'ഫാന്റം ഹോസ്പിറ്റല്‍'; ജോസി ജോസഫിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ ബോളിവുഡിലേക്ക്

 
Phantom Hospital

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ഇന്ത്യയിലെ ആരോഗ്യ മേഖലയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ സിനിമയാകുന്നു. 'ഫാന്റം ഹോസ്പിറ്റല്‍' എന്ന പേരില്‍ ബോളിവുഡിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ മഹേഷ് നാരായണനാണ് സംവിധാനം. മഹേഷ് നാരായണന്റെ ബോളിവുഡ് എന്‍ട്രി കൂടിയായിരിക്കും 'ഫാന്റം ഹോസ്പിറ്റല്‍'. മഹേഷും ആകാശ് മൊഹിമെനും ചേര്‍ന്നാണ് തിരക്കഥ. തല്‍വാര്‍, റാസി, ബദായി ഹോ എന്നീ സിനിമകള്‍ നിര്‍മിച്ച പ്രീതി ഷഹാനിയുടെ ടസ്‌ക് ടേല്‍ ഫിലിംസും ജോസി ജോസഫിന്റെ കോണ്‍ഫ്ളുവന്‍സ് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി, ജോസി ജോസഫ് രണ്ട് വര്‍ഷത്തിലേറെ ഇന്ത്യയിലെ ആതുര സേവന മേഖലയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. എഴുത്തുകാരന്‍ ഭാവനയില്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ വിശ്വസനീയവും യാഥാര്‍ത്ഥ്യമുള്ള നിരവധി കഥകള്‍ ഇന്ത്യയിലുണ്ടെന്ന് 'അഴിമുഖം' എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ജോസി ജോസഫ് പറയുന്നു. വിഷ്വല്‍ സ്റ്റോറിടെല്ലിംഗിലൂടെ അത്തരം കഥകള്‍ പ്രേക്ഷകരിലെത്തുന്നത് കുറവാണ്. ഫാന്റം ഹോസ്പിറ്റല്‍ അത്തരമൊരു ശ്രമമാണ്. മഹേഷിന്റെ തിരക്കഥയില്‍ ഒരു പാത്ത് ബ്രേക്കിംഗ് സിനിമയായി അത് പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജോസി ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഡ്രാമാറ്റിക് ത്രില്ലറായിരിക്കും ചിത്രമെന്ന് പ്രീതി ഷഹാനി പറയുന്നു. നമ്മള്‍ അറിയാതെ ഇരകളായി മാറുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്തെ ആരോഗ്യ മേഖലയിലുണ്ട്. അതിനെക്കുറിച്ച് ജനങ്ങളില്‍ ജാഗ്രത തീര്‍ക്കാന്‍ ഈ സിനിമക്ക് സാധിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ജോസി ജോസഫ് കൂടി സിനിമയുടെ ഭാഗമാകുമ്പോള്‍ രാജ്യത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ സിനിമയിലൂടെ പുറത്തുവരും. മഹേഷ് നാരായണന്‍ ചെയ്ത സിനിമകള്‍ക്ക് പാന്‍ ഇന്ത്യന്‍ സ്വഭാവത്തില്‍ ലഭിച്ച സ്വീകാര്യതയാണ് മഹേഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാരണമായതെന്നും ഷഹാനി കൂട്ടിച്ചേര്‍ത്തു. 

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് മഹേഷ് ഫാന്റം ഹോസ്പിറ്റല്‍ സംവിധാനം ചെയ്യുന്നത്. കമല്‍ഹാസന്റെ തിരക്കഥയില്‍ തേവര്‍ മഗന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും മഹേഷാണ്.