മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമാണ്: അവള്‍ക്കൊപ്പം മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?
 

ദുല്‍ഖറിന്റെ മനംമാറ്റത്തില്‍ സന്തോഷം
 
mammootty-lal-dulquer


ഒടുവില്‍ മലയാള സിനിമയുടെ മെഗാതാരങ്ങളും പറഞ്ഞു:  അവള്‍ക്കൊപ്പമെന്ന്! ഒരാള്‍ 'ഐക്യദാര്‍ഢ്യവും'  മറ്റെയാള്‍ 'ബഹുമാനവും' പ്രകടിപ്പിക്കുന്നു. രണ്ടുപേരും അതിന്റെ പേരില്‍ വലിയതോതില്‍ അഭിനന്ദിക്കപ്പെടുന്നുണ്ട്. അതിജീവിതയായ അഭിനേത്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്ത താരങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും തുടക്കം മുതല്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നവരാണ്. വളരെ കുറച്ചു പേരാണ് പുതിയതായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഈ മൊത്തം കണക്ക് ആകെയുള്ള മലയാള നടീനടന്മാരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ വെറും തുച്ഛം! മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാള സിനിമ എന്ന ധാരണ വച്ചുപുലര്‍ത്തുന്നവരും സമൂഹത്തിലുണ്ടെന്നതിനാല്‍, ബിഗ് എമ്മുകള്‍ നിലപാട് എടുത്തതോടെ മലയാള ചലച്ചിത്രലോകം അപ്പാടെ അവള്‍ക്കൊപ്പം നില്‍ക്കുമെന്ന തെറ്റിദ്ധാരണയൊന്നും ആര്‍ക്കും വേണ്ട.

അവള്‍ക്കുവേണ്ടി, താര സംഘടനയായ എഎംഎംഎയും മെഗാതാരങ്ങളും എടുത്ത നിലപാടുകളും വാക്കുകളും എന്തായിരുന്നു, എങ്ങനെയായിരുന്നുവെന്ന് കേരളത്തിനറിയാം. അവരുടെ കൂറ് ആര്‍ക്കൊപ്പമായിരുന്നുവെന്നത് സമൂഹം മനസിലാക്കിയതാണ്.  ഇരയ്‌ക്കൊപ്പം നില്‍ക്കുമെന്നു പറയുകയും വേട്ടക്കാരനുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് സമ്മതിക്കുകയും ചെയ്തവര്‍ ഇപ്പോഴാ പെണ്‍കുട്ടിയോട് ബഹുമാനം കാണിക്കുന്നത് അശ്ലീലമായി തോന്നുന്നത് അതുകൊണ്ടാണ്. എഎംഎംഎയില്‍ അവള്‍ക്ക് ഇടമില്ലാതാക്കുകയും കുറ്റാരോപിതന് കസേരയിട്ടുകൊടുക്കകയും ചെയ്തവരോട് നിശബ്ദതകൊണ്ടാണെങ്കിലും ഐക്യപ്പെട്ടവര്‍ ഇപ്പോഴവള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് അഭിനയമായി തോന്നുന്നതിനും കാരണം മറ്റൊന്നല്ല.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് എഎംഎഎയില്‍ നിന്നും പുറത്താക്കിയ(അതൊരു ഏകകണ്ഠമായ തീരുമാനമൊന്നുമല്ലായിരുന്നു) ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം(അത് ഏകകണ്ഠമായിരുന്നു താനും) ഉണ്ടാകുന്നത് മോഹന്‍ലാല്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു അതിജീവിതയും മറ്റു മൂന്നു നടിമാരും എഎംഎംഎയില്‍ നിന്നും രാജിവച്ചത്. ദിലീപിനെ തിരിച്ചെടുക്കുമെന്നത് മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നതിനാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി മാധ്യമങ്ങളെ ജനറല്‍ ബോഡി യോഗം കവര്‍ ചെയ്യാന്‍ ക്ഷണിച്ചില്ല. ഇക്കാര്യങ്ങളെല്ലാം വിവാദമായതോടെ 2018 ജൂലൈ ഒമ്പതിന് മോഹന്‍ലാല്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തി. ആ വാര്‍ത്ത സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ ചില പ്രധാന പോയിന്റുകള്‍ ഇവയായിരുന്നു- കോടതി ഇതുവരെ കുറ്റക്കാരനെന്ന് വിധിക്കാത്ത ഒരാളാണ് ദിലീപ്. അദ്ദേഹത്തെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ജനറല്‍ ബോഡിയില്‍ ആവശ്യം ഉയര്‍ന്നു. ആ ആവിശ്യത്തെ ആരും എതിര്‍ത്തതുമില്ല. ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സംഘടന പിളരുമെന്ന ഘട്ടംവരെ ഉണ്ടായിരുന്നു. വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയില്‍ സംഘടനയുടെ നിയമാവലി പുനക്രമീകരിക്കും. കേസിന്റെ കാര്യത്തിലും ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനം ഉണ്ടായ കാര്യത്തിലും എതിര്‍പ്പുള്ള ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ മാസമാണ് മോഹന്‍ലാല്‍ ഐംഎംഎയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആ പെണ്‍കുട്ടിക്കോ അവളെ പിന്തുണച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റ് പെണ്‍കുട്ടികള്‍ക്കുവേണ്ടിയോ എന്തു നല്ലകാര്യമാണ് അദ്ദേഹത്തിന് ചെയ്യാനായത്? എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സ്ത്രീകളുടെ എണ്ണം കൂട്ടിയല്ല, ആ തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് വ്യക്തിസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കലാണ് യഥാര്‍ത്ഥ വനിതാ ശാക്തീകരണം എന്നദ്ദേഹത്തിന് ഇതുവരെ മനസിലായിട്ടില്ലെന്നു തോന്നുന്നു.

