ആ പേരുകള്‍ പുറത്തു വരുമെന്ന ഭയത്താലാണോ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തത്?

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന ആരോപണം അത്ഭുതപ്പെടുത്തുന്നില്ലെന്നും പാര്‍വതി

 
parvathy


മലയാള സിനിമ ലോകത്തെ പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവരുമെന്ന ഭയത്താലാണ് ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്ന് അഭിനേത്രി പാര്‍വതി തിരുവോത്ത്. അഭിനേത്രികള്‍ തൊട്ട് സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വ്യാപകമായ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും അതിനു പിന്നിലുള്ളവരുടെ പേരുകള്‍ താനടക്കമുള്ളവര്‍ കമ്മീഷനോട് വിശദമായി പറഞ്ഞുകൊടുത്തതാണെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പാര്‍വതി പറഞ്ഞു. എന്നാല്‍ മൊഴി കൊടുത്തവരെ സംരക്ഷിക്കാനെന്ന വ്യാജേന, കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപമാണ് പാര്‍വതി ഉയര്‍ത്തുന്നത്. ' എട്ടോ ഒമ്പതോ മണിക്കൂറുകള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് പോലും ചെയ്യാതെ എഴുതിയെടുക്കുകയാണ് അവര്‍ ചെയ്തത്. പാര്‍വതിയുടെ പേര് വരല്ലല്ലോ എന്നാണവര്‍ പറഞ്ഞത്, പേര് വന്നാലും കുഴപ്പമില്ല, നീതി കിട്ടിയാല്‍ മതി എന്നാണ് ഞാന്‍ പറഞ്ഞത്. പേര് ചേര്‍ക്കുന്നില്ല എന്നു പറഞ്ഞവര്‍ പിന്നീട് പറയുന്നത് പേര് എഴുതിയിട്ടുണ്ടെന്നാണ്. അതെന്ത് അവകാശത്തിലാണ്? പേര് ഉള്ളതുകൊണ്ട് ഞങ്ങളെ പ്രൊട്ടക്റ്റ് ചെയ്യാന്‍ വേണ്ടി ആ റിപ്പോര്‍ട്ട് മാറ്റി വയ്ക്കുന്നു, എന്തിനാണത്? ഞങ്ങളെ അപമനിക്കലല്ലേയത്? പാര്‍വതി ചോദിക്കുന്നു.

പള്‍സര്‍ സുനി എഴുതിയതെന്നു പറയുന്ന കത്തില്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണമുണ്ട്. ഇങ്ങനെയൊരു ആരോപണം തന്നെ ഒരു തരത്തിലും അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് പാര്‍വതി പറയുന്നത്. സെക്‌സ് റാക്കറ്റ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും, അതിനു പിന്നിലുളളവരെ കുറിച്ചും പേര് വിവരങ്ങള്‍ അടക്കം ഹേമ കമ്മിഷനോട് പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ചൂഷണങ്ങള്‍ നടക്കുന്നത്, ഇരകളായവരെ എങ്ങനെയൊക്കെയാണ് ഭീഷണിപ്പെടുത്തി കുറ്റവാളികള്‍ അവരുടെ വരുതിയില്‍ നിര്‍ത്തുന്നതെന്നതിനെ കുറിച്ചും വിശദമാക്കിയിട്ടുണ്ടെന്നാണ് പാര്‍വതി പറയുന്നത്.

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

കമ്മീഷനോട് പറഞ്ഞകാര്യങ്ങള്‍ പുറത്തു പറയാത്തത് ജീവഭയം ഉള്ളതുകൊണ്ടാണെന്നും പാര്‍വതി തുറന്നു പറയുന്നു. പലതരം ഭീഷണികള്‍ താനടക്കമുള്ളവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പാര്‍വതി വെളിപ്പെടുത്തുന്നത്. സെക്സ്റ്റ് റാക്കറ്റ് അടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന ഗ്രൂപ്പുകള്‍ ഇന്‍ഡസ്ട്രിക്കകത്തുണ്ട്. ഒറ്റയ്ക്കുപോയി കാണുക, ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നൊക്കെ പറഞ്ഞ് നിര്‍ബന്ധിക്കുന്ന നിര്‍മാതാക്കളും സംവിധായകരും പ്രൊക്ഷകന്‍ കണ്‍ട്രോളര്‍മാരും എല്ലാം ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമാണെന്നും അതിനെക്കുറിച്ചെല്ലാം കമ്മിഷനോട് തുറന്നു പറഞ്ഞിട്ടുള്ളതാണെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ പാര്‍വതി വ്യക്തമാക്കുണ്ട്.

മി ടൂ കാമ്പയിന്‍ സജീവമായ സമയത്ത് ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഒരുപാട് പേരുകള്‍ ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നു. ആ പേരുകള്‍ കേട്ടാല്‍ സമൂഹം നടുങ്ങും. പക്ഷേ, പറയാത്തത് ജീവഭയം ഉള്ളതുകൊണ്ടാണ്. എങ്ങനെയൊക്കെയാണ് ഇവിടെ ഗൂഢാലോചനകള്‍ നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളാണ് എന്നും പാര്‍വതി വെളിപ്പെടുത്തുന്നു.

വിമന്‍ കളക്ടീവിന് ഒരു റോളുണ്ട്, എല്ലാം ശരിയാണെന്നു പറയുമ്പോള്‍ ചിലതൊക്കെ ശരിയല്ലെന്നു പറയാന്‍, ചിലത് തിരുത്താന്‍

ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടാന്‍ വേണ്ടി മുന്നിട്ടറങ്ങിയത് കരിയറില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കുമെന്ന് മനസിലാക്കി തന്നെയാണെന്നാമ് പാര്‍വതി പറയുന്നത്. അവസരങ്ങളാണോ വലുത് ജീവിതത്തിലെ ഡിഗ്നിറ്റിയാണോ എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. താന്‍ ചെയ്ത സിനിമകള്‍ ബോക്‌സ് ഓഫിസ് ഹിറ്റുകളായിട്ടും തനിക്കിപ്പോഴും മലയാള സിനിമയില്‍ അവസരങ്ങള്‍ കുറവാണെന്നാണ് പാര്‍വതി ചൂണ്ടിക്കാണിക്കുന്നത്. മനഃപൂര്‍വം അവഗണിക്കുകയാണെന്ന പരാതിയാണ് പാര്‍വതിയുടെ വാക്കുകളില്‍. മറ്റൊരു തരത്തിലാണ് തന്നെപ്പോലുള്ളവരെ നോക്കി കാണുന്നതെന്നാണ് പാര്‍വതി വ്യക്തമാക്കുന്നത്. എന്നെ കാണുമ്പോള്‍ സെറ്റില്‍ പറയുന്നത്  ദാ ഡബ്ല്യുസിസി വന്നിട്ടുണ്ട്, ഇനിയൊന്നും പറയരുതെന്നാണ്. ആ പേടി നല്ലതാണ്- പാര്‍വതി പറയുന്നു.

ഒരു ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ഇന്‍ഡസ്ട്രിയില്‍ വേണമെന്നാവശ്യപ്പെട്ട് വിമന്‍ കളക്ടീവ് കോടതിയെ സമീപിച്ചപ്പോള്‍ അങ്ങനെയൊന്നിന്റെ ആവശ്യമില്ലെന്ന് വാദിച്ചവരാണ് എഎംഎംഎ എന്നും അവര്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും ചര്‍ച്ചയില്‍ പാര്‍വതി ചോദിക്കുന്നുണ്ട്.