മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ജയ് ഭീം കാണുമോ?
 

മലയാളത്തില്‍ എന്തുകൊണ്ടാണ് വിസാരണൈ പോലെ, പരിയേറും പെരുമാള്‍ പോലെ, കര്‍ണന്‍ പോലെ, ജയ് ഭീം പോലെ ഒരു സിനിമ ഉണ്ടാകാത്തത്?
 
 
jai bheem

വിജയിച്ചവരുടെ മാത്രമല്ല, പരാജയപ്പെട്ടവരുടെ കഥയും പറയണം. അത്തരം കഥകള്‍ കേരളത്തില്‍ ഇല്ലെന്നു പറഞ്ഞ് എത്രനാള്‍ മലയാള സിനിമയ്ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയും?


തമിഴ് സംവിധായകന്‍ വെട്രിമാരന്‍ ഒരു അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്, 'മലയാളത്തില്‍ പഴശ്ശിരാജയെ പറ്റിയും മറ്റ് രാജവംശങ്ങളെ കുറിച്ചും സിനിമകളുണ്ട്. എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് സിനിമയില്‍ ഇടമുണ്ടാകുക? അവരുടെ പോരാട്ടങ്ങളെ, സന്തോഷങ്ങളെ, ആഘോഷങ്ങളെ, ജീവിതങ്ങളെ സിനിമയില്‍ കൊണ്ടുവരിക?' 

അതേ, മലയാളത്തില്‍ എന്തുകൊണ്ടാണ് വിസാരണൈ പോലെ, പരിയേറും പെരുമാള്‍ പോലെ, കര്‍ണന്‍ പോലെ, ജയ് ഭീം പോലെ ഒരു സിനിമ ഉണ്ടാകാത്തത്?  ഒരു ദളിതനോ ആദിവാസിയോ വീണതിന്റെയോ പോരാടി നിന്നതിന്റെയോ കഥ പറയാതെ, സൂപ്പര്‍ ഹീറോകളെയും സൂപ്പര്‍ വില്ലന്മാരെയും ആഘോഷിക്കുന്നത്?  വിസാരണൈയ്ക്കും ജയ് ഭീമിനും അടിസ്ഥാനമായ യാഥാര്‍ത്ഥ്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നതുകൊണ്ടാണോ? കര്‍ണനില്‍, അസുരനില്‍ പറയുന്ന അടിച്ചമര്‍ത്തലും ചെറുത്തുനില്‍പ്പുകളും കേരളത്തിലെ മണ്ണില്‍ ഉണ്ടായിട്ടില്ലെന്നതുകൊണ്ടാണോ? അത്തരം കഥകളൊക്കെ വല്ല ഓഫ് ബീറ്റ് സിനിമകളാക്കി ഇറക്കിയാല്‍ മതിയെന്ന നിസ്സംഗതയാണോ? അതോ, ഇവിടെ എന്താണ് നടന്നിട്ടുള്ളത്, നടന്നുകൊണ്ടിരിക്കുന്നത് എന്ന്് സത്യസന്ധമായി വിളിച്ചു പറയാനുള്ള ധൈര്യം മലയാളത്തിലെ മുഖ്യധാര സിനിമാക്കാര്‍ക്ക് ഇല്ലാത്തതുകൊണ്ടോ?

