ദിലീപിനെതിരായ വെളിപ്പെടുത്തല്‍; ചോദ്യങ്ങളുമായി ഡബ്ല്യുസിസി

സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് ദിലീപിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്
 
 
dileep


നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെതിരേ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരോ പൊലീസോ ഗൗരവമായി എടുക്കുന്നില്ലെന്ന പരാതിയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി). മാധ്യമങ്ങളിലൂടെ പുറത്തുവന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സംസ്ഥാനത്തെ നീതിനിര്‍വ്വഹണ സംവിധാനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമോ എന്ന ചോദ്യമാണ് ഡബ്ല്യുസിസി ഉയര്‍ത്തിയിരിക്കുന്നത്. സംവിധായകന്റെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പല നിയമവിരുദ്ധ പ്രവര്‍ത്തികളും ചെയ്തിട്ടുണ്ടെന്നാണെന്നും ഡബ്ല്യുസിസി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞിട്ടും സംവിധായകന്‍ ബാലചന്ദ്ര കുമാറിന് സംരക്ഷണം നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തതിനെയും വിമന്‍ കളക്ടീവ് വിമര്‍ശിക്കുന്നുണ്ട്.

ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:  'മാധ്യമങ്ങളിലൂടെ പുറത്തുവന്ന  ശ്രീ ബാലചന്ദ്രകുമാറിന്റെ  വെളിപ്പെടുത്തലുകള്‍ നമ്മുടെ സംസ്ഥാനത്തെ നീതിനിര്‍വ്വഹണ സംവിധാനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ  നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമോ? ഇന്റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കില്‍ കുറ്റ ആരോപിതന്‍ കൈക്കൂലി നല്‍കുന്നതും നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ? 

ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, തന്റെ ജീവന്‍ അപകടത്തിലാണെന്ന് സ്വയം  സര്‍ക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ്  ഉറപ്പാക്കിയിട്ടുള്ളത്? എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങള്‍ക്ക് അവശ്യം വേണ്ട ശ്രദ്ധ നല്‍കി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല? നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘര്‍ഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോള്‍ തന്നെ, ഇത്തരം സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളില്‍ സത്യം അറിയിയുന്നതിന്  ചോദ്യങ്ങള്‍ ചോദിക്കുകയും മറുപടി കണ്ടെത്തുകയും  ചെയ്യേണ്ടത് അനിവാര്യമാണെന്ന്ഞങ്ങള്‍ കരുതുന്നു

'. 

ബലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയമോപദേശം തേടാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതായാണ് വിവരം. ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ടെന്നറിയുന്നു. ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളായിരുന്നു ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബാലചന്ദ്ര കുമാര്‍ നടത്തിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നുണ്ട്. ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്ന പേരില്‍ ബാലചന്ദ്ര കുമാര്‍ പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സ്വന്തം വീട്ടില്‍ വച്ച് ദിലീപും സഹോദരന്‍ അനൂപും, സഹോദരി ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കണ്ടതിനും താന്‍ സാക്ഷിയാണെന്നും, നടന്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒരു വി ഐ പി യാണ് പ്രസ്തുത ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. വീഡിയോ കാണുന്നതിനു മുമ്പായി പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോ എന്ന് എല്ലാവരോടുമെന്നുപോലെ ദിലീപ് ചോദിച്ചിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചാനലുകളോട് പ്രതികരിച്ചിരുന്നു.

ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടുണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമുണ്ടെന്ന കാര്യം പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ഭാഗത്ത് നിന്നും പലതരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നുണ്ട്. അറസ്റ്റിലാകുന്നതിനു മുമ്പും ഇക്കാര്യത്തിനുവേണ്ടി ദിലീപ് നിരന്തരം വിളിക്കുമായിരുന്നു. പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്നു പുറത്തു വന്നാല്‍ തനിക്ക് ജാമ്യം കിട്ടുന്നതിന് തടസമായേക്കുമെന്ന ഭയം ദിലീപിനുണ്ടായിരുന്നു. ജാമ്യം കിട്ടിയശേഷവും ഇതേകാര്യത്തിനു വേണ്ടി വിളിച്ചിരുന്നു. പള്‍സര്‍ സുനിയുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ബന്ധുക്കളും തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. 2016 ല്‍ താന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനോടും പള്‍സര്‍ സുനിയോടുമൊപ്പം കാറില്‍ സഞ്ചരിച്ചിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഇത്രയധികം പൈസ ബസില്‍ കൊണ്ടുപോകുന്നത് സുരക്ഷിതമാണോയെന്ന് സുനിയോട് അനൂപ് ചോദിച്ചിരുന്നതായും സംവിധായകന്‍ ഓര്‍ക്കുന്നുണ്ട്. എല്ലാത്തിനും തെളിവുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദലീപിന് അനുകൂലമായി സാക്ഷികള്‍ കൂറുമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ വളരെ നിര്‍ണായകമാണ്. വിചാരണ കോടതിക്കെതിരേ തന്നെ ആക്രമത്തിനിരയായ നടിയും സര്‍ക്കാരും പരാതികള്‍ ഉയര്‍ത്തിയിട്ടുമുണ്ട്. കേസ് അട്ടിമറിക്കാന്‍ ദിലീപിന്റെ ഭാഗത്തു നിന്നും ശക്തമായ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നാണ് മറുവാദത്തിന്റെ ആരോപണം. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. നേരത്തെ, ദിലീപിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന പല സാക്ഷികളും നടന് അനുകൂലമായി കളം മാറ്റി ചവിട്ടിയിരുന്നു. താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടന്‍ സിദ്ദീഖ്, നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, കാവ്യ മാധവന്‍ തുടങ്ങിയവരൊക്കെ ദിലീപിന് അനുകൂലമായി വിചാരണ കോടതിയില്‍ മൊഴി മാറ്റിയവരാണ്. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി എഎംഎംഎയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി. വിചാരണ കോടതയില്‍ എത്തിയപ്പോള്‍, അങ്ങനെയൊരു പരാതി നല്‍കിയതായി ഓര്‍മയില്ലെന്നായിരുന്നു ബാബുവിന്റെ മൊഴി. 2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ദിലീപ് കണ്ട കാര്യം അറിയാമെന്നു പൊലീസിനോടു പറഞ്ഞ ബിന്ദു പണിക്കരും കോടതിയിലെത്തിയപ്പോള്‍ അക്കാര്യം നിഷേധിച്ചു. എഎംഎംഎയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായതായി സിദ്ദിഖും ഭാമയും നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം കോടതിയില്‍ സ്ഥിരീകരിക്കാന്‍ തയ്യാറായില്ല.