രാഷ്ട്രീയ സ്വാധീനമുള്ള ബിസിനസുകാരന്‍; 'വി ഐ പി പ്രതി'യെ തിരിച്ചറിഞ്ഞു!

ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനാണെന്നും പല കോണ്‍ഗ്രസ് നേതാക്കളുമായി ഇയാള്‍ക്ക് അടുത്തബന്ധം ഉണ്ടെന്നും വിവരം

 
dileep-vip

നടി ആക്രമിക്കപ്പെട്ട കേസിലെ അജ്ഞാത വി ഐ പി യെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം കിട്ടിയതായി സൂചന. ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ലെങ്കിലും കോട്ടയം സ്വദേശിയായ ഒരു പ്രവാസി വ്യവസായിയാണ് ബാലചന്ദ്ര കുമാര്‍ പറയുന്ന വി ഐപി എന്നാണ് പുറത്തു വരുന്ന വിവരം.  ബാലചന്ദ്രകുമാറും ഇയാളെ തിരിച്ചറിഞ്ഞതായാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ ഈ അജ്ഞാതന്‍ പക്ഷേ ഇതുവരെ പൊലീസിന്റെ വലയില്‍ ആയിട്ടില്ലെന്നാണ് വിവരം. പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇദ്ദേഹം മുങ്ങിയെന്നാണ് പറയുന്നത്. അതേസമയം, അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ശബ്ദസാമ്പിളുകള്‍ ബാലചന്ദ്രകുമാറിനെയും കേള്‍പ്പിക്കും. സ്ഥിരീകരണത്തിനുവേണ്ടിയാണിത്.

അജ്ഞാത വി ഐ പി യെ കണ്ടെത്താനായാല്‍ അന്വേഷണ സംഘത്തിന് വലിയ നേട്ടമാണ്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നത് മാത്രമല്ല ഇയാള്‍ക്കെതിരേയുള്ള കുറ്റം. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തി കൈമാറിയത് ഇയാളാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദൃശ്യങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു താന്‍ ആദ്യമായി ഇദ്ദേഹത്തെ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ഇയാളെ ദിലീപ് അടക്കം വീട്ടിലുള്ളവരെല്ലാം ബഹുമാനത്തോടെയാണ് സ്വീകരിച്ചതെന്നും പിറ്റേദിവസം പുലര്‍ച്ചെയുള്ള ഫ്ളൈറ്റിന് പോകണമെന്ന് ഇയാള്‍ പറയുന്നുണ്ടായിരുന്നുവെന്നും ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലുണ്ട്. ദിലീപിന്റെ സഹോദരിയുടെ മകന്‍ ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്നു പറയുന്നതു കേട്ടിരുന്നുവെന്നും ആ പേര് പ്രസ്തുത വി ഐ പിയോടെതാണോ, അതോ അയാള്‍ക്കൊപ്പം വന്ന മറ്റൊരാളുടെതാണോയെന്ന് സംശയമുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. കൂടെ വന്നയാള്‍ പുറത്ത് തന്നെ നില്‍ക്കുകയായിരുന്നുവെന്നും ഒരുപക്ഷേ അയാളെ കണ്ടായിരിക്കാം ശരത് അങ്കിള്‍ വന്നുവെന്ന് സഹോദരിയുടെ മകന്‍ പറഞ്ഞതെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. അകത്തുവന്നയാള്‍ ദിലീപിന് തന്റെ ടാബ്ലെറ്റ് നല്‍കിയിരുന്നു. തന്നെ അയാള്‍ സംശയത്തോടെ നോക്കിയപ്പോള്‍ ബാലു നമ്മുടെയാളാണെന്ന് ദിലീപാണ് പറഞ്ഞതെന്നും ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോ് നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, വി ഐ പി യെ കാവ്യ മാധവന്‍ ഇക്ക എന്നാണ് സംബോധന ചെയ്തിരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റാന്‍ വേണ്ടി ഒരു സംസ്ഥാന മന്ത്രിയോട് ഇയാള്‍ സംസാരിച്ചിരുന്നതായി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലുണ്ട്. അതേസമയം, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇയാള്‍ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനാണെന്നും പല കോണ്‍ഗ്രസ് നേതാക്കളുമായി ഇയാള്‍ക്ക് അടുത്തബന്ധം ഉണ്ടെന്നുമാണ്. വലിയ സ്വാധീനമുള്ളയാളായിരുന്നു അന്ന് ദിലീപിന്റെ വീട്ടില്‍വന്നതെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് ഈ വാര്‍ത്തകള്‍ വരുന്നത്. ഉന്നതരാഷ്ട്രീയ ബന്ധങ്ങളും ഇന്ത്യക്ക് അകത്തും പുറത്തും ബിസിനസുകളുമുള്ള ഒരു കരുത്തന്‍ ദിലീപിനെ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നുവെന്ന കണക്കൂകൂട്ടലിലാണ് അന്വേഷണ സംഘവും വി ഐ പിയെ തേടിയിറങ്ങിയിരിക്കുന്നത്.