നീലചിത്ര നിര്‍മ്മാണം: രാജ് കുന്ദ്രയ്‌ക്കെതിരെ കുറ്റപത്രം, കുന്ദ്ര  ചെയ്തിരുന്നതെന്തെന്ന് അറിയില്ലെന്ന് ശില്‍പ്പ ഷെട്ടി

 
shilpa

വിവാദമായ നീലചിത്ര നിര്‍മ്മാണ കേസില്‍ വ്യവസായി രാജ് കുന്ദ്രയ്ക്കും കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഐടി മേധാവി റയാന്‍ തോര്‍പ്പിനുമെതിരെ മുംബൈ ക്രൈംബ്രാഞ്ച് 1,467 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദ്രയുടെ ഭാര്യാസഹോദരന്‍ പ്രദീപ് ബക്ഷി അടക്കം മറ്റ് രണ്ടുപേര്‍ ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുന്ദ്രയുടെ ഭാര്യ ശില്‍പ ഷെട്ടിയുടെ മൊഴിയടക്കം  43 പേരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

കേസിലെ ആദ്യ അനുബന്ധ കുറ്റപത്രമാണിത്, ഈ വര്‍ഷം ഏപ്രിലില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവില്‍ പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിര്‍മാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. കേസില്‍ അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പെടെ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിലാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായത്. 

കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് കുന്ദ്രയെന്നാണ് സൂചന. അന്ധേരിയിലെ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത ഇമെയിലുകളും കുന്ദ്രയും മറ്റ് പ്രതികളും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകളും 24 ഹാര്‍ഡ് ഡിസ്‌കുകളുടെ വിശദാംശങ്ങളും പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍, ഹോട്ട്ഷോട്ട്‌സ് ആപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിശദാംശളും ഉള്‍പ്പെടുന്നു. 

പൊലീസിന്റെ കേസ് അനുസരിച്ച് കെന്റിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന യുകെ ആസ്ഥാനമായുള്ള കമ്പനി ഹോട്ട്ഷോട്ട്‌സ് ആപ്പ് സ്വന്തമാക്കിയിരുന്നു, അന്വേഷണത്തില്‍ വിയാന്‍ ഇന്‍ഡസ്ട്രീസ് വഴി കുന്ദ്ര ആപ്പ് കൈകാര്യം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. കുന്ദ്രയുടെ കമ്പനിയായ ആംസ് പ്രൈം മീഡിയ ലിമിറ്റഡ് 'സോഷ്യല്‍ മീഡിയയില്‍ അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്ത് പണം സമ്പാദിക്കാന്‍' കുന്ദ്രയുടെ ബന്ധു പ്രദീപ് ബക്ഷിയുടെ ഉടമസ്ഥതയിലുള്ള കെന്റിന്‍ പ്രൈവറ്റ് ലിമിറ്റഡിന് 'ഹോട്ട്ഷോട്ട്‌സ് ആപ്പ്' വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്തതായി ആരോപണമുണ്ട്. വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ജീവനക്കാര്‍ ഹോട്ട്ഷോട്ട് ആപ്പ് നിയന്ത്രിക്കുകയും കെന്റിന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പ്രതിഫലം വാങ്ങുകയും ചെയ്തതിനാല്‍ കുന്ദ്രയുടെ സജീവ പങ്ക് വെളിപ്പെട്ടതായി പോലീസ് അവകാശപ്പെടുന്നുണ്ട്.

അതേസമയം താന്‍ ജോലി തിരക്കുള്ള വ്യക്തിയാണെന്നും തന്റെ ഭര്‍ത്താവ് രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്നുമാണ് ശില്‍പ ഷെട്ടിയുടെ മൊഴി. '2015ലാണ് കുന്ദ്ര വിയാന്‍ ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വരെ ഞാനും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചു' -ശില്‍പയുടെ മൊഴിയില്‍ പറയുന്നു. അശ്ലീല റാക്കറ്റുമായി ബന്ധപ്പെട്ട 'ഹോട്ട്ഷോട്ടുകള്‍' അല്ലെങ്കില്‍ 'ബോളിഫെയിം' എന്നീ വിവാദ ആപ്പുകളെക്കുറിച്ച് അറിയില്ലെന്ന് ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞു. 

ഉള്ളടക്കം 'അശ്ലീലമെന്ന്' തരംതിരിക്കാമെങ്കിലും അശ്ലീലമല്ലെന്നും നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ സമാനമായ മെറ്റീരിയല്‍ ലഭ്യമാണെന്നും രാജ് കുന്ദ്ര കോടതിയില്‍ വാദിച്ചു. അശ്ലീലസാഹിത്യം സ്വകാര്യമായി കാണുന്നത് നിയമപരമാണെങ്കിലും 'അശ്ലീലവസ്തുക്കള്‍' പ്രസിദ്ധീകരിക്കുന്നതിനും കൈമാറുന്നതിനും എതിരായ നിയമങ്ങള്‍ ഇന്ത്യയില്‍ ശക്തമാണ്. രാജ് കുന്ദ്രയും സഹോദരനും ചേര്‍ന്ന് യുകെ ആസ്ഥാനമായുള്ള കമ്പനി സ്ഥാപിക്കുകയും ആ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതിനാല്‍ ഇന്ത്യന്‍ സൈബര്‍ നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് പോലീസ് ആരോപിക്കുന്നു.

സിനിമകളില്‍ അവസരം കിട്ടാന്‍ കാത്തിരുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെയാണ് നീലച്ചിത്ര നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും ഈ ദൃശ്യങ്ങള്‍ വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും അപ് ലോഡ് ചെയ്ത് രാജ് കുന്ദ്ര അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നുത്.