അവള്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് പ്രഖ്യാപിച്ച് അവര്‍
 

പൃഥ്വിരാജ്, ടൊവിനോ തുടങ്ങി നിരവധി താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
 
actors

അതിജീവിതയായ നടിക്ക് ഉറച്ച പിന്തുണയുമായി സിനിമലോകത്തെ സഹപ്രവര്‍ത്തകര്‍. പൃഥ്വിരാജ്, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, ബബുരാജ്, റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, ലിസി തുടങ്ങി പ്രമുഖ താരങ്ങള്‍ നടിക്കൊപ്പം എന്നാവര്‍ത്തിച്ച് രംഗത്തു വന്നിരിക്കുകയാണ്. അതിജീവിതയായ നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു പിന്നാലെയാണ് സിനിമയിലെ ഒരു വിഭാഗം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് താരങ്ങള്‍ അവള്‍ക്കൊപ്പം എന്ന ഉറപ്പ് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍ഭയത്വം എന്ന് വിശേഷിപ്പിച്ചാണ് പൃഥ്വിരാജ് നടിയുടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നിനക്കൊപ്പം എന്നാവര്‍ത്തിച്ചാണ് പാര്‍വതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നടിയോടുള്ള ബഹുമാനമാണ് ഐശ്വര്യ ലക്ഷ്മയുടെ പോസ്റ്റില്‍ കാണാനാവുന്നത്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരിക്കുകയാണ് ലിസി.

എത്ര പ്രതിസന്ധി നേരിടേണ്ടി വന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ഉറപ്പോടെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു  അതിജീവിതയായ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ്. അതിനിര്‍ണായകമായ വഴികളില്‍ കേസ് എത്തപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണു മൗനം ഭേദിച്ച് നടി രംഗത്തു വന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: 

ഒരുപാടുപേരുടെ ജീവിതം തകര്‍ത്തില്ലേ, ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ നേരിടും; ആഷിഖ് അബു

'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു; എനിക്കു വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്നു തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്രതുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി'' 

വെളിപ്പെടുന്ന ലാല്‍ജോസുമാര്‍

നടിയുടെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുഴങ്ങുന്നത്. അവള്‍ക്കൊപ്പം നിന്നുകൊണ്ട് അവള്‍ക്കുവേണ്ടി ശബ്ദിക്കുമെന്ന ഉറച്ച പ്രഖ്യാപനവും സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ നടത്തിയിട്ടുണ്ട്