'എല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ ജനം തല്ലിക്കൊല്ലും': പള്‍സര്‍ സുനിയുടെ കത്തില്‍ ദിലീപിനെതിരേ ഗുരുതരാരോപണങ്ങള്‍
 

നടി ആക്രമിക്കപ്പെട്ടത് ദിലീപിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന തരത്തിലാണ് കത്തിലെ ആരോപണങ്ങള്‍
 
Dileep Pulsur Sunil

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ എഴുതിയ കത്ത് പുറത്ത്. കേസിലെ പ്രതിയായ നടന്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്. 2018  മേയ് 17 ന് എഴുതിയിരിക്കുന്ന കത്ത് സുനി അമ്മയുടെ കൈവശം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ആ കത്താണെന്നാണ് പറയുന്നത്.

നടി ആക്രമിക്കപ്പെട്ടത് ദിലീപിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന തരത്തിലാണ് കത്തിലെ ആരോപണങ്ങള്‍. ദിലീപ് തന്നെ ചതിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കത്തിലൂടെ സുനി ആരോപിക്കുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതും കത്തില്‍ പറയുന്നുണ്ട്. 

എനിക്ക് എന്തു ശിക്ഷ കിട്ടിയാലും പരിഭവമോ പരാതിയോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അതെനിക്കു വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്നു വര്‍ഷം മുമ്പുള്ള കാര്യം ഞാന്‍ പുറത്തു പറഞ്ഞാല്‍ ജനം ആരാധിക്കുകയല്ല തല്ലിക്കൊല്ലും എന്ന് മറക്കണ്ട' എന്നാണ് കത്തില്‍ ദിലീപിനോടുള്ള മുന്നറിയിപ്പുപോലെ പള്‍സര്‍ സുനി എഴുതിയിരിക്കുന്നത്. പൊലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടും ദിലീപിനെ കുറിച്ച് തങ്ങള്‍ ഒന്നും പറഞ്ഞില്ലെന്നും, എന്നാല്‍ തിരിച്ച് ചതിയാണ് ദിലീപ് തങ്ങളോട് ചെയ്തതെന്നുമാണ് പള്‍സര്‍ സുനിയുടെ പരാതി. ' യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനോടുള്ള സ്‌നേഹത്താല്‍ മുരളുകയും കുരയ്ക്കുകയും ചെയ്യും. പക്ഷേ, അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍, ഒന്നിനും പറ്റില്ല എന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്നു പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം' എന്നു പറഞ്ഞാണ് പേര് വയ്ക്കാത്ത കത്ത് അവസാനിക്കുന്നത്.

പ്രസ്തുത കത്തില്‍ മറ്റ് ചില ഗുരുതര ആരോപണങ്ങളും ദിലീപിനെതിരെയുണ്ട്. സെക്‌സ് റാക്കറ്റുമായി ദിലീപിനും മലയാളത്തിലെ മറ്റ് ചില നടന്മാര്‍ക്കും ബന്ധമുണ്ടെന്നാണ് ആരോപണം. അമ്മ സംഘടനയിലെ ഭാരവാഹികളായവരെയാണ് പരോക്ഷമായി പരാമര്‍ശിച്ചിരിക്കുന്നത്. ' അമ്മ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ പുറത്തു പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണെന്നും പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്തു വന്നാല്‍ എന്ന കാര്യവും എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഒന്നു കൂടി ഓര്‍ത്താല്‍ നന്നായിരിക്കും' -കത്തില്‍ പറയുന്ന താക്കീതാണ്.

നടന്‍ സിദ്ദീഖിനെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ' അമ്മ എന്ന സംഘടന ചേട്ടന്‍ എന്തു ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ധിഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ധിഖ് ഓടി നടന്നത്. അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന്‍ വളരെ വിശദമായി അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ?- കത്തിലെ വരികളാണ്.

മഞ്ജു വാര്യരെ കേസില്‍ മനപൂര്‍വം കുടുക്കാന്‍ ദിലീപ് ശ്രമിച്ചെന്ന ആരോപണവും കത്തിലുണ്ട്.' അനൂപ് ബാബു സാറിനെ കണ്ടതും ബാബുസാര്‍ മാര്‍ട്ടിനോട് മഞ്ജുവിനെയും ശ്രീകുമാറിനെയും ഈ കേസിലേക്ക് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ വിളിച്ചു പറഞ്ഞ് ഉള്‍പ്പെടുത്താന്‍ പറഞ്ഞതും, മാര്‍ട്ടിന്‍ കോടതിയില്‍  എഴുതി കൊടുത്തതും ഞാനറിഞ്ഞു. ഒന്നും ഇല്ലാത്ത ,സമയത്ത് കൂടെകൂടി എല്ലാം നേടി പവറും പദവിയും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു'.