ശാരദയോടാണ്; സിനിമ ഒരു തൊഴിലാണ്, അതങ്ങനെ ഇട്ടിട്ടുപോകാന്‍ വയ്യെങ്കിലോ?

21 ആം വയസില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നൊരു അഭിനേത്രി നമുക്കുണ്ടായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടായിരുന്നില്ല ആ പെണ്‍കുട്ടി മരണം തെരഞ്ഞെടുത്തത്. സിനിമയില്‍ നിന്ന എട്ടുവര്‍ഷത്തിനകം മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളിലായി വളരെ തിരക്കുള്ളൊരു അഭിനേത്രിയായിരുന്നു. ആ കാലത്തിനിടയില്‍ എഴുപതോളം ചിത്രങ്ങള്‍ വിവിധ ഭാഷകളിലായി അഭിനയിച്ചു. തെന്നിന്ത്യയില്‍ വലിയൊരു ആരാധകവൃന്ദം അവള്‍ക്കുണ്ടായിരുന്നു. എന്നിട്ടും അവള് ജീവിതം അവസാനിപ്പിച്ചു; അത്രയ്ക്ക് മടുത്തുപോയതുകൊണ്ട്. എല്ലാം അവസാനിപ്പിക്കുന്നതിനു കുറച്ചുനാള്‍ മുമ്പ്, അക്കാലത്തെ ഒരു പ്രമുഖ സിനിമ വാരികയുടെ പത്രാധിപരോട് കണ്ണീരോടെ പറഞ്ഞത്, ഒരു ദിവസം മൂന്നും നാലും പേരെ സഹിക്കാന്‍ കഴിയുന്നില്ല' എന്നായിരുന്നു. അവള് അനുഭവിക്കുന്ന വേദനയുടെ മൊത്തം ആഴവും ആ വാചകത്തിലുണ്ടായിരുന്നു. അവള് നിസ്സഹായയായിരുന്നു, സഹായത്തിനും ആരുമുണ്ടായിരുന്നില്ല. തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന ഒരേയൊരു മാര്‍ഗം എന്ന നിലയിലായിരിക്കണം, മരണം അവള് തെരഞ്ഞെടുത്തത്.

ആ അഭിനേത്രി ആരായിരുന്നുവെന്നും അവരുടെ ആത്മഹത്യയ്ക്കു പിന്നിലെ കാരണങ്ങള്‍ എന്തായിരുന്നുവെന്നും വായനക്കാര്‍ക്ക് മനസിലായിക്കാണും. ആര്‍ക്കും തന്നെ മനസിലായില്ലെങ്കിലും ബഹുമാന്യയായ 'ഉര്‍വശി' ശാരദയ്ക്ക് ആ പെണ്‍കുട്ടിയെയും അവള് അനുഭവിച്ചതെന്തൊക്കെയായിരുന്നുവെന്നും തീര്‍ച്ചയായും അറിയും. കാരണം, അവര്‍ ഒരേ കാലത്ത് മലയാളം സിനിമ ഇന്‍ഡസ്ട്രയില്‍ പ്രവര്ത്തിച്ചിരുന്നുവരാണല്ലോ! ആ പെണ്‍കുട്ടിയുടെ മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകരായിരുന്നു പല സ്ത്രീകളും സിനിമലോകത്ത് നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ശാരദയ്ക്ക് അറിയാമായിരിക്കും. ഒരുപക്ഷേ അവരും പലതും നേരിട്ടുണ്ടാകാം. എത്രയോ അഭിനേത്രികള്‍ രക്ഷപ്പെടലെന്നപോലെ ജീവിതം അവസാനിപ്പിച്ചു. ചിലര്‍ ആത്മഹത്യ ചെയ്തില്ല. പകരം, എല്ലാം വിട്ടെറിഞ്ഞ് എങ്ങോട്ടോ പോയി. വളരെ ചുരുക്കം ചിലര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും തെറ്റുകാരെ ചോദ്യം ചെയ്തും അവിടെ തന്നെ നിലനിന്നു. എന്തുകൊണ്ട് ഇതൊക്കെ ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നുവെന്നു ചോദിച്ചാല്‍, ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സൗത്ത് റാപ്പ് ഓണ്‍ലൈന്‍ ശാരദയുമായി നടത്തിയ സംഭാഷണത്തില്‍, ശാരദയുടെതായ ചില വാചകങ്ങള്‍ കേട്ടതുകൊണ്ടാണ്.
കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?
അവര്‍ പറയുന്നത് ചില കാര്യങ്ങള്‍ ഇപ്രകാരമാണ്; 'സെക്ഷ്വല്‍ ഹരാസ്മെന്റ് സിനിമയില്‍ മാത്രമല്ല, ഓഫീസുകളില്‍ ഇല്ലേ? എത്ര ബോറായിട്ടാണ് ഓഫിസുകളില്‍ ആളുകള്‍ പെരുമാറുന്നത്. സിനിമയിലെ പ്രശ്നങ്ങളെ മാത്രം ഹൈലൈറ്റ് ചെയ്യുന്നതില്‍ കാര്യമില്ല. ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലംതൊട്ടുള്ളതാണ് ലൈംഗിക ചൂഷണം. പക്ഷേ, ഞങ്ങളത് പുറത്തു പറയില്ലായിരുന്നു, ഇവര്‍ പറയുന്നുണ്ട്. എന്നാലും അന്ന് ഇത്ര മോശമായിരുന്നില്ല അവസ്ഥ. പക്ഷേ, ഞങ്ങള്‍ പറയില്ലായിരുന്നു. സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ഇതുണ്ട്. ഇനി നിങ്ങള്‍ക്ക് സിനിമ ഇഷ്ടമില്ലെങ്കില്‍ അതുപക്ഷേച്ച് വേറെ ജോലിക്ക് പോവുക. എന്തിനാണ് ഈ ചീത്ത സ്ഥലത്ത് സിനിമ സിനിമ എന്നു പറഞ്ഞു നില്‍ക്കുന്നത്'.
എത്രമാത്രം സ്ത്രീവിരുദ്ധവും സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ തീര്‍ത്തും നിസ്സാരവത്കരിക്കുന്നതുമായ നിലപാടാണ് ശാരദയുടേത്. ഒരു അഭിനേത്രിയായി നിന്നല്ല അവരിതൊക്കെ പറയുന്നതെന്നും ഓര്‍ക്കണം. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ജസ്റ്റീസ് ഹേമ കമ്മീഷനിലെ അംഗമാണവര്‍. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതിനു പിന്നാലെ, 2017 മേയ് 17-ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി കമ്മീഷനെ നിയോഗിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ജസ്റ്റിസ് ഹേമ കമ്മീഷന്റെ നിയമനം. ആറുമാസത്തെ കാലവാധിയില്‍ നിയോഗിക്കപ്പെട്ട കമ്മിഷന് രണ്ടു വര്‍ഷമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതുവരെ ആ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. എങ്കിലോ, ഈ കാലത്തിനിടയില്‍ എത്രയോ ലൈംഗികാതിക്രമ പരാതികള്‍ പുറത്തു വന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു പെണ്‍കുട്ടി നീതിക്കുവേണ്ടി അലഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് ശാരദ വാക്കുകള്‍ അസ്സഹനീയമായി തോന്നുന്നത്.
ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല
