'ഓടയില്‍ നിന്നും' 'യക്ഷി'യും വെല്ലുവിളിയായി ഏറ്റെടുത്തു, സാഹിത്യകൃതികളെ തേച്ചുമിനുക്കി കൂടുതല്‍ തിളക്കമേകി
 

ഏറ്റവും മികച്ച സാഹിത്യകൃതികളുടെ ഏറ്റവും മനോഹരമായ ചലച്ചിത്രാവിഷ്‌കാരങ്ങളായിരുന്നു സേതുമാധവന്‍ മലയാളത്തിന് സമ്മാനിച്ചത്
 
k s sethumadhavan

മദിരാശിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന സേതുമാധവനെ ഹോസ്റ്റല്‍മേറ്റായ കണ്ണൂരുകാരന്‍ സുകുമാരന്‍ നിര്‍ബന്ധിച്ച് എ ജെ ക്രോനിന്റെ ' ദ കീസ് ഓഫ് ദ കിംഗ്ഡം' എന്ന സിനിമ കാണിക്കാന്‍ കൊണ്ടുപോയതിന്റെ ഗുണം ലഭിച്ചത് മലയാള സിനിമയ്ക്കും പ്രേക്ഷകനുമായിരുന്നു. അന്നുവരെ തമിഴ്-തെലുഗു സിനിമകള്‍ മാത്രം കണ്ടിരുന്ന സേതുമാധവന്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു പുറത്തു മാത്രമാണ് ആദ്യമായൊരു ഇംഗ്ലീഷ് സിനിമ കാണുന്നത്. അന്നുവരെ സേതുമാധവന് സിനിമകളെ കുറിച്ചുണ്ടായിരുന്ന എല്ലാ ധാരണകളും ആയൊരൊറ്റ സിനിമയിലൂടെ മാറുകയായിരുന്നു. സിനിമയെന്നാല്‍ പാട്ടും ആട്ടവും കണ്ണീരുമല്ലായെന്നും അതിഭാവുകത്വങ്ങള്‍ കുത്തിനിറച്ചല്ല സിനിമയുണ്ടാക്കേണ്ടതെന്നും സേതുമാധവന്‍ തിരിച്ചറിയുകയായിരുന്നു. ജീവിതത്തിന്റെ നേര്‍സാക്ഷ്യമായും ചലച്ചിതമൊരുക്കാമെന്നു പഠിക്കുകയായിരുന്നു. സിനിമ കണ്ടതിന്റെ പിറ്റേ ദിവസം സുകുമാരന്‍ ക്രോനിന്റെ നോവല്‍ വായിക്കാനും കൊടുത്തു. ആ നോവല്‍ വായിച്ചു പൂര്‍ത്തിയാക്കിയതോടെ സേതുമാധവന്റെയുള്ളിലെ സിനിമ പ്രേക്ഷകന്‍ ഒരു തീരുമാനത്തിലെത്തി; നോവലുകളും ചെുകഥകളും ദൃശ്യവത്കരിക്കുന്ന എല്ലാ ചലച്ചിത്രങ്ങളും കാണുക. അങ്ങനെയുള്ള സിനിമകള്‍ കണ്ടും, അവയുടെ മൂലകൃതികള്‍ വായിച്ചുമാണ് കെ എസ് സേതുമാധവന്‍ എന്ന സംവിധായകന്‍ പരുവപ്പെടുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ സിനിമയും ഒരു സാഹിത്യകൃതിയായിരുന്നു. മുട്ടത്തുവര്‍ക്കിയുടെ ജ്ഞാന സുന്ദരി. അവിടം തൊട്ട്, മലയാളത്തില്‍ ചെയ്ത 48 ഓളം സിനിമകളില്‍ ഭൂരിഭാഗവും സാഹിത്യകൃതികളെ ആസ്പദമാക്കിയുള്ളതായിരുന്നു. മുട്ടത്തുവര്‍ക്കി, ഉറൂബ്, തകഴി, പി. അയ്യനേത്ത്, പാറപ്പുറം, പൊന്‍കുന്നം വര്‍ക്കി, ചെമ്പില്‍ ജോണ്‍, പമ്മന്‍, കേശദേവ്, മലയാറ്റൂര്‍, തോപ്പില്‍ ഭാസി, കെ ടി മുഹമ്മദ്, എം ടി വാസുദേവന്‍ നായര്‍, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാരെല്ലാം സേതുമാധവനുമായി സഹകരിച്ചു. ഏറ്റവും മികച്ച സാഹിത്യകൃതികളുടെ ഏറ്റവും മനോഹരമായ ചലച്ചിത്രാവിഷ്‌കാരങ്ങളായിരുന്നു സേതുമാധവന്‍ മലയാളത്തിന് സമ്മാനിച്ചത്. കെ എസ് സേതുമാധവന്‍ എന്ന പ്രതിഭയുടെ സ്ഥാനവും ആ തരത്തിലാണ് വിശേഷിപ്പിക്കപ്പെടേണ്ടത്.