ഒരിക്കലൊരു സൗഹൃദ സദ്ദസിലെ ചര്‍ച്ചയില്‍ സിനിമ വിഷയമായപ്പോള്‍, ഇന്ത്യയില്‍ എന്തുകൊണ്ട് മധ്യേഷന്‍ രാജ്യങ്ങളിലോ, ലാറ്റിന്‍ അമേരിക്കയിലോ ഉണ്ടാകുന്ന തരത്തിലുള്ള സിനിമകള്‍ ഉണ്ടാകുന്നില്ലെന്നൊരു ചോദ്യം ഉയര്‍ന്നു. ഇറാനിലും ലാറ്റിന്‍ അമേരിക്കയിലും ഉള്ള രാഷ്ട്രീയ-മനുഷ്യജീവിത കാലാവസ്ഥകളില്‍ നിന്നാണ് അവിടുന്നുള്ള മികച്ച സിനിമകള്‍ ഉണ്ടാകുന്നത്, നമുക്കിവിടെ ആകപ്പാടെയുള്ളത് ഒരു സ്വാതന്ത്ര സമരമല്ലേ എന്നായിരുന്നു ഒരു സുഹൃത്തിന്റെ മറുപടി! രണ്ടാഴ്ച്ച മുമ്പ് സര്‍ദാര്‍ ഉദ്ദം സിംഗ് കാണുന്നതുവരെ ' ആകപ്പാടെയുള്ള ആ സ്വാതന്ത്ര്യ സമര' ത്തെപ്പോലും നമ്മളെങ്ങനെയൊക്കെയാണ് സിനിമയാക്കി വച്ചിരുന്നതെന്ന് ഓര്‍ത്തുപോയി. ഇന്ത്യന്‍ സാഹചര്യം വ്യത്യസ്തമായതുകൊണ്ടാണ് മധേഷ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലി സിനിമകള്‍ ഉണ്ടാകാത്തതെന്നു ന്യായം പറയുന്നതുപോലെ, തമിഴ്നാട്ടിലെ ജീവിതാവസ്ഥകളില്‍ നിന്നും വ്യത്യസ്തമായതുകൊണ്ടാണ് കേരളത്തിലെ മുഖ്യധാര ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് യഥാര്‍ത്ഥ കഥകള്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്നതെന്ന് വാദിക്കാന്‍ സാധിക്കുമോ?

കേരളത്തില്‍ ജാതീയത ഇല്ലേ? സാമ്പത്തിക അസമത്വം ഇല്ലേ?  മണ്ണിനു വേണ്ടിയുള്ള സമരങ്ങളില്ലേ? വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവരില്ലേ? ദുരഭിമാന കൊലകള്‍ നടക്കുന്നില്ലേ?  നീതി കിട്ടാത്തവരില്ലേ? കള്ളക്കേസുകളില്‍ കുടുങ്ങുന്നവരില്ലേ? ലോക്കപ്പ് റൂമുകളില്‍ ചവിട്ടിയരക്കപ്പെട്ട് കൊല്ലപ്പെടുന്നവരില്ലേ? ഇല്ല എന്നോ, അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നോ ഉത്തരമെങ്കില്‍ അതിലും വലിയ കപടത വേറെയില്ലെന്നു പറയേണ്ടി വരും. കല സമൂഹത്തിന്റെ പ്രതിഫലനമാണ്. അതിഭാവനകളുടെതുമാത്രമല്ല, യാഥാര്‍ത്ഥ്യങ്ങളുടെ കൂടെ ആവിഷ്‌കാരമാണ് സിനിമയായാലും കഥയായാലും കലാസൃഷ്ടികളുടെ ധര്‍മം. പക്ഷേ, നമ്മുടെ സിനിമകള്‍ അത്തരമൊരു ധര്‍മം പാലിക്കുന്നില്ല. നമുക്ക് അത്തരം അനുഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ജാതി-മത-വര്‍ഗ-രാഷ്ട്രീയ കാലൂഷ്യമാര്‍ന്ന അന്തരീക്ഷം കേരളത്തിനുമേല്‍ ഇല്ലെന്ന വാദത്തില്‍ നില്‍ക്കുന്നതുകൊണ്ടാണ് മലയാളത്തില്‍ ജയ് ഭീമും വിസാരണൈയൊന്നും സൃഷ്ടിക്കപ്പെടാത്തത്.

