പോള്‍ നേരിട്ട തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം അറിയിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ മോഹന്‍ലാലിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. ' തിരഞ്ഞെടുപ്പല്ലേ.. അതില്‍ നമ്മള്‍ എന്ത് ചെയ്യാനാണ്' എന്നായിരുന്നു തന്റെ പാനലിലെ മൂന്നു പേരുടെ തോല്‍വിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ പറഞ്ഞത്. 


നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടന്ന ആദ്യ ഭാരവാഹി തെരഞ്ഞെടുപ്പ് കൂടിയാണിത്. അമ്മയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് രൂപീകരിക്കപ്പെട്ടത് താര സംഘട പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു. പിന്നീട് ഇവര്‍ക്കെതിരായ നിരന്തര വിമര്‍ശനങ്ങളും ഉയര്‍ന്നു. രൂപീകരിച്ച് 25 വര്‍ഷം പിന്നിട്ട സംഘടനയില്‍ ആദ്യമായാണ് എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയെന്നൊണം തെരഞ്ഞെടുപ്പില്‍ തോല്‍വിയുമെത്തി. വരും കാലത്ത് താര സംഘടന തങ്ങളുടെ വരുതിയില്‍ നില്‍ക്കില്ലെന്ന ഈ സൂചന അവരെ തെല്ലുമൊന്നുമല്ല അസ്വസ്ഥരാക്കുകയെന്ന് ഉറപ്പാണ്.

ദിലീപില്‍ പിഴയ്ക്കാന്‍ തുടങ്ങിയ ചുവടുകള്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെടുമ്പോള്‍ സംഘടനയുടെ എക്സിക്യൂട്ടിവ് അംഗമായിരുന്നു ദിലീപ്. നടിക്കെതിരായ ആക്രമണത്തിനെതിരായി സംഘടിപ്പിച്ച അമ്മയുടെ പ്രതിഷേധ പരിപാടിയില്‍ മുഴുവന്‍ സമയം ദിലീപ് നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു അറസ്റ്റും ജയില്‍ വാസവും. മറ്റു വഴികളില്ലാതെയായിരുന്നു സംഘടന അടിയന്തര യോഗം ചേര്‍ന്ന് സംഘടന അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. 
അതേസമയം ഇരയ്ക്കും പ്രതിയ്ക്കും വേണ്ടി, ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന നിലപാടാണ് താരം സംഘടന സ്വീകരിച്ചത്. ഇത് പ്രസിഡന്റ് മോഹന്‍ലാല്‍ തുറന്ന് പറയുകയും ചെയ്തു. ദിലീപിന്റെ പുറത്താക്കല്‍ ഒരു നാടകമാണെന്ന വിമര്‍ശനം ഉയരുകയും ചെയ്തു. 85 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനും അമ്മ തീരുമാനിച്ചു. അമ്മയുടെ ഇരട്ടത്താപ്പ് അറിയുന്ന ആര്‍ക്കും ഇതില്‍ അത്ഭുതമുണ്ടായില്ല. ഈ വിഷയത്തില്‍ അമ്മയില്‍ വലിയ എതിര്‍പ്പുകളും എതിര്‍ സ്വരങ്ങളും ഉയര്‍ന്നു. 

'ഇരുവരും അമ്മയുടെ മക്കളാണ്, ഇരുവരേയും ലക്ഷ്യം വയ്ക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. സംഘടന തകരുമെന്ന് കരുതരുത്, നാമെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. നിങ്ങള്‍ക്ക് പരമാവധി ശ്രമിക്കാം, പക്ഷേ ഞങ്ങള്‍ അവരെ ഒറ്റപ്പെടുത്തില്ല' എന്നായിരുന്നു ദിലീപിനെ സംരക്ഷിച്ച് കൊണ്ട് ആദ്യ ഘട്ടത്തില്‍ അന്ന് വൈസ് പ്രസിഡന്റായിരുന്ന എംഎല്‍എകൂടിയായ ഗണേശ്കുമാര്‍ പറഞ്ഞത്.
അമ്മയില്‍ നിന്ന് റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ രാജിവച്ചു. 'കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, അതിജീവിച്ച, അതില്‍ അംഗമായ ഒരാളെ കുറിച്ച് സംഘടന ചിന്തിച്ചില്ല' എന്ന വിമര്‍ശനം ഉന്നയിച്ചാണ് സംഘടന വിട്ടത്. സംഘടന വിട്ടവര്‍ സംഘടനയ്ക്ക് മരിച്ചവര്‍ക്ക് സമമാണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശവും പ്രതിഷേധത്തിന് ഇടയാക്കി. നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു. ഈ സംഭവങ്ങളെല്ലാം പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ അനുകൂലിക്കാന്‍ വേണ്ടി സ്വീകരിച്ച നടപടികളുടെ ഭാഗമായിരുന്നു.