എഎംഎംഎയുമായി ചര്‍ച്ചയ്ക്ക് ചെന്നപ്പോള്‍(അങ്ങോട്ട് ക്ഷണിക്കപ്പെട്ടതിന്‍ പ്രകാരം) തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് വിമന്‍ കളക്ടീവ് പ്രതിനിധികള്‍ തുറന്നു പറഞ്ഞകാര്യങ്ങളും മലയാളി മറന്നിരിക്കാന്‍ ഇടയില്ല. എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവരെ കേള്‍ക്കുമെന്നും എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞ പ്രസിഡന്റ്, പാര്‍വതിയും രേവതിയും റിമയുമടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അതിനുള്ള അവസരം കൊടുത്തില്ല. ഡബ്ല്യുസിസി അമ്മയുടെ പേര് മോശമാക്കി, എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്, ഇവിടെ വന്നു പറഞ്ഞാല്‍ പോരായിരുന്നോ എന്നൊക്കെയായിരുന്നു പ്രസിഡന്റിന്റെ പരാതി. ജനറല്‍ ബോഡിയില്‍പ്പെട്ട ഏതെങ്കിലും അംഗത്തിന് ദിലീപിനെ തിരിച്ചെടുത്തതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അടിയന്തര യോഗം കൂടുമെന്ന് വാഗ്ദാനം നല്‍കി വിമന്‍ കളക്ടീവിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചവര്‍ ആ സ്ത്രീകളെ കുറ്റവിചാരണ ചെയ്യുകയായിരുന്നു. തങ്ങളെ കുറിച്ച് മാത്രമല്ല, ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും എഎംഎംഎ ഭാരവാഹികള്‍ക്ക് എതിര്‍പ്പുകള്‍ പറയാനുണ്ടായിരുന്നുവെന്നാണ് വിമന്‍ കളക്ടീവ് പ്രതിനിധികള്‍ പറഞ്ഞത്. 'ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് പറഞ്ഞു പലവട്ടം കെഞ്ചിയിട്ടും അവര്‍ കേട്ടില്ല. ആദ്യ 40 മിനിട്ട് അവര്‍ക്ക് പറയാനുള്ളത് മാത്രം പറഞ്ഞുകൊണ്ട് ഞങ്ങളെ കേള്‍ക്കാനെ അവര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ നടിക്ക് പറയാനുള്ള കാര്യങ്ങള്‍ ശബ്ദരേഖയാക്കി കൊണ്ടുവന്ന് അവിടെവച്ച് പ്ലേ ചെയ്തപ്പോള്‍ എല്ലാവരും നിശബ്ദരായി. മോഹന്‍ലാല്‍ പറഞ്ഞത് വ്യക്തിപരമായി ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജനറല്‍ ബോഡി എടുത്ത തീരുമാനം എങ്ങനെ തിരുത്തും എന്നായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് അവര്‍ ഇത്രനാളും ഞങ്ങളെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ പറ്റിക്കുകയായിരുന്നുവെന്ന്'- ഡബ്യുസിസി അംഗങ്ങളുടെ ഈ വാക്കുകള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതുകൊണ്ടാണ് എഎംഎംഎ പ്രസിഡന്റ് ആ പെണ്‍കുട്ടിയോട് ഇപ്പോള്‍ പ്രകടിപ്പിച്ച ബഹുമാനത്തില്‍ ആത്മാര്‍ത്ഥയില്ലെന്ന തോന്നല്‍ വരുന്നത്. അന്ന് പാര്‍വതി പറഞ്ഞൊരു കാര്യമുണ്ട്-'രണ്ടോ മൂന്നോ നടികളെയല്ല, മലയാളികളെ മൊത്തത്തിലാണ് മോഹന്‍ലാലും എഎംഎംഎ നേതൃത്വവും കൂടി വഞ്ചിച്ചിരിക്കുന്നത്'.