ഒന്നുകില്‍ എല്ലാം സഹിച്ചു നില്ക്കുക, അല്ലെങ്കില്‍ ഇട്ടിട്ടുപോവുകയെന്നുള്ള സ്റ്റേറ്റ്മെന്റാണ് ശാരദയോട് ഇതുവരെയുണ്ടായിരുന്ന എല്ലാ ബഹുമാനങ്ങളും ഇല്ലാതാക്കുന്നത്. ' അവള് എന്തിനാണ് രാത്രിയില്‍ ബസില്‍ പോകാന്‍ പോയത്, അതുകൊണ്ടല്ലേ പീഡിപ്പിക്കപ്പെട്ടത്' എന്ന് നിര്‍ഭയ സംഭവത്തില്‍ ചിലര്‍ ചോദിച്ചിരുന്നു. അതേ, ചിന്താഗതി തന്നെയാണോ ശാരദയ്ക്കും? അവളങ്ങനെ ചെയ്തിട്ടല്ലേ, അങ്ങനെ പോയിട്ടല്ലേ ആക്രമിക്കപ്പെട്ടതെന്നു നെടുവീര്‍പ്പിടുന്ന കപടസദാചാര ബോധ്യങ്ങള്‍ തന്നെയാണോ ശാരദയെയും നിയന്ത്രിക്കുന്നത്? ലോക്സഭയിലും നിയമസഭയിലും അംഗമായിരുന്നൊരാള്ക്ക് പൗരാവകാശത്തെക്കുറിച്ചൊക്കെ സാമാന്യ ബോധമുണ്ടായിരിക്കുമല്ലോ. സിനിമ ഒരു തൊഴില്‍ മേഖലയാണ്. അവിടെ ജോലി ചെയ്യാന്‍ ആണിനും പെണ്ണിനും ട്രാന്‍സ്ജെന്‍ഡറിനും തുല്യാവകാശമുണ്ട്. ഈ രാജ്യത്തിന്റെ ഭരണഘടന നല്കുന്ന ഉറപ്പാണത്. സിനിമ ചീത്ത സ്ഥലമാണെന്നത് ഒരുപക്ഷേ ശാരദയുടെ അനുഭവത്തില്‍ നിന്നുള്ള പ്രസ്താവനയായിരിക്കാം. അതൊരു തൊഴിലിടമായിട്ടാണ് യഥാര്‍ത്ഥത്തില്‍ കാണേണ്ടത്. ഈ നാട്ടിലെ നിയമങ്ങളെല്ലാം അവിടെയും ബാധകമാണ്. ചൂഷണങ്ങള്‍ക്കും വിധേയതത്വങ്ങള്ക്കും സിനിമ മേഖലയില്‍ മാത്രമായി അനുമതി നല്‍കിയിട്ടില്ല. പിന്നെന്തിനാണ് സ്ത്രീകളോട് മാത്രം, പറ്റുമെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന് ഒരാള്‍ക്ക് പറയാന്‍ കഴിയുക? ഇത്തരം ആണധികാരങ്ങളെ ചോദ്യം ചെയ്ത് ഇല്ലാതാക്കുകയല്ലേ ശാരദയെപ്പോലുള്ളവര് ചെയ്യേണ്ടിയിരുന്നത്? പകരം ശബ്ദിക്കുന്നവരെ നിശബ്ദരാക്കുകയാണോ വേണ്ടത്? നിങ്ങളുടെ കാലത്ത് എല്ലാം സഹിച്ചും അനുസരിച്ചും വിനീതവിധേയ വേഷം കെട്ടി നടന്നിരിക്കാം. അത്തരക്കാര്‍ക്കെ നിലനില്‍പ്പും ഉണ്ടായിക്കാണുകയുള്ളൂ. അതാവര്ത്തിക്കുന്നതാണ് ശരിയെന്നാണോ ഇക്കാലത്തും പറയേണ്ടത്? ശാരദയെപോലുള്ളവര് അന്നേ ധൈര്യം കാട്ടിയിരുന്നുവെങ്കില്‍ മലയാള സിനിമാ ലോകത്തെ പുരുഷാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാമായിരുന്നില്ലേ!
ഇന്ന് കുറച്ച് സ്ത്രീകള്‍(അതെ അവര്‍ വളരെ കുറച്ചുപേര്‍ മാത്രമെയുള്ളൂ) സിനിമാ ലോകത്ത് നിന്നുകൊണ്ട് തന്നെ ആ തൊഴിലിടം തങ്ങളുടേതു കൂടിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പല പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് പോരാടുന്നുണ്ട്. ആ ധീരകളെക്കൂടിയാണ് ശാരദ അപമാനിച്ചിരിക്കുന്നത്. ചീത്തയായത് എന്നും ചീത്തയായി തന്നെ നിന്നോട്ടെയെന്നുള്ള നിസ്സംഗതയല്ലവരുടെയുള്ളില്, തങ്ങള്‍ക്ക് പിന്നാലെ വരുന്നവര്‍ക്കെങ്കിലും 'അനുസരണക്കാരികള്' ആകാതെ സ്വന്തം വ്യക്തിത്വത്തില്‍ നിന്നുകൊണ്ട് തൊഴിലെടുക്കണമെന്ന വാശിയാണ്. എല്ലായിടത്തും പെണ്ണുങ്ങള് ചൂഷണം ചെയ്യപ്പെടുന്നില്ലേ, പിന്നെന്തിനാണ് സിനിമയിലെ കാര്യം മാത്രം ഹൈലൈറ്റ് ചെയ്യുന്നതെന്ന് ചോദിക്കുന്ന നിഷകളങ്കര്ക്ക് ഇല്ലാതെ പോയ വാശി.