എല്ലാവര്‍ക്കും ഇഷ്ടമുള്ള പാട്ടുകളെഴുതിയ ബിച്ചു

ഓരോത്തര്‍ക്കും അവരവരുടെതെന്നു പറഞ്ഞ് മനസില്‍ സൂക്ഷിക്കാനുള്ള ഒന്നിലേറെ പാട്ടുകളാണ് ബിച്ചു നല്‍കിയിട്ടുള്ളത്
 
bichu thirumala

മലയാളി മറക്കാതെ പഠിച്ചുവച്ചിരിക്കുന്ന എത്രയെത്ര പാട്ടുകളായിരിക്കും ബിച്ചു തിരുമലയുടെതായി ഉണ്ടാവുക! അരനൂറ്റാണ്ടിലേറെ നീണ്ട ആ പാട്ടെഴുത്ത് ജീവിതത്തിന് കാലം പൂര്‍ണവിരാമം ഇട്ടെങ്കിലും കേട്ടുമതിയാകാത്ത മനസോടെ ബിച്ചുവിന്റെ ഓര്‍മകളെ ഓരോ ചലച്ചിത്രഗാനാസ്വാദകനും തെരഞ്ഞുകൊണ്ടേയിരിക്കും. മനുഷ്യ വികാരങ്ങളുടെ ഓരോ അടരുകളെയും സ്പര്‍ശിച്ചിട്ടുണ്ട് ബിച്ചു തിരുമല. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും, വാത്സല്യം കിനിയുമ്പോഴും ആശ്രയം കൊതിക്കുമ്പോഴും, അനുരാഗമുണരുമ്പോഴും ബിച്ചുവിന്റെ വരികളിലൂടെ നാം കടന്നുപോയിട്ടുണ്ടായിരിക്കും. പ്രണയത്തിന്റെ ഭാവാദികള്‍ക്ക് എത്രയെത്ര മാറ്റം വന്നിട്ടുണ്ടെങ്കിലും ' കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ...' എന്നു മൂളുന്ന പ്രണയികള്‍ ഇന്നത്തെ തലമുറയിലുമുണ്ട്!  കണ്ണാംതുമ്പി പോരാമോ എന്നു ചോദിക്കാത്ത, ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ലപ്പൈങ്കിളീ എന്നു വിളിക്കാത്ത വാത്സല്യഭാവങ്ങള്‍ നമ്മളില്‍ കടന്നുപോയിട്ടുണ്ടാകില്ല. രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല... പഴംതമിഴ് പാട്ടിഴയും... മൈനാകം കടലില്‍ നിന്നുയരുന്നുവോ... വാകപ്പൂ മരം ചൂടും...മിഴിയോരം നനഞ്ഞൊഴുകും...ആയിരം കണ്ണുമായി...; ബിച്ചു തിരുമല എന്ന കവി മനുഷ്യവികാരങ്ങളോട് അലിഞ്ഞുചേര്‍ന്ന് സൃഷ്ടിച്ചതായ എത്രയെത്ര പാട്ടുകള്‍ ഇനിയുമിനിയുമുണ്ട് പറയാന്‍...

വയലാര്‍- ഭാസ്‌കരന്‍-ഒ എന്‍ വി എന്നിവര്‍ക്കു ശേഷം മലയാളിയെ അത്രയേറെ മോഹിപ്പിച്ച പാട്ടെഴുത്തുകാരനായിരുന്നു ബിച്ചു. ട്യൂണിന് അനുസരിച്ച് പാട്ടെഴുതേണ്ടി വന്ന മാറിയ കാലത്തിലായിരുന്നു ബിച്ചു മലയാള സിനിമയില്‍ സജീവമായതെങ്കിലും ഈണത്തെ തൃപ്തിപ്പെടുത്തുന്ന വാക്കുകള്‍ ചേര്‍ത്തുവയ്ക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. കാവ്യഗുണമുള്ള വരികള്‍ തന്നെയായിരുന്നു ആ തൂലികയില്‍ നിന്നും പിറവികൊണ്ടത്. 'ഹൃദയം ഒരു ദേവാലയം...', 'വാകപ്പൂമരം ചൂടും...' ' നക്ഷത്രദീപങ്ങള്‍ തിളങ്ങി..', ' നീലജലാശയത്തില്‍',  ' മിഴിയോരം നനഞ്ഞൊഴുകും' തുടങ്ങി എത്രയോ പാട്ടുകളില്‍ അദ്ദേഹത്തിലെ കവിയുടെ ഭാവനാവൈവിധ്യങ്ങള്‍ ആസ്വാദകര്‍ അനുഭവിച്ചറിഞ്ഞൂ. ആഴത്തിലുള്ള വായനയും ജീവിതത്തെ കുറിച്ചുള്ള സാമാന്യധാരണയുമായിരുന്നു ബിച്ചു തിരുമല എന്ന ഗാനരചയിതാവിന്റെ കൈമുതല്‍.

 കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു തന്റെ ചുറ്റുപാടുകളില്‍ നിന്നും സിനിമയിലെ ഗാനാന്തരീക്ഷത്തിനായി ബിച്ചു വരികള്‍ കണ്ടെത്തിയിരുന്നത്. തേനും വയമ്പും എന്ന ചിത്രത്തിലെ ' ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാന്‍' എന്ന അതുല്യ രചനയിലേക്ക് ബിച്ചുവിനെ കൊണ്ടു ചെന്നെത്തിച്ചത് കുറെ കൊതുകളും പി. ഭാസ്‌കരന്റെ ഒരു പുസ്തകവുമായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ബിച്ചു തന്നെ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. രവീന്ദ്രനുമായി ആദ്യമായി ഒരുമിക്കുന്നത് തേനും വയമ്പിനും വേണ്ടിയാണ്. കോഴിക്കോട് വച്ച് കണ്ടപ്പോള്‍ രവീന്ദ്രന്‍ തന്റെ മനസില്‍ വന്നൊരു ഈണം മൂളി റെക്കോര്‍ഡ് ചെയ്തുവച്ച ഒരു ടേപ്പ് റെക്കോര്‍ഡര്‍ ബിച്ചുവിന് കൈമാറി. ഈണം കേട്ടിട്ട് അധികം വൈകാതെ വരികള്‍ ഉണ്ടാക്കി തരണമെന്ന് ആവശ്യവും രവീന്ദ്രന്‍ കൈമാറിയിരുന്നു. പക്ഷേ, കാര്യങ്ങള്‍ ബിച്ചുവിന് അനുകൂലമായിരുന്നില്ല. തീരുവനന്തപുരത്തെ വീട്ടിലിരുന്നാണ് എഴുതാന്‍ ശ്രമിക്കുന്നത്. പക്ഷേ, ഒന്നും നടക്കുന്നില്ല. കറണ്ട് ഇല്ല, മെഴുകു തിരിവെട്ടമാണ് ഏക ആശ്വാസം. മനസിലേക്ക് ഒന്നും വരുന്നില്ല, ശരീരമാണെങ്കില്‍ കൊതുകുകളുടെ ആക്രമണത്തില്‍ പുളയുന്നു. ഇന്നിനിയൊന്നും വേണ്ടായെന്ന് തീരുമാനിക്കുന്ന സമയത്താണ്, കിടക്കയില്‍ ഒരു പുസ്തകം കണ്ടത്. പി.ഭാസ്‌കരന്റെ ' ഒറ്റക്കമ്പിയുള്ള തംബരു' എന്ന പുസ്തകമാണ്. രണ്ടു ദിവസം മുമ്പ് വാങ്ങിയതാണ്. കാര്യങ്ങള്‍ മാറിമറിയുന്നത് അവിടെയാണ്. ഭസ്‌കരന്‍ മാഷിന്റെ പുസ്തകത്തിന്റെ പേരും, തന്നെ വളഞ്ഞിട്ടാക്രമിച്ച കൊതുകളും കൂടി ബിച്ചുവിന്റെ സര്‍ഗചേതനയില്‍ പുതുവെളിച്ചം കൊളുത്തിയപ്പോള്‍ പിറന്ന വരികളാണ് ' ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാന്‍'. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന്റെ പാട്ടൊരുക്ക വേളയിലും ബിച്ചുവിന് മേല്‍പ്പറഞ്ഞതുപോലുള്ള സഹായം കിട്ടിയിട്ടുണ്ട്. ഒരിടത്ത് ഭാസ്‌കരന്‍ മാഷായിരുന്നുവെങ്കില്‍, ഇവിടെ സഹായിച്ചത് സാക്ഷാല്‍ ചങ്ങമ്പുഴയായിരുന്നു. താന്‍ പറഞ്ഞ സന്ദര്‍ഭത്തിന് യോജിച്ച വരികള്‍ കിട്ടാതെ വന്നപ്പോള്‍ ഇനി നമുക്ക് ഒരാഴ്ച്ച കഴിഞ്ഞു കാണാമെന്നു പറഞ്ഞ് ഫാസില്‍ എഴുന്നേറ്റത് നിരാശയോടെയായിരുന്നു. അതിലേറെ നിരാശയിലായിരുന്നു ബിച്ചുവും സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവും. ആ നിരാശയില്‍ നിന്നും പുറത്തു കടക്കാനായി പ്രിയ കവി ചങ്ങമ്പുഴയുടെ ബാഷ്പാഞ്ജലിയിലെ 'ശ്യാമളേ സഖീ ഞാനൊരുവെറും കാനനത്തിലെ പൂവല്ലേ'  എന്ന വരി ബിച്ചു മൂളി. ഇത് കേട്ട ഫാസില്‍ നിന്നും ഉടന്‍ വന്നു ആവശ്യം- എനിക്കു വേണ്ടത് ഇതാണ്. എങ്കില്‍ എനിക്കു കുറച്ചു സമയം തരൂ എന്നു ബിച്ചു. പത്തു മിനിട്ടില്‍ മലയാളി ഒരിക്കലും മറക്കാത്ത ' ആയിരം കണ്ണുമായി...കാത്തിരുന്നു നിന്നെ ഞാന്‍...' എന്ന പാട്ട് ബിച്ചു തിരുമല തയ്യാറാക്കി...

