'നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാട് എന്താണെന്നറിയില്ല': വിജയ് ബാബു/ അഭിമുഖം

തെരഞ്ഞെടുപ്പ് വരട്ടെ. മത്സരിക്കാന്‍ നില്‍ക്കട്ടെ എന്നുള്ള തീരുമാനം തന്നെയായിരുന്നു
 
vijay babu

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് താരസംഘടന 'അമ്മ'യുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. സാധാരണ നിലയില്‍ തെരഞ്ഞെടുപ്പ് എന്നൊരു സംഗതി തന്നെ അമ്മയില്‍ ഉണ്ടാവാറില്ല. എന്നാല്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ താരങ്ങള്‍ രംഗത്തെത്തിയതോടെ കടുത്ത മത്സരം നടക്കുകയായിരുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് വിജയിച്ച താരങ്ങളില്‍ ഒരാളാണ് വിജയ്ബാബു. നിര്‍മാതാവ് കൂടിയായ വിജയ് ബാബു അമ്മയിലെ തെരഞ്ഞെടുപ്പിനെ കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും 'അഴിമുഖ'ത്തോട് സംസാരിക്കുന്നു. 

താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്താണ് കാരണം?

സീനിയേഴ്സ് ആയിട്ടുള്ളവര്‍ക്ക് എന്തെങ്കിലും കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ കഴിയും എന്നുള്ള രീതിയിലാണ് മത്സരിക്കാന്‍ എത്തുന്നത്. എന്നേക്കാള്‍ എഫിഷെന്റ് ആയുള്ളവര്‍ പാനലില്‍ ഉണ്ടെന്നറിഞ്ഞ് നാമനിര്‍ദ്ദേശ പത്രിക പിന്‍ലിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അത് നടന്നില്ല. അപ്പോള്‍ പിന്നെയൊരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത് മത്സരിക്കാനൊരുങ്ങുകയായിരുന്നു. എല്ലാവരും കൂടി രസകരമായൊരു സംഭവമായേ കാണുന്നുള്ളൂ. സ്‌കൂളിലൊക്കെ ഇലക്ഷന് നില്‍ക്കുന്നതുപോലെ. തമാശയൊക്കെ പറഞ്ഞ് എല്ലാവരോടും വോട്ട് ചോദിക്കുന്നു. ഒരുപാട് പേര് വോട്ടു ചെയ്യുന്നു, ജയിക്കുന്നു. അപ്പോള്‍ വോട്ടുചെയ്തവര്‍ക്ക് ഞാനതില്‍ വരണമെന്നുള്ള ആഗ്രഹം കാണുമല്ലോ. അമ്മ എന്ന സംഘടനക്കും അതിലുള്ള അംഗങ്ങള്‍ക്കും എനിക്ക് കഴിയാവുന്ന കോണ്‍ട്രിബ്യൂഷന്‍സ് ഞാന്‍ നല്‍കും. അത്രേയുള്ളൂ. അല്ലാതെ വലിയൊരു ലോബിയോ പാനലോ ഉള്ളതായി തോന്നിയിട്ടില്ല. എല്ലാവരും കളിച്ച് ചിരിച്ചുള്ള ഒരു കാര്യം. വെളിയില്‍ കാണുന്നതുപോലെയുള്ള വലിയ മത്സരമെന്നോ മറ്റൊന്നുമില്ല. അങ്ങനെയൊരു തോന്നലില്ല. 

ഔദ്യോഗികപക്ഷത്തെ അട്ടിമറിച്ചാണ് വിജയം എന്നൊക്കെയാണല്ലോ പറയുന്നത്?

അങ്ങനെയൊന്നുമില്ല. അട്ടിമറിയില്ല. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നേരത്തെ ഇരുന്ന പാനല്‍ അവരെ സുഹൃത്തുക്കള്‍ പ്രൊമോട്ട് ചെയ്യുന്നു എന്നായിരുന്നു വിവരം. പുറത്തുകേള്‍ക്കുന്ന പോലെയുള്ള അട്ടിമറി എന്നൊന്നില്ല. എല്ലാവരും കൂടി നേരത്തെ പറഞ്ഞതുപോലെ രസകരമായി ചിരിച്ചും കളിച്ചുമൊക്കെയായിരുന്നു തെരഞ്ഞെടുപ്പ്. ആരും ഇടപെട്ടിട്ടുമില്ല. അതൊരു ഫണ്ണായാണ് കണ്ടത്. 

