രാജ്യാന്തര റാക്കറ്റുകളുമായുള്ള ബന്ധം; ഷാരൂഖ് ഖാന്റെ മകന്‍ ആര്യനും സുഹൃത്തുക്കളും ഒക്ടോബര്‍ 7 വരെ എന്‍സിബി കസ്റ്റഡിയില്‍

 
aryan khan


ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരെ കോടതി ഒക്ടോബര്‍ ഏഴുവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയില്‍ വിട്ടു. ആര്യന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ എന്‍സിബി  ആര്യന്‍ ഖാനെ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വലിയതോതില്‍ ലഹരിവസ്തുക്കള്‍  വാങ്ങുന്നതിനെ കുറിച്ച് ആര്യന്‍ ഖാന്‍ സംസാരിക്കുന്ന ചാറ്റുകള്‍ കണ്ടെത്തി.  ചാറ്റുകളില്‍ ചില കോഡ് വാക്കുകളില്‍ ചിലരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇവര്‍ ആരാണെന്ന് കണ്ടെത്തണം. ചാറ്റുകളില്‍ അന്താരാഷ്ട്ര റാക്കറ്റുകളെ കുറിച്ചുള്ള സൂചനയും ഉണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. ആര്യന്‍ ഖാന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത അന്വേഷണ ഏജന്‍സി, നടി റിയാ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ട കേസിലെ വിധിയും കോടതിയെ ഓര്‍മ്മിപ്പിച്ചു. 

അതേസമയം തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് ആര്യന് വേണ്ടി ഹാജരായ അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെ
കോടതിയില്‍ വാദിച്ചു. കപ്പലിലെ മറ്റുള്ളവരില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിന്‍ഡെ പറഞ്ഞു. 

കപ്പലില്‍ നാര്‍കോട്ടിക് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ആര്യന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല, അവരുടെ നിര്‍ദ്ദേശം അനുസരിച്ച് പരിശോധനയ്ക്ക്  സഹകരിച്ചു. ആര്യന് ക്രിമിനല്‍ പശ്ചാത്തലമില്ല, അതിനാല്‍ എന്‍സിബി കസ്റ്റഡിയില്‍ നല്‍കരുതെന്നും സ്ഥിരീകരണമില്ലാതെ ഫോണില്‍ ചാറ്റുചെയ്യുന്നത് കുറ്റകരമല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്‍സിബിയുടെ റിമാന്‍ഡ് അപേക്ഷ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അര്‍ബാസിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. മൂന്ന് പ്രതികളില്‍നിന്നായി  അഞ്ച് ഗ്രാം ഹാഷിഷാണ് കണ്ടെടുത്തതെന്നും ആര്യനില്‍നിന്നാണ് ഇത് കണ്ടെടുത്തതെന്ന് റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും ഒക്ടോബര്‍ മൂന്നിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയതായാണ് റിപോര്‍ട്ടുകള്‍ പുറത്തു വന്നത്. കപ്പലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന.

ആര്യന്റെയും അര്‍ബാസിന്റെയും വാട്ആപ്പ് ചാറ്റുകളില്‍നിന്നാണ് എന്‍സിബി ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്.   ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിരുന്നു. ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയതെന്നാണ് എന്‍സിബി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ എന്‍സിബി. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍സിബി. ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരിപാര്‍ട്ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു. 

അതേസമയം  ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍സിബി. സംഘം തിങ്കളാഴ്ച വൈകിട്ടോടെ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലെത്തി പരിശോധന നടത്തി. കോര്‍ഡെലിയ ക്രൂയിസില്‍ യാത്രചെയ്തവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍സിബി. സംഘത്തിന്റെ തീരുമാനം. റെയ്ഡ് നടക്കുന്ന സമയം കപ്പലിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.