പ്രവാസികള്‍ക്ക് ആശ്വാസം; പ്രവേശന വിലക്ക് പിന്‍വലിച്ച് കുവൈറ്റ്

 
kuwait

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈറ്റ് പിന്‍ലിച്ചു. ഈ മാസം 22 മുതല്‍ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. കുവൈറ്റ് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്കായിരിക്കും പ്രവേശനാനുമതി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതലാണ് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാം. ഞായറാഴ്ച മുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ എന്നീ കുവൈത്ത് അംഗീകരിച്ച വാക്സിനുകളില്‍ ഏതെങ്കിലും എടുത്തിരിക്കണം. അല്ലെങ്കില്‍ മൂന്നാമത്തെ ഡോസായി കുവൈറ്റ് അംഗീകരിച്ച വാക്സിന്‍ എടുക്കണം. 

കുവൈറ്റില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ അക്കാര്യം ഇമ്യൂണ്‍, കുവൈത്ത് മൊബൈല്‍ ഐഡി എന്നീ മൊബൈല്‍ ആപ്പുകളിലായി കാണിക്കണം. കുവൈറ്റിന് പുറത്തു നിന്നും വാക്സിന്‍ സ്വീകരിച്ചവര്‍ പാസ്പോര്‍ട്ട്, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി കുവൈറ്റ് ആരോഗ്യമന്ത്രാലയം വഴി അനുമതി തേടണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കുവൈറ്റിലെത്തിയ ശേഷം ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം.