എന്തുകൊണ്ടവര്‍ മഞ്ജുവിനെ ഭയപ്പെടുന്നു!
 

തന്റെതായിരുന്ന പലതും നഷ്ടപ്പെടുത്തി, സ്വന്തമായ, സ്വതന്ത്രമായൊരു ജീവിതത്തിലേക്ക് തിരിച്ചറിങ്ങി വന്നൊരു സ്ത്രീയാണ് മഞ്ജു
 
manju warrier

തീര്‍ത്താല്‍ തീരാത്ത പകയാണോ മഞ്ജു വാര്യരോട്,  കുതന്ത്രങ്ങളൊരുക്കി വേട്ടയാടാന്‍ മാത്രം ആ സ്ത്രീ ചെയ്ത തെറ്റെന്താണ്? പള്‍സര്‍ സുനി എഴുതിയെന്നു പറയപ്പെടുന്ന ഒരു കത്തിലെ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്ന സ്വാഭാവിക ചോദ്യം. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലേക്ക് മഞ്ജുവിനെ മനഃപൂര്‍വം വലിച്ചിടാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്നാണ് കത്തിലെ ആരോപണം. 'അനൂപ് ബാബു സാറിനെ കണ്ടതും ബാബുസാര്‍ മാര്‍ട്ടിനോട് മഞ്ജുവിനെയും ശ്രീകുമാറിനെയും ഈ കേസിലേക്ക് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ വിളിച്ചു പറഞ്ഞ് ഉള്‍പ്പെടുത്താന്‍ പറഞ്ഞതും, മാര്‍ട്ടിന്‍ കോടതിയില്‍  എഴുതി കൊടുത്തതും ഞാനറിഞ്ഞു. ഒന്നും ഇല്ലാത്ത ,സമയത്ത് കൂടെകൂടി എല്ലാം നേടി പവറും പദവിയും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു'- ഈ വരികള്‍ ഒരു സ്ത്രീയോട് ചെയ്ത ചതിയും അവര്‍ക്കെതിരേ തുടരുന്ന ഗൂഢാലോചനകളുമാണ് വെളിവാക്കുന്നത്.

തന്റെതായിരുന്ന പലതും നഷ്ടപ്പെടുത്തി, സ്വന്തമായ, സ്വതന്ത്രമായൊരു ജീവിതത്തിലേക്ക് തിരിച്ചറിങ്ങി വന്നൊരു സ്ത്രീയാണ് മഞ്ജു. അവരൊരിക്കലും ഇര വേഷം കെട്ടിട്ടിയിട്ടില്ല. അവസരമുണ്ടായിട്ടും കഴിഞ്ഞകാലങ്ങളുടെ കണ്ണീര്‍ കഥകള്‍ പറയാന്‍ ഒരു മാധ്യമത്തിന്റെയും കവര്‍ ചിത്രവുമായില്ല. കോടികളുടെ നഷ്ടപരിഹാരം വാങ്ങിച്ചെടുത്തില്ല. അവകാശപ്പെട്ടതുപോലും വിട്ടുകൊടുത്തിട്ട് പോരുകയായിരുന്നു. താനെന്ന കലാകാരിയിലും വ്യക്തിയിലുമുള്ള ആത്മവിശ്വാസം മാത്രമാണവര്‍ ഉപയോഗപ്പെടുത്തിയത്. അവരുടെ തൊഴിലിടത്തില്‍, പരമാവധി പ്രൊഫഷണലിസത്തോടെ മുന്നോട്ടുപോവുന്നു. അതില്‍ നിന്നു കിട്ടുന്ന പിന്തുണമാത്രമാണ് മഞ്ജുവിനുള്ളത്. അത്ര ലളിതവും സുന്ദരവുമാണ് ഇന്നവരുടെ ജീവിതം.

 Also Read: ' വരുമാനമാണ് ലക്ഷ്യമെങ്കില്‍ മറ്റു വഴികള്‍ നോക്കണം': 'വനിത'യ്‌ക്കെതിരേ പ്രതിഷേധം

 'പ്രതികാരം' ചെയ്യാനാണെങ്കില്‍, തന്നെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്ന വ്യക്തിയെക്കാള്‍ ഭംഗിയായി അവര്‍ക്കത് ചെയ്യാന്‍ സാധിക്കുമായിരുന്നു. മഞ്ജു സിനിമയിലേക്ക് തിരിച്ചു വന്നപ്പോള്‍ അതിന് തടസം സൃഷ്ടിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് നോക്കിയത്. അവര്‍ക്കൊപ്പം അഭിനയിക്കരുതെന്ന് നടന്മാരോട് ആവശ്യപ്പെടുക, സംവിധായകരെയും നിര്‍മാതാക്കളെയും സമ്മര്‍ദ്ദത്തിലാക്കുക; ഹീനമായ പലവഴികളും നോക്കി. എന്നിട്ടും മഞ്ജുവിനെ തോല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. 

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് രാമലീല എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നത്. വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പായിരുന്നു ആ ദിലീപ് സിനിമയ്ക്കുനേരെയുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ രാമലീല ബഹിഷ്‌കരണ കാമ്പയിന്‍ സജീവമായി. രാമലീലയ്‌ക്കൊപ്പം തന്നെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമായിരുന്നു ' ഉദാഹരണം സുജാത'. സ്വന്തം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മഞ്ജു ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. ആ പോസ്റ്റില്‍ ഏറ്റവും ശ്രദ്ധേയമായത് രാമലീല എന്ന സിനിമയ്ക്ക് നല്‍കിയ പിന്തുണയായിരുന്നു. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല എന്നാണവര്‍ പറഞ്ഞത്. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണുതാനും എന്നതായിരുന്നു അവരുടെ ഫിലോസഫി. 'സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്ക് മാപ്പുതരില്ല'-ഇത്രയും പ്രൊഫഷണലായി ഒരാളും സംസാരിച്ചിട്ടില്ലായിരുന്നു.

പണം കൊണ്ട് എന്തും നേടാമെന്നും ആരെയും തോല്‍പ്പിക്കാമെന്നും കരുതുന്നൊരാളും പണം മാത്രമല്ല ജീവിതം എന്നു തിരിച്ചറിഞ്ഞ മറ്റൊരാളും തമ്മിലുള്ള വ്യത്യാസമാണത്. തനിക്കെതിരേ നില്‍ക്കുന്നവരെയെല്ലാം ഫീല്‍ഡ് ഔട്ടാക്കാന്‍ ആവേശം കാണിക്കുന്നൊരുവന് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കാനുള്ള അവസരം കിട്ടിയിട്ടും അത് നിഷേധിച്ച മഞ്ജുവാണ് യഥാര്‍ത്ഥ കലാകാരി, മറ്റെയാള്‍ വെറും കച്ചവടക്കാരന്‍. ജീവിതം അയാള്‍ക്ക് ബിസിനസാണ്. സ്വന്തം ഭാര്യ കൂട്ടുകച്ചവടക്കാരി മാത്രമായിരിക്കും. ഒരിക്കല്‍ അവരെ സൂത്രത്തില്‍ ഒഴിവാക്കാനും നോക്കും, അല്ലെങ്കില്‍ പൂര്‍ണമായി നശിപ്പിക്കാന്‍. അത് മുന്‍കൂട്ടി തിരിച്ചറിയാന്‍ മഞ്ജുവിന് കഴിഞ്ഞൂ. തൊഴിലെടുത്ത് നേടിയ കോടിക്കണക്കിന് രൂപയുടെ സാമ്പാദ്യം വേണ്ടെന്നുവച്ചാണ് മഞ്ജു, താന്‍ അകപ്പെട്ടുപോയ കച്ചവടക്കാരന്റെ കൈകളില്‍ നിന്നും മോചനം നേടിയത്. കച്ചവടക്കാരനത് ലാഭമായിരിക്കാം, മറിച്ചു ചിന്തിച്ചാലെ ആ സ്ത്രീയുടെ വ്യക്തിത്വം മനസിലാവുകയുള്ളൂ.

Also Read:ദിലീപ് ഭയന്നതുപോലെ തന്നെ; തുടരന്വേഷണം ബൈജു പൗലോസ് നടത്തും, 'സത്യം'  പറയാന്‍ തയ്യാറായി മറ്റൊരാളും​​​​​​​

പണത്തിനല്ല, വ്യക്തിത്വത്തിന് തന്നെയാണ് മഞ്ജു പ്രധാന്യം കൊടുത്തതെന്ന് വ്യക്തമായത് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടത്തിയ പ്രസംഗത്തിലാണ്. നടി ആക്രമിക്കപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്താന്‍ മലയാള സിനിമ ലോകം യോഗം കൂടിയ ആ സന്ധ്യയില്‍. ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചു കിട്ടാനുള്ള അര്‍ഹതയുണ്ട്- എന്ന മഞ്ജുവിന്റെ സ്റ്റേറ്റ്‌മെന്റിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു. അന്ന് മഞ്ജു സംസാരിച്ചത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു. മഞ്ജു വാര്യര്‍ നൂറു കണക്കിന് മലയാള ചലച്ചിത്ര നടികളില്‍ ഒരാള്‍ മാത്രമാണ്. ഇന്‍ഡസ്ട്രിയില്‍ സ്വാധീനമുണ്ടായിരുന്ന എത്രയോ നടികള്‍ അവരുടെ മുന്‍ഗാമികളായി ഉണ്ടായിരുന്നു. പക്ഷേ ഒരു സ്ത്രീയുടെ കരുത്തില്‍, മലയാള സിനിമയുടെ ആണ്‍ഗരിമയ്ക്കു മുന്നില്‍ നിന്ന് ശബ്ദമുറച്ച് പറയാന്‍ അന്നൊരു മഞ്ജു വാര്യരെ ഉണ്ടായുള്ളൂ. ഒരു നടിയെന്ന നിലയില്‍ മാത്രമല്ല, ഒരു സ്ത്രീയെന്ന നിലയില്‍ കൂടി അവരുടെ അനുഭവങ്ങള്‍ പകര്‍ന്നുകൊടുത്ത കരുത്തായിരിക്കണം അവരന്ന് പ്രകടിപ്പിച്ചത്. 

​​​​​​​Also Read: 'എല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ ജനം തല്ലിക്കൊല്ലും': പള്‍സര്‍ സുനിയുടെ കത്തില്‍ ദിലീപിനെതിരേ ഗുരുതരാരോപണങ്ങള്‍
 

മഞ്ജുവിനും വിമര്‍ശകരുണ്ട്. സദാചാര നിരീക്ഷകര്‍ക്ക്, ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചിറങ്ങിപ്പോയൊരു പെണ്ണാണ് മഞ്ജു. ഇനിയൊരു കൂട്ടര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പേരിലാണ് വിമര്‍ശിക്കുന്നത്. അങ്ങനെയൊരു സംഘടന രൂപീകരിക്കാന്‍ കുറച്ചുപേരെ പ്രേരിപ്പിക്കുകയും, അതില്‍ അംഗമാകാതെ മറുചേരിയുടെ ഭാഗമായി നിന്ന് സിനിമയില്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ നോക്കിയ സ്വാര്‍ത്ഥമതിയായും മഞ്ജുവിനെ ചിത്രീകരിക്കുന്നു. ആദ്യത്തെ വിമര്‍ശക പക്ഷത്തിനുള്ള മറുപടിയായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ച് മഞ്ജു നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ കൂട്ടരോട്;  ആ പെണ്‍കുട്ടിക്ക് നീതി നേടിക്കൊടുക്കാന്‍ മഞ്ജു കാണിച്ച ധീരത മറ്റാര്‍ക്കും അവകാശപ്പെടാവുന്നതിലും വലുതാണ്. ഇതിലൊരു ക്രിമനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ലോകത്തോട് അവരാണ് ആദ്യം വിളിച്ചു പറഞ്ഞത്. ആ നിലപാട് ഇന്നേവരെ അവര്‍ തിരുത്തിയിട്ടുമില്ല. ശത്രുക്കള്‍ അവരെ ഭയപ്പെടുന്നതും അതുകൊണ്ടാകും...