നെടുമുടി വേണു വിടവാങ്ങി; വേഷപ്പകര്‍ച്ചയില്‍ തിളങ്ങിയ അതുല്യ പ്രതിഭ 

 
Nedumudi Venu

നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലുമായി നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചു

അഞ്ച് പതിറ്റാണ്ടായി നാടകത്തിലും മലയാള സിനിമയിലുമായി നിറഞ്ഞുനിന്ന നടന്‍ നെടുമുടി വേണു (75) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. കോവിഡ് ബാധിച്ചിരുന്നതായും പിന്നാലെ ആരോഗ്യസ്ഥിതി മോശമാകുയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. മറ്റു ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. 

മലയാളം കണ്ട പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായിരുന്നു നെടുമുടി വേണു. നിരവധി നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലുമായി വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായുമൊക്കെയുള്ള വേഷപ്പകര്‍ച്ചയാല്‍ മലയാളത്തെ അത്ഭുതപ്പെടുത്തി. കോമഡി വേഷങ്ങള്‍ ചെയ്യുമ്പോള്‍ നെടുമുടി അടിമുടിയൊരു കോമേഡിയനാകും. ഓരോ കഥാപാത്രത്തിന്റെയും ഭാവങ്ങളിലും സംഭാഷണങ്ങളിലും അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശമുണ്ടായിരുന്നു. അതിലൂടെയാണ് നെടുമുടി മലയാള മനസിനെ കീഴ്‌പ്പെടുത്തിയത്. മലയാളത്തിനു പുറമേ തമിഴിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. ഒരു ചിത്രം സംവിധാനം ചെയ്തു. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും പ്രത്യേക ജൂറി പുരസ്‌കാരവും നേടിയിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയ മകനായി 1948 മെയ് 22നായിരുന്നു ജനനം. കെ. വേണുഗോപാലന്‍ എന്നാണ് യഥാര്‍ത്ഥ പേര്. എന്നാല്‍, നാടകത്തിനായി സ്വീകരിച്ച നെടുമുടി വേണു എന്ന പേരിലാണ് ശ്രദ്ധേയനായത്. നെടുമുടിയിലെ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പഠനകാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സ്വന്തമായി നാടകമെഴുതി സ്‌കൂളിലും നാട്ടിലുമൊക്കെ അവതരിപ്പിച്ചിരുന്നു. 

ആലപ്പുഴ എസ്ഡി കോളേജിലെ ബിരുദ പഠനത്തിനുശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. അതിനൊപ്പം പ്രൊഫഷണല്‍, അമച്വര്‍ നാടകങ്ങളിലും പ്രവര്‍ത്തിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയായിരുന്നു നെടുമുടിയുടെ സിനിമാപ്രവേശം. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത് നെടുമുടിയുടെ ജീവിതത്തിന് മുതല്‍ക്കൂട്ടായി. അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. ജയന്‍ മരിക്കുകയും മലയാാള സിനിമയില്‍ നവോത്ഥാാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നിയോഗം പോലെ നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. 1980ല്‍ പദ്മരാജന്റെ തകരയും ഭരതന്റെ ആരവവും നെടുമുടിയിലെ പ്രതിഭയുടെ വെളിപ്പെടുത്തലായി. പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നെടുമുടി മാറി. തിരക്കേറിയ സഹ നടന്മാരില്‍ ഒരാളായി മാറി.

പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രത്തില്‍ കാരണവരുടെ വേഷത്തിലായിരുന്നു നെടുമുടി. തന്റെ പ്രായത്തേക്കാള്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കേണ്ടിവരുന്ന കഥാപാത്രങ്ങള്‍ നെടുമുടിയുടെ കൈയില്‍ ഭദ്രമായി. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ദൂരദര്‍ശന്റെ പ്രതാപകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും സജീവമായി. വില്ലനും ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളുമൊക്കെ ഒരുപോലെ വഴങ്ങുന്ന അപൂര്‍വ പ്രതിഭകളില്‍ ഒരാളായി നെടുമുടി പേരെടുത്തു. 

പൂച്ചക്കൊരു മൂക്കുത്തി, ആലോലം, ചില്ല്, യവനിക, കോലങ്ങള്‍, ഒരിടത്തൊരു ഫയല്‍വാന്‍, അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുന്തച്ചന്‍, ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്‌നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദര കില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും എന്നിങ്ങനെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിലും വേഷമിട്ടു.  

മൊഗാമല്‍, ഇന്ത്യന്‍, അന്യന്‍, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സര്‍വ്വം താളമയം, ഇന്ത്യന്‍ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളില്‍ വേഷമിട്ടു. ചോര്‍ രഹേന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പാച്ചി എന്ന അപരനാമത്തില്‍ നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കി. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണകഥ, സവിധം, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രവും സംവിധാനവും ചെയ്തു. 

1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003ല്‍ മാര്‍ഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും നേടി. 2007ല്‍ സൈറയില്‍ അഭിനയത്തിന് സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. സത്യന്‍ പുരസ്‌കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്‌കാരം, ബഹദൂര്‍ പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, സെര്‍വ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 

ടി.ആര്‍ സുശീലയാണ് ഭാര്യ. മക്കള്‍; കണ്ണന്‍, ഉണ്ണി