ഒരു സാഹിത്യകൃതിയെ അതേപോലെ പകര്‍ത്തുകയായിരുന്നില്ല സേതുമാധവന്‍ ചെയ്തത്. ഒരു നോവലോ/ ചെറുകഥയോ ആകട്ടെ, അതിന്റെ ആത്മാവിന് യാതൊരുവിധ കളങ്കവും ഏല്‍പ്പിക്കാതെ, ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും അദ്ദേഹം നടത്തി. മൂലകൃതിയില്‍ നിന്നും ചില കഥാപാത്രങ്ങളെ പുറത്തിരുത്തിയും, ചിലരെ സിനിമയ്ക്കായി അകത്തേക്കു കൂട്ടിക്കൊണ്ടുവരികയും ചെയ്തു. താനെഴുതിയതില്‍ നിന്നും ഒരു വാക്കുപോലും മാറ്റാന്‍ ആരെയും അനുവദിക്കാതിരുന്ന കേശദേവിനെപോലുള്ളവര്‍ പോലും സേതുമാധവന് തങ്ങളുടെ സൃഷ്ടികളുടെ മേല്‍ പൂര്‍ണാധികാരം നല്‍കി. തേച്ചുമിനുക്കി കൂടുതല്‍ തിളക്കം വരുത്താന്‍ സേതുമാധവന് കഴിയുമെന്ന വിശ്വാസമായിരുന്നു അവര്‍ക്കെല്ലാമുണ്ടായിരുന്നത്. ഈ പറയുന്നതില്‍ എന്തെങ്കിലും അതിശയോക്തി തോന്നുന്നവരുണ്ടെങ്കില്‍ ഓടയില്‍ നിന്ന്, നാടന്‍പെണ്ണ്, യക്ഷി, അരനാഴികനേരം, മിണ്ടാപ്പെണ്ണ്, വാഴ്‌വേ മായം, അനുഭവങ്ങള്‍ പാളിച്ചകള്‍, കരകാണാക്കടല്‍, ആദ്യത്തെ കഥ, അഴകുള്ള സെലീന, ചുക്ക്, ചട്ടക്കാരി, നക്ഷത്രങ്ങളെ കാവല്‍ തുടങ്ങിയ സേതുമാധവന്‍ ചിത്രങ്ങള്‍ കണ്ടാല്‍ മതി. സാഹിത്യ സൃഷ്ടികളോട് ഇത്രയധികം ബഹുമാനം കാണിച്ച മറ്റൊരു ചലച്ചിത്ര സംവിധായകന്‍ മലയാളത്തില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ കാണില്ല; ഇത്രയധികം സാഹിത്യ സൃഷ്ടികളെ സിനിമയാക്കിയ സംവിധായകനും.

എഴുത്തുകാരില്‍ തോപ്പില്‍ ഭാസിയുമായാണ് സേതുമാധവന്‍ കൂടുതല്‍ സഹകരിച്ചത്. അതുപോലെ നടന്മാരില്‍ സേതുമാധവന്റെ പ്രധാന ചോയ്‌സ് സത്യനായിരുന്നു. സത്യന്റെ അഭിനയ മികവ് കണ്ടറിഞ്ഞശേഷം അദ്ദേഹത്തിനു വേണ്ടിയുള്ള കഥാപാത്രങ്ങള്‍ക്കായി നോവലുകളും ചെറുകഥകളും തിരയുന്നതായിരുന്നു തന്റെ പ്രധാന പണിയെന്ന് ഒരിക്കല്‍ സേതുമാധവന്‍ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ തന്റെ രണ്ടാമത്തെ ചിത്രമായ കണ്ണും കരളിലും തുടങ്ങി സത്യന്റെ ചിരഞ്ജീവികളായ എത്രയോ കഥാപാത്രങ്ങളാണ് സേതുമാധവന്‍ സൃഷ്ടിച്ചിരിക്കുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓടയില്‍ നിന്ന്, വാഴ്‌വേമായം, യക്ഷി, അരനാഴികനേരം, കടല്‍പ്പാലം, നാടന്‍പെണ്ണ്, കരകാണാക്കടല്‍ തുടങ്ങിയവ സത്യനെന്ന അഭിനയചക്രവര്‍ത്തിയുടെ സിംഹാസനം അരക്കിട്ടുറപ്പിച്ച ചിത്രങ്ങളായിരുന്നു.

സാഹിത്യ കൃതികള്‍ സിനിമയാക്കുന്ന കാര്യത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്തു വിജയിച്ച സംവിധായകന്‍ കൂടിയായിരുന്നു സേതുമാധവന്‍. പലരും മടിച്ചപ്പോള്‍, വിജയിക്കില്ലെന്ന് ഉറപ്പു പറഞ്ഞു പിന്‍വാങ്ങിയപ്പോള്‍, എങ്കിലിതൊരു ചലഞ്ചായി ഞാനേറ്റെടുക്കുന്നുവെന്ന് പറഞ്ഞ് സേതുമാധവന്‍ സിനിമയാക്കിയവയാണ് ഓടയില്‍ നിന്നും യക്ഷിയും. ഓടയില്‍ നിന്ന് സിനിമയാക്കാന്‍ ഒന്നിലേറേപ്പേര്‍ നോവലിന്റെ അവകാശം വാങ്ങിയിരുന്നു. അവരെല്ലാം ഒടുവില്‍ പദ്ധതിയുപേക്ഷിച്ചു പോയി. ഒരു റിക്ഷാക്കാരന്റെ കഥ പറയുന്ന സിനിമ ഓടുമോയെന്നായിരുന്നു ഭയം. സേതുമാധവന് ആ ഭയമില്ലായിരുന്നു. നോവലിനോട് കടപിടിച്ചു നില്‍ക്കാന്‍ തക്ക പ്രാപ്തിയില്‍ മഹത്തരമായൊരു ചലച്ചിത്ര സൃഷ്ടിയാക്കി ഓടയില്‍ നിന്നും സേതുമാധവന്‍ അഭ്രപാളിയില്‍ എത്തിച്ചു. യക്ഷി സിനിമയാക്കിയാല്‍ തിയേറ്ററില്‍ വന്‍പരാജയമായിരിക്കും ഉണ്ടാവുകയെന്ന് ഒന്നിനു പിന്നാലെ ഒന്നായി നിര്‍മാതാക്കള്‍ ഭയപ്പെടുത്തിയപ്പോള്‍ മദ്രാസില്‍ നിന്നും ആരോടും പറയാതെ കേരളത്തിലേക്ക് വണ്ടി കയറി മലയാറ്റൂര്‍. എന്നാല്‍, സേതുമാധവന്‍ മറ്റൊരു വെല്ലുവിളിയായി അതേറ്റെടുത്തു. അന്നദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ മലയാളത്തിനുണ്ടാകുമായിരുന്ന നഷ്ടം എത്രവലുതായിരുന്നുവെന്ന് ആലോചിക്കൂ! നല്ല ചിത്രമൊരുക്കുകയാണെന്റെ ലക്ഷ്യം, സാമ്പത്തിക വിജയമല്ല- ഈ ചിന്ത തന്നെയായിരുന്നു സേതുമാധവന്റെ വിജയഫോര്‍മുലയും. യക്ഷിയെടുത്തു കഴിഞ്ഞ സമയത്താണ് സേതുമാധവനും മഞ്ഞിലാസ് ജോസഫിനും ഒരു കത്ത് വരുന്നത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എ ടി കോവൂരിന്റെ രണ്ട് കേസ് ഹിസ്റ്ററികളതില്‍ ഉണ്ടായിരുന്നു. യക്ഷിയെടുത്ത് വിജയിപ്പിച്ചവരല്ലേ, ഇതും നിങ്ങള്‍ക്ക് സിനിമയാക്കാന്‍ പറ്റില്ലേ എന്ന വെല്ലുവിളി നിറഞ്ഞ ചോദ്യമായിരുന്നു ആ കത്ത്. ജോസഫ് ഒന്നു പകച്ചു. ഇതെങ്ങനെ സിനിമയാക്കും? സേതുമാധവന് പക്ഷേ പേടിയും പകപ്പുമൊന്നുമില്ലായിരുന്നു. വളരെ കുറഞ്ഞ ബഡ്ജറ്റില്‍ കോവൂരിന്റെ ആ കേസുകള്‍ ആസ്പദമാക്കി അവര്‍ പുനര്‍ജന്മം എന്ന സിനിമയെടുത്തു. വലിയ സാമ്പത്തിക വിജയമാണ് മഞ്ഞിലാസിന് ആ ചിത്രം ഉണ്ടാക്കി കൊടുത്തത്. 

സേതുമാധവന്‍ എന്ന സംവിധായകന് പറ്റിയ കൂട്ടായിരുന്നു സാഹിത്യകൃതികളോട് അടങ്ങാത്ത അഭിനിവേശം കാണിച്ചിരുന്ന മഞ്ഞിലാസിന്റെ എം ഒ ജോസഫ് എന്ന നിര്‍മാതാവ്. സേതുമാധവന്റെ പുകള്‍പെറ്റ സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും നിര്‍മാതാവ് ജോസഫ് ആയിരുന്നു. കൊല്ലത്തുകാരന്‍ ബത്തസാറുമായി ചേര്‍ന്ന് നവയുഗം പിക്‌ചേഴ്‌സ് എന്ന പേരില്‍ രൂപീകരിച്ച നിര്‍മാണ കമ്പനിയുടെ ആദ്യ ചിത്രമായ നാടന്‍പെണ്ണ് സംവിധാനം ചെയ്തതും സേതുമാധവനായിരുന്നു. തോക്കുകള്‍ കഥപറയുന്നു എന്ന രണ്ടാമത്തെ ചിത്രത്തിനുശേഷം നവയുഗത്തില്‍ നിന്നും പിരിഞ്ഞ് ജോസഫ് മഞ്ഞിലാസ് എന്ന സ്വന്തം നിര്‍മാണ കമ്പനിയുണ്ടാക്കിയപ്പോള്‍ എടുത്ത ആദ്യത്തെ പടമായിരുന്നു യക്ഷി. അവിടെ തൊട്ടാണ് മഞ്ഞിലാസും എം ഒ ജോസഫും മലയാള സിനിമയില്‍ ഒരിടം സ്വന്തമാക്കിയത്. നാടന്‍പെണ്ണ് തൊട്ട് ചുവന്ന സന്ധ്യകള്‍ വരെ ജോസഫുമായി ചേര്‍ന്ന് മഞ്ഞിലാസിനുവേണ്ടി 13 സിനിമകളാണ് സേതുമാധവന്‍ സംവിധാനം ചെയ്തത്. അതിലേറെയും സാഹിത്യകൃതികളായിരുന്നു. ജോസഫ് ഒരിക്കല്‍ സേതുമാധവനെ കുറിച്ച് പറഞ്ഞത്, 'ഇത്രയേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടും ആ അതുല്യ കലാകാരന്‍ തന്നോട് ഒരിക്കല്‍ പോലും പ്രതിഫലത്തിന്റെ കാര്യത്തില്‍ കണക്കു പറഞ്ഞിരുന്നില്ല, കൊടുക്കന്നതെന്തോ അതു വാങ്ങിക്കുക മാത്രമാണ് ചെയ്തിരുന്നത്' എന്നാണ്. കെ എസ് സേതുമാധവന്‍ എന്ന മഹാപ്രതിഭയുടെ മഹത്വങ്ങളില്‍ ഒന്നുമാത്രമാണത്. മനുഷ്യനെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും അദ്ദേഹം പുലര്‍ത്തിയിരുന്ന ഔന്നിത്യങ്ങള്‍ക്ക് ഇനിയുമേറെ ഉദ്ദാഹരണങ്ങള്‍ പറയാനുണ്ടാകും. വീണ്ടും വീണ്ടൂം വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മനോഹര കഥയായി അദ്ദേഹം ഇനിയുമിനിയും നമുക്കിടയില്‍ ഉണ്ടാകും.