സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം

 
flight

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.
വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മൂന്നാമത്തെ രാജ്യത്ത് ക്വാറന്റൈനിന്റെ ആവശ്യമില്ലാതെ നേരിട്ട് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയുമെന്ന് സൗദി അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയ സൗദി ഇഖാമ ഉള്ളവര്‍ക്ക് മടങ്ങിയെത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എംബസി ട്വീറ്റ് ചെയ്തു.

സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് 'ഇമ്യൂണ്‍' ആയിരിക്കണമെന്നതാണ് നിബന്ധന. മറ്റു കോവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്. ഈ അനുമതി എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 

ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, യുഎഇ, ഈജിപ്ത്, ബ്രസീല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ലബനാന്‍, എത്യോപ്യ എന്നീ 13 രാജ്യങ്ങളില്‍ നിന്നാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ടായിരുന്നത്. കൊറോണ വൈറസിന്റെ വ്യാപനവും അതിന്റെ പുതിയ വകഭേദങ്ങളും തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി  'റെഡ് ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് രാജ്യം മൂന്ന് വര്‍ഷത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൗദി അറേബ്യ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി എസ്പിഎ റിപോര്‍ട്ട് ചെയ്തിരുന്നു.