ഇനി മമ്മൂട്ടിയിലേക്ക് വരാം. പ്രതിയായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനൊപ്പം നില്‍ക്കുകയായിരുന്നു അന്നത്തെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി ചെയ്തത്. ദിലീപിനു വേണ്ടി, സംസാരിക്കാന്‍, അയാളെ സംരക്ഷിക്കാന്‍, അയാള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ സംഘടനയിലെ(മലയാള സിനിമയിലെ) അതികായന്മാര്‍ എല്ലാവവരും ഒന്നിച്ചു നിന്നു പോരാടിയപ്പോള്‍ ഏതാനും ചെറുപ്പക്കാരുടെ (വിരലില്‍ എണ്ണിയെടുക്കാന്‍ മാത്രമുള്ളവര്‍) ആവശ്യത്തില്‍ ന്യായം ഉണ്ടെന്ന് മനസിലാക്കി, മറ്റെല്ലാ എതിര്‍പ്പുകളെയും അവഗണിച്ചാണ് ദിലീപിനെ പുറത്താക്കുന്നു എന്ന തീരുമാനം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ എടുക്കുന്നത്. മലയാള സിനിമയില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയെന്ന് പുറം ലോകം അന്നേവരെ കരുതിയിരുന്ന മമ്മൂട്ടിയെ- ആ തീരുമാനത്തിന്റെ പേരില്‍ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും പലരും വരുന്നതു കണ്ടപ്പോള്‍ ഞെട്ടി! ആ കൂട്ടത്തില്‍ മമ്മൂട്ടി കൈപിടിച്ചു തിരികെ കൊണ്ടുവന്ന 'പ്രതിഭ'കള്‍ വരെയുണ്ടായിരുന്നു. ആ എതിര്‍പ്പില്‍ തന്നെ വ്യക്തമായിരുന്നു, മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും എല്ലാം അപ്പുറത്താണ് ദിലീപ് എന്ന്. പൃഥ്വിരാജിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരിഹാസം. ചിലര്‍ ഒറ്റയ്ക്കെടുത്ത തീരുമാനം അംഗീകകരിക്കില്ലെന്നായിരുന്നു പ്രധാന നടന്മാര്‍ പറഞ്ഞത്. ബഹുഭൂരിപക്ഷവും ദിലീപിനു വേണ്ടി നില്‍ക്കുകയും യുവതാരങ്ങളില്‍ ചിലര്‍, അതില്‍ കൂടുതലും സ്ത്രീകള്‍ ദിലീപിനെതിരേ സംസാരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭൂരിപക്ഷത്തിന്റെ അഭിപ്രായം തന്നെ നടപ്പാക്കപ്പെടുമെന്നായിരുന്നു കണക്കൂക്കൂട്ടല്‍. സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന എതിര്‍പ്പുകളെ താരസംഘടനയ്ക്ക് ഗൗനിക്കാതിരിക്കാം. കോടതി പറയട്ടെ (ഇപ്പോള്‍ എടുത്തിരിക്കുന്നതും അതേ ന്യായമാണ്) ദിലീപ് കുറ്റക്കാരനാണെന്ന്, അപ്പോള്‍ പുറത്താക്കാം എന്ന നിലപാടില്‍ നിന്നു കൊണ്ട് ദിലീപിനെ സംഘടനയ്ക്കുള്ളില്‍ സംരക്ഷിക്കാമെന്നും കരുതിയവരെ ഞെട്ടിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട തീരുമാനം. ദിലീപിനെ പുറത്താക്കിയത്, ഏകപക്ഷീയമായ തീരുമാനത്തിലൂടെയായിരുന്നുവെന്നും ആരുടെയെങ്കിലും വ്യക്തിപരമായ ആവശ്യത്തിനു പുറത്തായിരുന്നില്ലെന്നും മമ്മൂട്ടിയല്ലാത്ത, എക്സിക്യൂട്ടീവ് അംഗങ്ങള്‍ വിശദീകരിച്ചെങ്കിലും അത്തരമൊരു തീരുമാനം നടപ്പാക്കപ്പെടണമെങ്കില്‍ അതിന് മമ്മൂട്ടിയുടെ പിന്തുണ കിട്ടാതെ വഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അന്നദ്ദേഹത്തിന്റെ നീതിബോധം ഇരയ്ക്കനുകൂലമായി പ്രവര്‍ത്തിച്ചു, ബാക്കിയെല്ലാം അവഗണിച്ചു.