വീണു അമ്മയിലെ ഡബ്ല്യൂസിസി വിരുദ്ധ മുഖം

താര സംഘടനയില്‍ നിന്ന് വിമന്‍ ഇന്‍ സിനിമ കളറ്റീവിനെ(ഡബ്ല്യൂസിസി)തിരെ നിലപാട് സ്വീകരിച്ചിരുന്നയാളാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നടി ഹണി റോസ്. ദിലീപിനെതിരായ കേസ് ഉണ്ടായ സമയത്ത് ഇരയ്ക്കും പ്രതിയ്ക്കുമൊപ്പം നില്‍ക്കുമെന്ന നിലപാട് അമ്മ സ്വീകരിച്ചപ്പോള്‍ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഹണി റോസ്. അമ്മയ്ക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധ വിമര്‍ശനങ്ങളെ സ്ത്രീകളെ ഉപയേഗിച്ച് ഞങ്ങള്‍ക്ക് പ്രശ്നങ്ങളില്ലെന്ന് വരുത്തി തീര്‍ക്കുന്ന രീതിയായിരുന്നു അമ്മയുടേത്. ഇതില്‍ മുന്നില്‍ നിന്നവരില്‍ ഒരാളായിരുന്നു ഹണി റോസ്. 
മലയാളത്തിലെ അഭിനേതാക്കളെ സംരക്ഷിക്കാന്‍ വേറെ വനിതകളുടെ സംഘടന വേണ്ടെന്ന് ഹണിറോസ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഡബ്ല്യൂസിസിയില്‍ അംഗമാകാതെയിരുന്ന താരം സംഘടനയ്ക്കെതിരായി പരസ്യ നിലപാടും സ്വീകരിച്ചിരുന്നു. 'തുടക്കത്തില്‍ ഞാന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്തിരുന്നു. പക്ഷെ ഇപ്പൊള്‍ അവരുടെ ഇടപെടലുകള്‍ പക്ഷപാതപരമാണ്. സിനിമ മേഖലയിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍, ഹെയര്‍ഡ്രെസ്സര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടിയൊന്നും ഒന്നും ചെയ്യുന്നില്ല. അവര്‍ എന്തേിങ്കിലും ചെയ്താല്‍ അപ്പോള്‍ അഭിനന്ദിക്കാം' 2018ല്‍ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 

നിലപാട് സ്വീകരിച്ച ലാലും വിജയ് ബാബുവും

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം വിഷയത്തില്‍ ഇടപ്പെട്ടയാളാണ് നടനും സംവിധായകനുമായ ലാല്‍. വിഷയം പൊലീസില്‍ അറിയിച്ചതടക്കമുള്ള നടപടികള്‍ സ്വീകരിച്ചത് ലാലായിരുന്നു. പേരിനുള്ള പിന്തുണ മാത്രം നല്‍കിയ അമ്മയുടെ നിലപാടിന് വിരുദ്ധമായി നടിക്കൊപ്പം ഉറച്ച് നിന്നയാളായിരുന്നു ലാല്‍. അതിനാല്‍ തന്നെ ലാലിന്റെ വിജയം അമ്മ സ്വീകരിക്കുന്ന നടപടികളില്‍ എതിര്‍പ്പുള്ളവരായി സംഘടനയില്‍ വലിയൊരു വിഭാഗമുണ്ടെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 

മലയാളത്തില്‍ ആദ്യമായി ഒടിടിയ്ക്ക്  സിനിമ നല്‍കിയ നിര്‍മാതാവാണ് വിജയ് ബാബു. പലപ്പോഴും കൃത്യമായി നിലപാട് സ്വീകരിക്കുകയും അത് മുഖത്ത് നോക്കി പറയുകയും ചെയ്യുന്ന ഒരാള്‍. ഇരുവരും എക്സുക്യൂട്ടിവിലേക്ക് വിജയിച്ചു. 

വര്‍ഷങ്ങളായി സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടും സംഘടന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാതെയിരുന്നതായാണ് മണിയന്‍പിള്ള രാജുവിനെ ചൊടിപ്പിച്ചതും മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചതും. '27 വര്‍ഷമായി അമ്മയിലുണ്ടെങ്കിലും ഞാന്‍ ഇതുവരെ മത്സരിച്ചിട്ടില്ല. ഇപ്പോള്‍ കൂടുതല്‍ ഒഴിവ് സമയമുണ്ട്. കമ്മിറ്റിയില്‍ ഒന്നും ഇല്ലെങ്കിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നില്‍ക്കണമെന്ന് തോന്നി. രണ്ട് സ്ത്രീകളായിരുന്നു മത്സരിക്കുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഞാനൊരിക്കലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല' മണിയന്‍പിള്ള രാജു പറഞ്ഞു.

തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി വിവാദങ്ങളും

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന മുകേഷിനെയും ജഗദീഷിനെയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നു പറഞ്ഞാണ് മാറ്റി നിര്‍ത്തിയത്. ഷമ്മി തിലക്കന്റെ നാമനിര്‍ദേശ പത്രിക തള്ളുകയും ചെയ്തിരുന്നു. ഇതെല്ലാം മത്സരമില്ലാതെ കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയില്‍ തെരഞ്ഞെടുപ്പ് ഉണ്ടായതിനു പിന്നാലെ ജയിക്കാനായി ഒദ്യോഗിക പക്ഷം വലിയ ശ്രമങ്ങളും നടത്തി. എതിരില്ലാതെ പ്രസിഡന്റായ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ തങ്ങളുടെ പാനലിലുള്ളവരെ ജയിപ്പിക്കാനായി വലിയ ശ്രമങ്ങള്‍ നടത്തി. ഇവിടെ മത്സരങ്ങളില്ല, മറിച്ച് സൗഹൃദാന്തരീക്ഷമാണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. മോഹന്‍ലാല്‍ പാനലിനെതിനെ നോമിനേഷന്‍ നല്‍കിയവരെ അപമാനിച്ചും അധിക്ഷേപിച്ചും നടനും ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന നടന്‍ സിദ്ദീഖ് രംഗത്ത് വന്നു.

'അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറയിളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല.അമ്മയുടെ തലപ്പത്ത് ഇരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനു വേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന മോഹനവാഗ്ദാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല.' എന്നാ.യിരുന്നു നടന്‍ സിദ്ദീഖിന്റെ ഫെയിസ്ബുക്ക് കുറിപ്പ്. നോമിനേഷന്‍ തള്ളിപോയ ഷമ്മി തിലകനെ ലക്ഷ്യമിട്ടായിരുന്നു അത്. 

തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പങ്കുവെച്ച സാധാരണ പ്രചരണ കുറിപ്പ് മാത്രമാണ് അതെന്നായിരുന്നു സിദ്ദീഖിന്റെ വിശദീകരണം. ഔദ്യോഗിക പാനല്‍ എന്ന രീതിയില്‍ എന്നൊന്നും മത്സരം ഉണ്ടായിരുന്നില്ല. ആദ്യം കുറച്ച് ആളുകളെ തീരുമാനിച്ചിരുന്നു. അതിനെതിരെ കുറച്ച് ആളുകള്‍ പിന്നീട് വന്നു. അപ്പോള്‍ നമ്മള്‍ പിന്തുണയ്ക്കുന്നവരുടെ പ്രചാരണത്തിന് വേണ്ടി ചെയ്ത കാര്യമാണ് അത്. വ്യക്തിപരമായി ആക്ഷേപിക്കലോ കുറ്റപ്പെടുത്തലോ അല്ല അത്. ചിലരുടെ പ്രസ്താവനകളും എടുത്ത് അതില്‍ പരാമര്‍ശിച്ചുവെന്ന് മാത്രമേയുള്ളുവെന്നും സിദ്ദീഖ് വിശദീകരിച്ചത്.