ആരും മത്സരരംഗത്തേക്ക് വരാറില്ലായിരുന്നല്ലോ. ഇത്തവണ മത്സരരംഗത്തേക്ക് വന്നത് എങ്ങനെ കാണുന്നു?

ഇത്തവണ മത്സരം വേണമെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വരട്ടെ. മത്സരിക്കാന്‍ നില്‍ക്കട്ടെ എന്നുള്ള തീരുമാനം തന്നെയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്ലാതെ പോകാനുള്ള സാധ്യതയും അന്വേഷിച്ചിരുന്നു. എന്നാല്‍ പിന്നെ തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നുള്ള തീരുമാനത്തിലെത്തുകയായിരുന്നു. അല്ലാതെ മറ്റു പ്രശ്നങ്ങെളാന്നുമില്ല. 

തെരഞ്ഞെടുപ്പ് അമ്മയിലെ ചില താരങ്ങളുടെ കുത്തക നിലപാടിനെതിരെയായിരുന്നോ?

അമ്മയില്‍ എല്ലാ വലിയ തീരുമാനങ്ങളും എല്ലാ അംഗങ്ങളേയും അറിയിച്ചുകൊണ്ടാണ് എടുക്കുന്നത്. ഒരു ഷോ വരുന്നുവെന്ന് കരുതുക. അപ്പോള്‍ അതിലെടുക്കുന്ന തീരുമാനങ്ങള്‍, ചാനലുകളുമായി എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യണം എന്നൊക്കെയാണ് അതില്‍ വരുന്നത്. അല്ലാതെ വലിയ വലിയ തീരുമാനങ്ങളൊന്നും എടുക്കാനില്ല. ചില എന്റെര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍, അംഗങ്ങള്‍ക്ക് ഗുണകരമായിട്ടുള്ള കാര്യങ്ങളോ, ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ സഹായിക്കുക എന്നൊക്കെയല്ലാതെ മന്ത്രിസഭ എടുക്കുന്ന പോലെയുള്ള തീരുമാനങ്ങളൊന്നും അവിടെയില്ല. 

തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് നടന്‍ സിദ്ദീഖിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റുണ്ടായിരുന്നു. അത് ശ്രദ്ധിച്ചിരുന്നോ?

ഞാനിതൊന്നും കണ്ടിട്ടില്ല. എനിക്ക് ഷൂട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പോലും ഒരുപാട് ആളുകളോട് വിളിച്ചുപറഞ്ഞിരുന്നില്ല. പല ആളുകള്‍ക്കും മെസേജ് അയച്ചു. പിന്നെ വരുന്നവരോടാണ് ആവശ്യപ്പെട്ടത്. അല്ലാതെ മറ്റു പോസ്റ്റുകളൊന്നും മൈന്റ് ചെയ്തിട്ടില്ല. കണ്ടിട്ടുമില്ല. 

എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പുതിയതായി എന്തെങ്കിലും കൊണ്ടുവരാനാകുമോ?

ഒരു ഷോ വരുന്നുവെന്ന് കരുതുക. ഞാന്‍ ചാനലുമായി ബന്ധപ്പെട്ടുള്ളയാളാണ്. അത് വാര്‍ത്താസമ്മേളനത്തിലും അവര്‍ വ്യക്തമാക്കിയിരുന്നു. വിജയ്ബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട് എന്നൊക്കെ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടല്ലേയുള്ളൂ. അടുത്തമാസമാണ് യോഗം നടക്കുക. അപ്പോള്‍ എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുക എന്ന് എല്ലാവരും അറിയിക്കും. നല്ല ഐഡിയാസ് ഉണ്ടെങ്കില്‍ അത് പറയും. ചര്‍ച്ച ചെയ്യും. 

ഷമ്മി തിലകന്‍ വിമതസ്വരം ഉയര്‍ത്തിയിരുന്നല്ലോ?അതിനെക്കുറിച്ച്?