എന്നാല്‍ പിന്നീട് കണ്ട പ്രവര്‍ത്തികളില്‍ മമ്മൂട്ടിക്ക് മുകളില്‍ പറഞ്ഞ ജെനുവിനിറ്റി ഇല്ലായിരുന്നു. തന്റെ നീതിബോധം അദ്ദേഹം പൂഴ്ത്തിവച്ചു. എഎംഎംഎയില്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍, ഒരിക്കല്‍ കൂടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നില്ലെന്ന വിനയം പ്രകടിപ്പിച്ച് അദ്ദേഹം പിന്‍വലിഞ്ഞു. അതൊരു കീഴടങ്ങലായിരുന്നു. ഒരിക്കല്‍ കൂടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള ആവശ്യത്തോട് ' ഞാന്‍ ഇനി ഇല്ല' എന്നു പറഞ്ഞൊഴിഞ്ഞത് ഒരുപക്ഷേ ആ സ്ഥാനത്ത് തുടര്‍ന്നാല്‍ തനിക്ക് നേരിടേണ്ടി വരുന്ന അപമാനം ഓര്‍ത്തു തന്നെയാവണം. ഒരിക്കല്‍ താന്‍ പുറത്താക്കിയ വ്യക്തിയെ മാപ്പ് അപേക്ഷയുടെ മാനത്തോടെ തിരികെ ക്ഷണിക്കേണ്ടി വന്നിരുന്നെങ്കില്‍ മമ്മൂട്ടിക്കത് അപമാനം തന്നെയായിരുന്നു. ദിലീപിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയപ്പോള്‍, സ്വയം ഇളിഭ്യനായി നില്‍ക്കേണ്ടി വരുമായിരുന്നു മമ്മൂട്ടിക്ക്. 

സംഘടനയോടുള്ള താത്പര്യമാണ് മമ്മൂട്ടി പ്രകടമാക്കിയതെന്ന് വാദിക്കുന്നവരുണ്ടാകും. നമ്മളെല്ലാവരും കൂടി ഉണ്ടാക്കിയ സംഘടന തകരരുതെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയ്ക്കു പിന്നില്‍, കീഴടങ്ങി കൊടുത്തില്ലെങ്കില്‍ എഎംഎംഎ എന്ന സംഘടനയ്ക്ക് എന്ത് സംഭവിക്കുമെന്ന വ്യക്തത അദ്ദേഹത്തിനുള്ളതായിരുന്നിരിക്കാം കാരണം. എഎംഎംഎ മലയാള സിനിമയിലെ അഭിനേതാക്കളുടെ വെല്‍ഫെയര്‍ സംഘടനയെന്നതില്‍ നിന്നും ഏറെ മാറിയിട്ടുണ്ട്. സിനിമയില്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍, തങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് ഒരു വിഭാഗം സംഘടനയിപ്പോള്‍ ഉപയോഗിക്കുന്നത്. എതിരാളികളുടെ സമ്പൂര്‍ണ നാശത്തിനും അവര്‍ക്ക് ഈ സംഘടനയുടെ ശക്തി ഉപയോഗപ്പെടുത്തണം. അങ്ങനെയൊരിടമായി മാറിയ എഎംഎംഎയില്‍ തന്റെയാവിശ്യമില്ലെന്ന ധാരണയായിരുന്നു മമ്മൂട്ടിക്കെങ്കില്‍, ആ ഒഴിഞ്ഞുമാറല്‍ നീതി തേടുന്നവരോടുള്ള ദ്രോഹം ചെയ്യലായിരുന്നു.  മമ്മൂട്ടി ഒഴിഞ്ഞ സ്ഥാനത്തേക്ക് വന്നയാള്‍ ആരാണെന്നു കൂടി നോക്കണം. ഇടവേള ബാബു! ഇടവേള ബാബുവില്‍ നിന്നും ഇരയാക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ആര്‍ജ്ജവുമുള്ള തീരുമാനം ഇന്നേവരെ ഉണ്ടായിട്ടുണോ?  കോടതിയില്‍ കൂറുമാറിക്കൊണ്ട് അതിജീവിതയെ ചതിക്കുകയാണയാള്‍ ചെയ്തിട്ടുള്ളത്.  നാളെ ദിലീപ് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞാല്‍ പോലും ജനറല്‍ സെക്രട്ടറി അയാളെ തള്ളിപ്പറയില്ല. ഉണ്ണുന്ന ചോറിന് കൂറുകാണിച്ചിരിക്കും ബാബു. നേരും നെറിയുമുള്ള ഒരുപാടുപേരൊന്നും ഇല്ലാത്ത ആ സംഘടനയില്‍ നിന്നും ആ പെണ്‍കുട്ടിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ല. അവളല്ല, യഥാര്‍ത്ഥ ഇര അവനാണെന്ന് പറയുന്നവരില്‍ നിന്നും എന്തു നീതി പ്രതീക്ഷിക്കാന്‍?  ഇനിയീ രക്തത്തില്‍ എനിക്ക് പങ്കില്ലെന്നു പറഞ്ഞ് കൈകഴുകി മാറിയ ഒരാളെന്ന നിലയില്‍ ഇതിനൊക്കെയുള്ള വഴി വെട്ടിക്കൊടുത്തത് മമ്മൂട്ടി കൂടിയാണ്.  