ഇടുക്കി കോലാഹലമേട്ടിലെ പുള്ളിക്കാനം എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന 49 കാരന്‍ രാജ് കുമാര്‍, ഒരു ദിവസം ഭാര്യ വിജയയോടോ മക്കളോടോ ഒന്നും പറയാതെ, നാട്ടില്‍ നിന്നും അപ്രത്യക്ഷനാകുന്നു. മാസങ്ങള്‍ക്കപ്പുറം കോരിച്ചൊരിയുന്ന മഴയുള്ള ഒരു പാതിരാത്രിയില്‍ മര്‍ദ്ദനമേറ്റ് അവശനായി, കൈവിലങ്ങുകളുമായി പൊലീസ് ജീപ്പില്‍ നിന്നും ഇറങ്ങി വരുന്ന രാജകുമാറിനെയാണ് വിജയ കാണുന്നത്. നാല്‍പ്പതിനായിരം രൂപ എവിടെ ഒളിപ്പിച്ചിരിക്കുന്നുവെന്ന് ആക്രോശിച്ചു പൊലീസുകാര്‍, പൊട്ടിയടര്‍ന്ന ലയത്തിലെ ആ ഒറ്റമുറി വീട്ടില്‍ ഭ്രാന്തുപിടിച്ചവരെ പോലെ പരതി, അരിശംമൂത്തവര്‍ രാജ് കുമാറിനെ ഭാര്യക്കും മക്കള്‍ക്കും മുന്നിലിട്ടു പൊതിരെ തല്ലി. മഴയെക്കാള്‍ ഉച്ചത്തില്‍ രാജ് കുമാര്‍ അലറി. ആ രാത്രിക്കപ്പുറം രാജ് കുമാറിനെ വിജയയോ മക്കളോ ജീവനോടെ കണ്ടിട്ടില്ല. കണ്ടതാകട്ടെ, വെള്ളത്തുണിയില്‍ മൂടിപ്പൊതിഞ്ഞ ശവവും.

1993 ല്‍ തമിഴ്‌നാട്ടിലെ കടലൂരില്‍ കള്ളക്കേസില്‍ കുടുങ്ങിയ രാജാകണ്ണ് എന്ന ആദിവാസി യുവാവിന് കമ്മപുരം പൊലീസ് സ്റ്റേഷനില്‍ നിന്നും നേരിടേണ്ടി വന്ന അതിക്രമവും, അയാളുടെ ഭാര്യ സെങ്കിണി, അഡ്വക്കേറ്റ് ചന്ദ്രുവിന്റെ സഹായത്തോടെ നടത്തിയ നിയമ പോരാട്ടവും അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ടതാണ് ജയ് ഭീം എങ്കില്‍, അതേ സാഹചര്യങ്ങളോട് അടുത്ത് നില്‍ക്കുന്ന രാജ് കുമാറിന്റെ കഥയ്ക്ക് വെറും രണ്ട് വര്‍ഷത്തെ പഴക്കമേയുള്ളൂ. രാജാ കണ്ണിനെ പോലെ രാജ് കുമാര്‍ കള്ളക്കേസില്‍ കുടുക്കപ്പെട്ടൊരാള്‍ അല്ലായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അയാളുമൊരു ഭാഗമായിരുന്നുവെന്നും പറയാം. എന്നാല്‍, പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന, മലയാളം എഴുതാനോ വായിക്കാനോ, മര്യാദയ്ക്ക് സംസാരിക്കാനോ അറിയാത്ത രാജ് കുമാര്‍ ആ കേസിലെ മുഖ്യ പ്രതിയാവുകയും പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന മുറിയില്‍ വച്ച് ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു. അയാളുടെ കൊലപാതകത്തില്‍ പങ്കാളികളായവരില്‍ ഏതാനും പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടു, ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. എന്നാല്‍ ആ  തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാര്‍, പിടിയിലാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല, തട്ടിച്ചെടുത്ത കോടികള്‍ എവിടെയെന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. എല്ലാ പ്രശ്‌നങ്ങളും രാജ് കുമാറിലേക്ക് ചുരുങ്ങുകയും അയാളില്‍ തന്നെ അവസാനിക്കുകയും ചെയ്തു. വെറും രണ്ടു വര്‍ഷത്തിനപ്പുറം നടന്ന ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസും, നെുങ്കണ്ടം കസ്റ്റഡി കൊലപാതക കേസും കുറച്ചെങ്കിലും പിന്തുടര്‍ന്നിട്ടുള്ളവര്‍ക്ക് പ്രാഥമികമായി ബോധ്യമാകുന്ന കാര്യമാണ്, തന്ത്രപരമായി ചിലര്‍ ചേര്‍ന്ന് കുരുക്കിയ ഇരയായിരുന്നു രാജ് കുമാര്‍ എന്ന ആ ദളിതന്‍. 

ജയ് ഭീം എന്ന ചിത്രത്തിന്റെ ആരംഭ രംഗത്തില്‍ ജയില്‍ മോചിതരായി വരുന്നരില്‍ ദളിത്-ഗോത്ര വിഭാഗക്കാരായവരെ തെരഞ്ഞെുപിടിച്ച് തെളിയാക്കേസുകള്‍ ചുമത്താന്‍ പൊലീസുകാര്‍ വീതം വച്ചെടുക്കുന്നുണ്ട്. ആദിവാസിയുടെയും ദളിതന്റെയും തലയില്‍ ഒന്നല്ല, എത്ര കേസുകള്‍ വേണമെങ്കിലും കെട്ടിവയ്ക്കാം ആരും ചോദിക്കില്ല എന്ന മേല്‍ജാതി ബോധമാണ് ബാക്കി സിനിമ. രാജാ കണ്ണ്, മോസക്കുട്ടി, ഇരുട്ടപ്പന്‍ എന്നീ മൂന്നു ചെറുപ്പക്കാരും ഇതുപോലെ ഇരകളാക്കപ്പെടുകയാണ്. അതില്‍ രാജാ കണ്ണ് ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നു; രാജ് കുമാറിനെ പോലെ. 1993 ല്‍ തമിഴ്‌നാട്ടില്‍ നടന്ന ക്രൂരത 2019 ല്‍ കേരളത്തില്‍ നടന്നിരിക്കുന്നു. എന്നിട്ടും ജയ് ഭീം കണ്ടശേഷം നമ്മള്‍ പറയുന്നത്, അത് തമിഴ്‌നാട്ടില്‍ നടന്നൊരു കഥയാണെന്നാണ്. കേരളത്തില്‍ കഴിഞ്ഞ ആറ് കൊല്ലത്തിനിടയില്‍ എത്ര കസ്റ്റഡി കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. അവരില്‍ എത്ര ദളിതര്‍ ഉണ്ടായിരുന്നു. ആ കണക്കെടുത്താല്‍ ഞെട്ടും! എന്തുകൊണ്ട് സിനിമ എന്ന ഏറ്റവും ശക്തമായൊരു മാധ്യമത്തിലൂടെ ഈ ക്രൂരതകള്‍ക്കെതിരേ കേരളത്തില്‍ ആരും പ്രതികരിച്ചില്ല? പറയാന്‍ നമുക്ക് വിഷയം ഇല്ലാഞ്ഞിട്ടില്ല, പറയേണ്ടെന്നു തീരുമാനിച്ചിട്ടാണ്, അല്ലെങ്കില്‍ ഭയന്നിട്ടാണ്. 

തന്റെ ആദ്യസിനിമയായ അട്ടക്കത്തിയില്‍ ഒരേയൊരു ഫ്രെയിമില്‍ അംബേദ്കറിന്റെ ഫോട്ടോ കാണിക്കുന്നതിന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നതായി സംവിധായകന്‍ പാ. രഞ്ജിത്ത് പറയുന്നുണ്ട്. അവിടെ നിന്നും പിന്മാറുകയല്ല രഞ്ജിത്ത് ചെയ്തത്, പിന്നീടുള്ള തന്റെ സിനിമകളിലെല്ലാം അംബേദ്കര്‍ രാഷ്ട്രീയം അതിശക്തമായി പറയുകയാണയാള്‍ ചെയ്തത്. ഒരു പാ.രഞ്ജിത്തില്‍ ഒതുങ്ങിയതുമില്ല ആ പോരാട്ടം, വെട്രിമാരന്‍, മാരിസെല്‍വരാജ്, ജഞാനവേല്‍ തുടങ്ങിയവരൊക്കെ എത്ര ധൈര്യപൂര്‍വമാണ് ജാതിയും വര്‍ഗരാഷ്ട്രീയവും തങ്ങളുടെ സിനിമകളുടെ പ്രധാനപ്രമേയമാക്കുന്നത്. തമിഴ്‌സിനിമയുടെ നിലവാരം ഉയര്‍ത്തുക മാത്രമല്ല, ഇന്ന് ഇന്ത്യന്‍ സിനിമ ഇന്‍ഡ്രസ്ട്രികളില്‍ ഏറ്റവും ശക്തമായി അടിസ്ഥാന വര്‍ഗത്തിനുവേണ്ടി, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി സംസാരിക്കുന്ന ഒരു ഇന്‍ഡ്രസ്ട്രിയായി തമിഴകത്തെ മാറ്റുകയും ചെയ്തു. പൊലീസ്-ഭരണകൂട ഭീകരതയെ തമിഴ് സിനിമയോളം ചോദ്യം ചെയ്യുന്ന മറ്റാരെങ്കിലുമുണ്ടോ? ഇതൊരു വ്യവസായം കൂടിയാണെന്നതു മറന്നുകൊണ്ടല്ല, രഞ്ജിത്തും വെട്രിമാരനും മാരിസെല്‍വരാജും ജ്ഞാനവേലുമൊക്കെ സിനിമ ചെയ്യുന്നതെന്നുമോര്‍ക്കണം. അവരൊക്കെ തങ്ങള്‍ വരുന്ന സമുദായത്തിന്റെയോ, കണ്‍മുന്നില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുടെയോ കഥകള്‍ പറയുമ്പോള്‍, നമ്മുടെ സിനിമാക്കാര്‍ തങ്ങളിലും മുകളിലുള്ള ജാതികളെ തൃപ്തിപ്പെടുത്താനും തന്റെയോ തനിക്കും താഴെയുള്ളവരുടയോ കഥകളില്‍ തമാശ നിറയ്ക്കാനെ നോക്കുന്നുള്ളൂ. 

ജയ് ഭീമില്‍ രാജാ കണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠന്‍ ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നൊരു കാര്യമുണ്ട്. ഷൂട്ടിംഗിനു മുമ്പ് ഇരുള വിഭാഗത്തില്‍പ്പെട്ടവരെ നേരില്‍ പോയി കാണുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കുകയും ചെയ്തിരുന്നു. ആ സമയത്ത് അവരില്‍ ഒരാള്‍ ചോദിച്ചത്, ഞങ്ങളെ അവതരിപ്പിക്കുന്നതില്‍ സാറിന് നാണക്കേട് തോന്നുന്നുണ്ടോ എന്നായിരുന്നു. ഈ കഥാപാത്രം ചെയ്യുന്നതില്‍ അഭിമാനമാണെന്നും എന്നെയും നിങ്ങളിലൊരാളായി കാണണമെന്നുമാണ് താനവരോട് പറഞ്ഞതെന്നാണ് മണികണ്ഠന്‍ പറയുന്നത്. തന്റെ മറുപടി കേട്ട് കണ്ണീരോടെ തന്റെ കൈ ചേര്‍ത്തു പിടിച്ചുകൊണ്ട് അവരിലൊരാള്‍ ചോദിച്ചത്, ആഹാരം കഴിക്കാന്‍ വഴിയില്ലാത്ത, എലികളെ പിടിച്ചു തിന്നുന്ന ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് തമിഴ്‌നാട്ടിലുള്ളവര്‍ക്കെങ്കിലും മനസിലാക്കാന്‍ ഈ സിനിമ കൊണ്ടു കഴിയുമോ എന്നായിരുന്നുവെന്നും മണികണ്ഠന്‍ പറയുന്നു. തമിഴ്‌നാട്ടിലും ഇന്ത്യയിലും മാത്രമല്ല, എത്രയോ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇരുളരുടെ ജീവതം എങ്ങനെയായിരുന്നുവെന്നും മനസിലാക്കിക്കാന്‍ ഒറ്റ സിനിമ കൊണ്ടു കഴിഞ്ഞു. സിനിമ എന്ന മാധ്യമത്തിന് സമൂഹത്തില്‍ എങ്ങനെയൊക്കെ ഇടപെടാന്‍ കഴിയുമെന്നതിനുള്ള ഉദ്ദാഹരണം. തിയേറ്ററില്‍ ഇരിക്കുന്നവനെ ആവേശം കൊള്ളിക്കലും ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കലും മാത്രമല്ല സിനിമയുടെ ലക്ഷ്യം. വിജയിച്ചവരുടെ മാത്രമല്ല, പരാജയപ്പെട്ടവരുടെ കഥയും പറയണം. അത്തരം കഥകള്‍ കേരളത്തില്‍ ഇല്ലെന്നു പറഞ്ഞ് എത്രനാള്‍ മലയാള സിനിമയ്ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയും?