സംഗീതത്തിന്റെ മറപറ്റി ലൈംഗികാതിക്രമം, സെക്‌സ് റാക്കറ്റ്; ആര്‍ കെല്ലിയുടേത് സമാനകളില്ലാത്ത പതനം

 
R Kelly

20 വര്‍ഷത്തോളം സെക്സ് റാക്കറ്റ് പ്രവര്‍ത്തിപ്പിച്ചുവരികയായിരുന്നു

ലൈംഗിക പീഡനക്കേസില്‍, അഞ്ച് ആഴ്ചകളോളം നീണ്ട വിചാരണക്കൊടുവില്‍ പ്രശസ്ത യുഎസ് ഗായകന്‍ ആര്‍. കെല്ലിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ന്യൂയോര്‍ക്കിലെ കോടതിമുറിയില്‍ ഒരു ഡസനോളം ഇരകളാണ് കെല്ലിക്കെതിരെ മൊഴി നല്‍കിയത്. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. അവര്‍ പ്രായപൂര്‍ത്തിയാകുംമുമ്പേ കെല്ലിയുടെ ലൈംഗിക വൈകൃതത്തിന് ഇരയായവരായിരുന്നു. കെല്ലി ദേഷ്യക്കാരനും അക്രമാസക്തനുമാണെന്ന് അവര്‍ മൊഴി നല്‍കി. 'ഡാഡി' എന്ന് വിളിക്കാനാണ് കെല്ലി അവരോടെല്ലാം ആവശ്യപ്പെട്ടിരുന്നത്. സെക്സ് റാക്കറ്റിങ് ഉള്‍പ്പെടെ കെല്ലിക്കെതിരെ ചുമത്തിയ ഒമ്പത് കുറ്റങ്ങളും തെളിഞ്ഞതായി ഏഴംഗ ജൂറി വിധിച്ചു. 20 വര്‍ഷത്തോളം കെല്ലി സെക്സ് റാക്കറ്റ് പ്രവര്‍ത്തിപ്പിച്ച് വരികയായിരുന്നു. കറുത്ത വംശജരായ സ്ത്രീകളെയും കുട്ടികളെയും നിയമപരമല്ലാതെ ലൈംഗികവൃത്തിക്ക് ഉപയോഗിക്കല്‍, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കല്‍, ബാലലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കെല്ലിക്ക് പെണ്‍കുട്ടികളെ കണ്ടെത്താനും അവരെ അടിമകളെപ്പോലെ കൂടെ നിര്‍ത്താനും മാനേജര്‍മാരും സഹായികളും പ്രവര്‍ത്തിച്ചിരുന്നു. ഇത് ഒരു ക്രിമിനല്‍ സംരംഭത്തിന് തുല്യമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കെല്ലി കുറ്റക്കാരനാണെന്ന് വിധിയെഴുതിയ കോടതി മെയ് നാലിന് ശിക്ഷ വിധിക്കും. ദാരിദ്ര്യവും ദുരിതവും പേറി, മുറിവേറ്റ മനസുമായി പ്രശസ്തിയുടെ കൊടുമുടിയേറിയ റോബര്‍ട്ട് സില്‍വസ്റ്റര്‍ കെല്ലി എന്ന ആര്‍ കെല്ലിയുടെ മറ്റൊരു ജീവിതമാണ് കോടതിമുറിയില്‍ വെളിവായത്. 

ദുരിത ബാല്യം, ലൈംഗിക പീഡനത്തിനും ഇര
1967 ജനുവരി എട്ടിന് ഷിക്കാഗോയിലായിരുന്നു കെല്ലിയുടെ ജനനം. ജൊയാന്‍ കെല്ലിയുടെ നാല് മക്കളില്‍ മൂന്നാമത്തെയാള്‍. അമ്മ ജൊയാന്‍ പ്രൊഫഷണല്‍ ഗായികയായിരുന്നു. മക്കളെയും അതേ വഴിയില്‍ നടത്താന്‍ ജൊയാന്‍ ശ്രദ്ധിച്ചു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍നിന്ന് കെല്ലിയും സംഗീതത്തെ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. പിതാവിനെക്കുറിച്ചുള്ള ഓര്‍മകളോ വിവരങ്ങളോ കെല്ലിയുടെ ജീവിതകഥകളില്‍ അധികം പറഞ്ഞുകേട്ടിട്ടില്ല. നിറയെ സ്ത്രീകള്‍ നിറഞ്ഞൊരു വീട്ടിലായിരുന്നു കെല്ലിയുടെ കുട്ടിക്കാലം. അവിടെ നിന്നുള്ള അനുഭവങ്ങള്‍ അത്രത്തോളം മനോഹരമായിരുന്നില്ല. എട്ട് മുതല്‍ 14 വയസിനിടെ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാലും പുരുഷന്മാരായും ലൈംഗിക പീഡനങ്ങള്‍ക്ക് കെല്ലി ഇരയായി. അന്നൊന്നും അതൊക്കെ വിളിച്ചുപറയാന്‍ ധൈര്യമില്ലാതിരുന്ന കെല്ലി 2012ലെ ആത്മകഥയിലൂടെയാണ് അക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയത്. എട്ടാം വയസില്‍ കളിക്കൂട്ടുകാരിയെ നഷ്ടമായി. കളിക്കിടെയുണ്ടായ ബഹളത്തിനിടെ കളിക്കൂട്ടുകാരി വെള്ളത്തില്‍ വീണ് മരിക്കുകയായിരുന്നു. 11ാം വയസില്‍ കെല്ലിയുടെ തോളില്‍ വെടിയേറ്റു. ആ ബുള്ളറ്റ് ഇപ്പോഴും അവിടെ തന്നെയുണ്ടെന്നാണ് പറയപ്പെടുന്നത്. ബൈക്ക് മോഷ്ടാക്കള്‍ വെടിവെച്ചതാണെന്നും അതല്ല കെല്ലി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും വാദങ്ങളുണ്ടായി. 

സംഗീത വഴിയിലേക്ക്
1981ല്‍ കെന്‍വുഡ് അക്കാദമിയിലെത്തിയ കെല്ലി ലിന മക്‌ലിന്‍ അധ്യാപികയെ കണ്ടുമുട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായി. പാട്ടുകളുടെ ലോകത്ത് കെല്ലി സജീവമായിത്തുടങ്ങി. പ്രശസ്തരുടെ പാട്ടുകള്‍ കെല്ലി ആലപിച്ചുതുടങ്ങി. ഡിസ്‌ലെക്‌സിയ ബാധിതനെ പോലെ എഴുതാനും വായിക്കാനുമൊക്കെ കെല്ലിക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിനാല്‍, പഠനം ഉപേക്ഷിച്ച കെല്ലി തെരുവുകളില്‍ പാടിത്തുടങ്ങി. മാര്‍ക്ക് മക് വില്യംസ്, വിന്‍സെന്റ് വാക്കര്‍, ഷോണ്‍ ബ്രൂക്ക്‌സ് എന്നിവര്‍ക്കൊപ്പം മ്യൂസിക്കലി ഗിഫ്റ്റഡ് മെന്‍ (എംജിഎം) എന്ന ഗ്രൂപ്പ് രൂപീകരിച്ചു. 1990ല്‍ എംജിഎം ആദ്യ സിംഗിള്‍, 'വൈ യു വാണാ പ്ലേ മീ' പുറത്തിറക്കി. എന്നാല്‍, 1991ല്‍ ഗ്രൂപ്പ് പിരിച്ചുവിട്ടു. എന്നാല്‍ സംഗീതവഴിയില്‍നിന്ന് കെല്ലി പിന്‍മാറിയില്ല.  ബിഗ് ബ്രേക്ക് എന്ന ടിവി ഷോയില്‍ പങ്കെടുക്കുകയും മറ്റു പലര്‍ക്കുമൊപ്പം സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്ത കെല്ലി 1993ല്‍ 12 പ്ലേ എന്ന ആല്‍ബം റിലീസ് ചെയ്തു. സംഗീത ലോകത്ത് ആല്‍ബം സൂപ്പര്‍ ഹിറ്റായി. പിന്നീട് 1996ല്‍ പുറത്തിറങ്ങിയ 'ഐ ബിലീവ് ഐ ക്യാന്‍ ഫ്‌ളൈ...' ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ നിരവധി പാട്ടുകള്‍, ഗ്രാമി നോമിനേഷനുകള്‍. യു ആര്‍ നോട്ട് എലോണ്‍..., വണ്‍ മോര്‍ ചാന്‍സ്... എന്നിങ്ങനെ മൈക്കല്‍ ജാക്‌സണും കെല്ലിയുടെ രചനയിലും സംഗീതത്തിലും പാടി. സ്വന്തം ബ്രാന്‍ഡുമായി സംഗീത ലോകത്ത് നിറഞ്ഞുനിന്ന കെല്ലിയുടെ പതനം പൊടുന്നനെയായിരുന്നു. 1994ല്‍ 27 വയസുള്ളപ്പോള്‍ കെല്ലി 15കാരിയായിരുന്ന ആലിയയെ വിവാഹം ചെയ്തു. ആലിയയുടെ ജനനത്തീയതി തിരുത്തി നടത്തിയ നിയമവിരുദ്ധമായ വിവാഹത്തിന്റെ പേരില്‍ കെല്ലിക്കെതിരെ നിയമ നടപടികളുണ്ടായി. ഒരുവര്‍ഷത്തിനുശേഷം ആലിയയുമായുള്ള ബന്ധം കെല്ലി പിരിഞ്ഞു. എന്നാല്‍, 1998ല്‍ കെല്ലിക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു കെല്ലിക്കെതിരെ രംഗത്തെത്തിയത്. 

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
കെല്ലിക്കെതിരായ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഗായികയാവാനും സംഗീതരംഗത്ത് നേട്ടങ്ങള്‍ പ്രതീക്ഷിച്ചും എത്തിയവരായിരുന്നു ഇരകളില്‍ ഏറെയും. 2019 ജനുവരിയില്‍ ഒരു ചാനലില്‍ സംപ്രേഷണം ചെയ്ത 'സര്‍വൈവിങ് ആര്‍ കെല്ലി' എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഇരകള്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്. ആറ് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ വര്‍ഷങ്ങളായി കെല്ലിയില്‍നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നതായി നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി.  അന്തരിച്ച ഗായികയും കെല്ലിയുടെ ആദ്യ ഭാര്യയുമായിരുന്ന ആലിയക്ക് കെല്ലിയില്‍നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ഡോക്യുമെന്ററിയില്‍ വിശദീകരിച്ചിരുന്നു. സംഗീത പരിപാടികള്‍ക്കായി രാജ്യം മുഴുവന്‍ ചുറ്റുന്ന കെല്ലിക്കൊപ്പം എപ്പോഴും സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും കാണുമായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നു. പരിപാടികള്‍ക്കിടെ ആകര്‍ഷണം തോന്നുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണവും കെല്ലി നേരിടുന്നുണ്ട്. 2019 ഫെബ്രുവരിയില്‍ ഇരുപതോളം കേസുകള്‍ ചുമത്തി കെല്ലിക്കെതിരെ അന്വേഷണം തുടങ്ങി. 2019 ജൂലൈയില്‍ ഷിക്കാഗോയില്‍നിന്ന് ആഭ്യന്തര സുരക്ഷാവിഭാഗം കെല്ലിയെ അറസ്റ്റുചെയ്തു. 

നാളുകള്‍ക്കുശേഷം കേസുകളില്‍ വിചാരണ തുടങ്ങിയത്. സ്ത്രീകളെ അടിമകളാക്കിവെച്ചായിരുന്നു കെല്ലിയുടെ പീഡനവും മര്‍ദനവും. ലൈംഗിക പീഡനങ്ങളുടെ ദൃശ്യങ്ങളെല്ലാം പകര്‍ത്തിവെക്കുമായിരുന്നു. സമ്മതമില്ലാതെ ശുചിമുറിയില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. രണ്ടോ മൂന്നോ ദിവസമൊക്കെ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നു. അനുവാദമില്ലാതെ ഭക്ഷണം കഴിക്കാനാകുമായിരുന്നില്ല. തല എപ്പോഴും താഴ്ത്തി വച്ചിരിക്കണം. മറ്റു പുരുഷന്മാരെ നോക്കാനും അനുമതിയില്ലായിരുന്നു. ഇതില്‍ ഏതെങ്കിലും തെറ്റിയാല്‍ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവരും. എതിര്‍ക്കുന്നവരെ വീഡിയോ ദൃശ്യങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയുണ്ടാകുന്ന ചൊറി പോലുള്ള അസുഖങ്ങള്‍ മറ്റു സ്ത്രീകള്‍ക്കും ഇയാള്‍ നല്‍കി. ഗര്‍ഭിണികളാകുന്നവരെ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തിയിരുന്നു. ഒരു ഡസനോളം സ്ത്രീകളും പുരുഷന്മാരുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. 

2015ല്‍ 17 വയസില്‍ തുടങ്ങിയ പീഡനം ആഞ്ച് വര്‍ഷത്തോളം തുടര്‍ന്നെന്നാണ് ഒരു യുവതി മൊഴി നല്‍കിയത്. കെല്ലിക്കുണ്ടായിരുന്ന ചൊറിയും യുവതിക്ക് പിടിപ്പെട്ടു. ഇതെല്ലാം മനപൂര്‍വമായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. 2007 മുതല്‍ രോഗത്തിന് കെല്ലി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. തനിക്കും രോഗം പിടിപ്പെട്ടെന്ന് പറഞ്ഞപ്പോള്‍, മറ്റാരെങ്കിലും നിന്നും ലഭിച്ചതാകുമെന്നായിരുന്നു കെല്ലിയുടെ മറുപടി. എന്നാല്‍ മാറ്റാരുമായും തനിക്ക് ബന്ധമില്ലെന്ന് യുവതി പറഞ്ഞിരുന്നു. വേദന മൂലം ലൈംഗികബന്ധം സാധ്യമല്ലാതായപ്പോള്‍ തനിക്കെതിരെ കെല്ലി ആരോപണങ്ങള്‍ ഉന്നയിച്ചുതുടങ്ങിയെന്നും യുവതി പറഞ്ഞു. പല സ്ത്രീകളും സമാന മൊഴിയാണ് നല്‍കി. ചിലര്‍ക്ക് ഇത്തരത്തില്‍ ചൊറി പിടിപ്പെട്ടിരുന്നു. അതിലൊരാള്‍ക്ക് രണ്ട് ലക്ഷം ഡോളര്‍ നല്‍കി കേസ് ഒഴിവാക്കിയിരുന്നു. ചിലപ്പോഴൊക്കെ മാരകമായി മര്‍ദിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന ശീലവും കെല്ലിക്കുണ്ടായിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ അത്തരം സംഭവങ്ങളുണ്ടാകുമായിരുന്നു. എയര്‍ഫോഴ്‌സ് ഷൂ ഉപയോഗിച്ചുപോലും ആക്രമിക്കപ്പെട്ടു. ഒരുവിധത്തില്‍ ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് യുവതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഗര്‍ഭം നിര്‍ബന്ധിച്ച് അലസിപ്പിക്കുമായിരുന്നു. സഹായികളാണ് അതിനായി ക്ലിനിക്കില്‍ എത്തിച്ചിരുന്നതെന്നും യുവതികള്‍ പറഞ്ഞു. 

കാത്തിരിക്കുന്നത് ജീവപര്യന്തം
മെയ് നാലിനാണ് കോടതി വിധി പറയുക. കെല്ലിക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് വിവരം. അതേസമയം, വിധി നിരാശാജനകമാണെന്നും അപ്പീലിന് പോകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും കെല്ലിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ഇല്ലിനോയിസ് ഫെഡറല്‍ കോടതിയില്‍ ഉള്‍പ്പെടെ മൂന്ന് കോടതികളില്‍ കൂടി കെല്ലി ഇപ്പോഴും വിചാരണ നേരിടുന്നുണ്ട്.