രണ്ട് മെഗാതാരങ്ങളുടെയും ഈ മുന്‍കാല ചെയ്തികള്‍ വ്യക്തതയോടെ മലയാളികളുടെ മനസില്‍ ഉള്ളതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഐക്യദാര്‍ഢ്യപ്പെടലിലും ബഹുമാനം കാണിക്കലിലും കാണികള്‍ക്ക് കൃത്രിമത്വം തോന്നുന്നത്. അതു തിരുത്തേണ്ടതും മോഹന്‍ലാലും മമ്മൂട്ടിയുമാണ്, അതിനുവേണ്ടത് അവള്‍ക്കൊപ്പം മാത്രമാണ് നിങ്ങളെന്ന് ഉറപ്പിക്കാലാണ്.

Tail End; ഇന്നലെ അതീജിവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തവരില്‍ ദുല്‍ഖര്‍ സല്‍മാനെയും കണ്ടിരുന്നു. ദുല്‍ഖറിന്റെ മനംമാറ്റത്തില്‍ സന്തോഷം. മൂന്നുനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സിഎന്‍എന്‍-ന്യൂസ് 18 എന്റര്‍ടയിന്‍മെന്റ് എഡിറ്റര്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവവും, ദിലീപിന്റ അറസ്റ്റും സംബന്ധിച്ച വിഷയത്തില്‍ ദുല്‍ഖര്‍ ആദ്യമായി പ്രതികരിച്ചത്. താന്‍ അമ്മ എക്‌സിക്യുട്ടിവ് അംഗമല്ലെന്നും അതിനാല്‍ ദിലീപ് വിഷയത്തില്‍ മറുപടി പറയേണ്ടതില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ദിലീപ് വിവാദത്തില്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ ആക്രമിക്കപ്പെട്ടവരെയും ഇരയാക്കപ്പെട്ടവരെയും കുട്ടിക്കാലം മുതല്‍ക്കേ തനിക്ക് അറിയാമെന്നും ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും അത്തരമൊരു കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ഇവിടെയാണോ എന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞൊഴിയുകയായിരുന്നു അദ്ദേഹം. 

അന്ന് ദുല്‍ഖറിന്റെ നിലപാടിന് തക്ക മറുപടി റിമ കല്ലിങ്കല്‍ നല്‍കിയിരുന്നു. ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ലെന്നായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റിമ പ്രതികരിച്ചത്. 'അവള്‍ക്കൊപ്പം നില്‍ക്കണമെന്ന കൃത്യമായ ബോധത്തിലാണ് ഡബ്ല്യു സി സി എന്ന സംഘടന തുടങ്ങിയത്. ആരെയും ദ്രോഹിക്കാന്‍ അല്ല. പക്ഷെ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരുടെയയും എതിരെ നില്‍ക്കേണ്ടി വരും. ദുല്‍ഖര്‍ പറയുംപോലെ-ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ- എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കാരണം ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്, ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ല. അതിനു കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം.';  അതിജീവിതയ്ക്ക് പിന്തുണയുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ റിമയുടെ വാക്കുകളാണ് ഓര്‍മ വരുന്നത്.