ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി നേടി ബ്രിട്ടീഷ് വനിത എഥൽ കാറ്റർഹാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നതാണ് തന്റെ ദീർഘായുസിന്റെ രഹസ്യമെന്നാണ് എഥൽ പറയുന്നത്. ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി നേടുന്ന രണ്ടാമെത്തെ ബ്രിട്ടീഷ് വനിത കൂടിയാണ് എഥൽ. ജീവിതത്തോടുള്ള തന്റെ സമീപനമാണ് ദീർഘായുസിന്റെ രഹസ്യമെന്നാണ് എഥൽ പറയുന്നത്. ജീവിതത്തിലെ ഉയർച്ചകളെയും താഴ്ചകളെയും ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. ആരുമായി വാഗ്വാദത്തിൽ ഏർപ്പെടരുതെന്ന് ഒരു തീരുമാനമെടുത്തിരുന്നു അത് ജീവിതത്തിൽ വളരെ സഹായകമായിട്ടുണ്ട്. നിർദേശങ്ങൾക്ക് ചെവി കൊടുക്കാറുണ്ട് എന്നാൽ എനിക്കിഷ്ടമുള്ളതേ ചെയ്യാറുള്ളൂ എഥൽ പറഞ്ഞു.
1909 ഓഗസ്റ്റ് 21ന് ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിംഗറിലാണ് എഥൽ കാറ്റർഹാമിന്റെ ജനനം. എട്ട് മക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു എഥൽ. 18 വയസ്സുള്ളപ്പോൾ അവർ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു സൈനിക കുടുംബത്തിലെ കെയർ ടേക്കറായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ താൻ ജിവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് വളരെ സന്തോഷത്തോടെയാണ് എഥൽ ഓർത്തെടുക്കുന്നത്. താൻ ജോലി നോക്കിയിരുന്ന വീട്ടിലെ അംഗങ്ങൾ ഇന്ത്യൻ രീതികൾ വളരെ സന്തോഷത്തോടെയാണ് ദൈന്യംദിന ജീവിതത്തിൽ സ്വീകരിച്ചിരുന്നത്. ചായയും ടിഫിനുമെല്ലാം തന്റെയും ജീവിതത്തിന്റെ ഭാഗമായത് അങ്ങനെയാണെന്നാണ് എഥൽ പറയുന്നത്. ബ്രിട്ടീഷ് ആർമിയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് എഥൽ തന്റെ ഭർത്താവിനെ കണ്ടുമുട്ടുന്നതും. അത് കൊണ്ട് തന്നെ ഇന്ത്യ എപ്പോഴും എഥലിന് പ്രിയപ്പെട്ടതായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ എഥൽ 1931ലാണ് ലഫ്റ്റനന്റ് കേണൽ നോർമൻ കാറ്റർഹാമിനെ വിവാഹം കഴിക്കുന്നത്.
1933 ൽ സാലിസ്ബറി കത്തീഡ്രലിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. റോയൽ ആർമി പേ കോർപ്സിൽ സീനിയർ ഓഫീസറായിരുന്നു നോർമൻ കാറ്റർഹാം. ജിബ്രാൾട്ടറിലും ഹോങ്കോങ്ങിലുമായി ഇരുവരും കുറേക്കാലം താമസിച്ചിരുന്നു അവിടെ ഒരു നേഴ്സറി സ്ഥാപിക്കുകയും ചെയ്തു.ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുണ്ടായിരുന്നത്. മക്കളുടെ ജനനത്തിന് ശേഷം ഇരുവരും ബ്രിട്ടനിലേക്ക് മടങ്ങി. അവിടെ വച്ചാണ് ഭർത്താവ് 1976ൽ ഭർത്താവ് മരണമടയുന്നത്. സറേയിൽ ലൈറ്റ് വാട്ടറിലെ ഒരു കെയർ ഹോമിലാണ് എഥൽ ഇപ്പോൾ താമസിക്കുന്നത്. 50 വർഷത്തോളമായി കാറ്റർഹാം സറേയിലെ കെയർ ഹോമിൽ താമസിക്കുന്നു. മൂന്ന് പേരക്കുട്ടികളും, മൂന്ന് പേരക്കുട്ടികൾക്കുമായി അഞ്ച് മക്കളുമാണുള്ളത്.
116 വയസുകാരി ഇനാ കാനബാരോ ലൂക്കോസെന്ന കന്യാസ്ത്രീയുടെ മരണത്തെ തുടർന്നാണ് എഥലിന് ഈ ബഹുമതി ലഭിക്കുന്നത്. ബ്രസീലിയൻ സ്വദേശിനിയായിരുന്ന ഇനാ ഏപ്രിൽ 30നാണ് മരണമടയുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിനായി പ്രായം വിലയിരുത്തുന്ന ഗവേഷണ സംഘടനകളായ ലോംഗെവിക്വസ്റ്റും ജെറന്റോളജി റിസർച്ച് ഗ്രൂപ്പും ചേർന്നാണ് കാറ്റർഹാമിന് ഈ പദവി നൽകിയിരിക്കുന്നത്.
content summary: Ethel Caterham, a British women has become the oldest living person in the world