എന്തും വഴങ്ങുമായിരുന്നു ബിച്ചുവിന്റെ തൂലികയ്ക്ക്. 'ഹൃദയം ഒരു ദേവാലയം... പോയ വസന്തങ്ങള്‍ നിറമാല ചാര്‍ത്തും ആര്യണദേവാലയം' എന്നെഴുതിയ ബിച്ചുവിന് 'ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം, പച്ചക്കറിക്കായെ തട്ടി ഒരു മുത്തശി പൊട്ടറ്റോ ചൊല്ലി, പടകാളി ചണ്ഡിച്ചങ്കരി...' യുമൊക്കെ സൃഷ്ടിക്കാനും എളുപ്പമായിരുന്നു. ഗാനസന്ദര്‍ഭങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യമായ വരികള്‍ തീര്‍ക്കാന്‍ ബിച്ചുവിനോളം മിടുക്കുള്ളവരായി വേറെയെത്ര പേരുണ്ട്/ ഉണ്ടായിരുന്നു എന്നു സംശയമാണ്.എല്ലാത്തരം പാട്ടുകളും എഴുതാന്‍ കഴിയുന്നതില്‍ സന്തോഷം എന്നു മാത്രമായിരുന്നു ഗാനങ്ങളിലെ വൈവിധ്യത്തെക്കുറിച്ചുള്ള ബിച്ചുവിന്റെ മറുപടി. കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെ ബിച്ചുവിന്റെ പാട്ടുകളുടെ ആരാധകരായിരുന്നു. ഓരോത്തര്‍ക്കും അവരവരുടെതെന്നു പറഞ്ഞ് മനസില്‍ സൂക്ഷിക്കാനുള്ള ഒന്നിലേറെ പാട്ടുകളാണ് ബിച്ചു നല്‍കിയിട്ടുള്ളത്. ആസ്വാദകരെ തൃപ്ത്തിപ്പെടുത്തുന്ന പാട്ടുകള്‍ എഴുതാന്‍ കഴിഞ്ഞൂ എന്നതാണ് തന്റെ കലാജീവിതത്തിന് ആനന്ദം പകരുന്നതെന്നാണ് ബിച്ചു പറഞ്ഞിട്ടുള്ളത്. അതത്രമേല്‍ സത്യവുമായിരുന്നു.