അതിനെക്കുറിച്ച് എനിക്കറിയില്ല. ഞാന്‍ അമ്മയില്‍ അടുത്തകാലത്ത് വന്നിട്ടുള്ള അംഗമാണ്. ഇതൊക്കെ പഴയ സംഭവമാണ്. ഒരുപാടൊന്നും എനിക്കതിനെ കുറിച്ച് അറിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുപോലുമില്ലായിരുന്നു, അങ്ങനെ സംഭവിച്ചുപോതാണ്. പുതിയതായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കാന്‍. പഴയതൊന്നും എനിക്കറിയില്ല. അതിലൊന്നും ഇടപെടാനും താല്‍പ്പര്യമില്ല. ദൈവത്തെയോര്‍ത്ത് അതിലേക്കൊന്നും വലിച്ചിടരുത്. 

ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഞാനൊരു പ്രൊഡ്യൂസറും കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാവരുമായുള്ള സൗഹൃദം ആവശ്യമാണ്. അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ചെയ്യുക എന്നല്ലാതെ. പൊതുവെ ഇത്തരം വിഷയങ്ങള്‍ക്ക് പിറകെ പോകാറുമില്ല. ഇടപെടാറുമില്ല. സത്യത്തില്‍ എനിക്കാ വിഷയങ്ങളൊന്നും അറിയുകപോലുമില്ല. അതൊക്കെ പഴയ വിഷയങ്ങളാണ്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയെടുത്ത നിലപാട് വിവാദമായിരുന്നല്ലോ?നിലപാടിനെതിരെ പൊതുമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു?

ഇല്ല. അമ്മ അതിനുശേഷം ചര്‍ച്ചയായിട്ടൊന്നുമില്ല. നേരത്തേയും ഷോകള്‍ നടന്നിട്ടുണ്ട്. പിന്നീടും നടന്നിട്ടുണ്ട്. ഇപ്പോഴും നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്. ആ വിഷയം വണ്‍ ഓഫ് ദ ഇന്‍സിഡന്റ്സ് ആണ്. മാത്രമല്ല, അതിപ്പോള്‍ കോടതിയുടെ പരിഗണനയിലും ഇരിക്കുന്ന കാര്യമാണ്. അമ്മയെ ബാധിച്ചിട്ടില്ല. അമ്മയില്‍ ഞാന്‍ പുതിയൊരാളാണ്. പക്ഷേ ചാനലില്‍ ഇരിക്കുമ്പോഴാണ് സൂര്യതേജസ്സോടെ അമ്മയൊക്കെവരുന്നത്. അപ്പോഴാണ് അമ്മയിലെ അംഗങ്ങളുമായൊക്കെ ബന്ധമുണ്ടാവുന്നത്. ആറുവര്‍ഷമേ ആയിട്ടുള്ളൂ അമ്മയില്‍ അംഗമായിട്ട്. പുതിയൊരാള്‍ എന്ന നിലയില്‍ ഇതിനെക്കുറച്ചൊന്നും പറയേണ്ടതില്ല. വളരെ കാലമായി അറിയുന്നതുകൊണ്ടാവാം അംഗങ്ങള്‍ വോട്ടുചെയ്തത്. വളരെ സീനിയേഴ്സ് ഉണ്ടായിട്ടും എന്നെ പരിഗണിച്ചത്. അതുകൊണ്ടുതന്നെ അമ്മയുടെ ഉള്ളിലുള്ള കാര്യങ്ങളെക്കുറിച്ച് ചോദിക്കാന്‍ ഞാന്‍ റോങ് പേഴ്സണാണ്. അതുകൊണ്ടറിയില്ല. 

ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്
 

അമ്മയില്‍ നിന്നുകൊണ്ടുവേണ്ട. നിങ്ങള്‍ പുറത്തുനിന്നുള്ളൊരാള്‍ എന്ന നിലയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയെടുത്ത നിലപാടിനെ എങ്ങനെ കാണുന്നു? നിലപാട് ശരിയല്ലെന്ന് പൊതുസമൂഹം വിമര്‍ശിക്കുന്ന സാഹചര്യത്തില്‍?

സത്യത്തില്‍ ആ നിലപാട് എന്താണെന്നു പോലും എനിക്കറിയില്ല. നടി ആക്രമിക്കപ്പെട്ടുവെന്നത് ശരിയാണ്. എന്റെ സുഹൃത്താണ്. ഒരു ബില്‍ഡിംഗില്‍ തന്നെ താമസിച്ചിരുന്നവരാണ്. എല്ലാവരും സുഹൃത്തുക്കളാണ്. പക്ഷേ ഇതൊന്നും നമ്മള്‍ ഉത്തരം പറയേണ്ട കാര്യങ്ങളല്ല. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും അറിയുന്നവരാണ്. കൂടാതെ കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളുമാണ്. ഒരു വ്യക്തി എന്ന നിലയിലും എനിക്കതിന് ഉത്തരം പറയാനാവില്ല. ആക്രമിക്കപ്പെട്ട നടിയുമായി കോണ്‍ടാക്റ്റ് ഇപ്പോഴുമുണ്ട്. 

അടുത്ത സിനിമ ഏതാണ്?

നാലുസിനിമകള്‍ ചെയ്തുവെച്ചിട്ടുണ്ട്. ആദ്യമായി ഫ്രൈഡെ ഫിലിംസ് കന്നടയില്‍ സിനിമ ചെയ്തു. അബ്ബബ്ബ എന്നാണ് സിനിമയുടെ പേര്. കോമഡി സിനിമയാണ്. മുരളിഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന സിനിമയുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്,സിദ്ദീഖ് എന്നിവര്‍ക്കൊപ്പം ഞാനുമുണ്ട്. പട്ടികളെ വാങ്ങി കുഞ്ഞുങ്ങളെ വളര്‍ത്ത് ട്രെയിന്‍ ചെയ്യിച്ചുള്ള ഒരു സിനിമയുണ്ട്. കുറച്ച് എഫേര്‍ട്ട് എടുത്തു ചെയ്തതാണത്. വാലാട്ടി എന്നാണ് ആ സിനിമയുടെ പേര്. ഇന്ത്യയില്‍ ആദ്യമായിരിക്കും അത്തരത്തിലുള്ള ഒരു സിനിമ. രണ്ടേക്കാല്‍ മണിക്കൂറുള്ള സിനിമ അഞ്ചുഭാഷകളിലായാണ് ഇറങ്ങുന്നത്. കൂടാതെ ഡോഗ്സിനൊക്കെ ഡബ്ബിംഗ് ഉണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്. മിഥുന്‍ മാനുല്‍ ചെയ്യുന്ന ചെറിയ സിനിമയുണ്ട്. അര്‍ദ്ധരാത്രിയിലെ കുട എന്ന പേരിലാണ് സിനിമ. കോവിഡ് സമയത്താണ് ആറു സിനിമകള്‍ തീര്‍ത്തത്. ഓടിനടത്തമായിരുന്നു. അതുകൊണ്ടാണ് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ഇല്ലാത്തത്. ഇതിലൊന്നും സമയമില്ല. നമ്മളറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നാണ് നിലപാട്. ഞാന്‍ സമൂഹത്തിന് എന്താണ് കോണ്‍ട്രിബ്യൂട്ട് ചെയ്യേണ്ടത് എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഒരുപാട് പേര്‍ക്ക് ജോലി കൊടുക്കുന്നുണ്ട്, എന്റെ കാസ്റ്റിംഗ് നോക്കിയാല്‍ തന്നെ അത് കാണാന്‍ കഴിയും. നല്ല സന്ദേശങ്ങളുള്ള സിനിമകള്‍ ചെയ്യുക അതൊക്കെയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് എന്റെ ഡിപെന്റ് ചെയ്യുന്നവരുണ്ടായിരുന്നു അവരെ ഹെല്‍പ്പ് ചെയ്യുക. എല്ലാറ്റിലും നിലപാടുണ്ട്. എന്നാല്‍ അതൊന്നും വിളിച്ചുപറയണമെന്നില്ല. നിലപാടുകള്‍ ഉളളിലിരിക്കട്ടെ. അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതി. അല്ലാതെ പബ്ലിക് ആയി പറയാനായിട്ട് താല്‍പ്പര്യമില്ല.