നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

 
Vivek

വാക്‌സിനെടുത്ത് ദിവസങ്ങള്‍ക്കുശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം

നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് വാക്സിനെടുത്ത് രണ്ട് ദിവസത്തിനുശേഷം വിവേകിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ചികിത്സയില്‍ കഴിയവെ, ഏപ്രില്‍ 20നായിരുന്നു മരണം. വിവേകിന്റെ മരണ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ നടപടി. 

വാക്‌സിനാണ് വിവേകിന്റെ മരണകാരണമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യങ്ങള്‍ വിവേകിന്റെ ബന്ധുക്കള്‍ തള്ളിയിരുന്നു. പിന്നാലെ, ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍, വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് ഇപ്പോള്‍ നടപടി.

കോവിഡ് വാക്സിന്‍ എടുത്തതിനുശേഷമാണ് മരണം സംഭവിച്ചതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്ക ദുരീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി സ്വീകരിച്ച കമ്മീഷന്‍ തുടര്‍ നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.