നഴ്‌സ് റിക്രൂട്ട്‌മെന്റ് നിയന്ത്രണം: കേന്ദ്ര സര്‍ക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതോ, അതോ എലിയെ പേടിച്ച് ഇല്ലം ചുടുന്നതോ?

 
നഴ്‌സ് റിക്രൂട്ട്‌മെന്റ് നിയന്ത്രണം: കേന്ദ്ര സര്‍ക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതോ, അതോ എലിയെ പേടിച്ച് ഇല്ലം ചുടുന്നതോ?

ജി.എല്‍. വര്‍ഗീസ്

നഴ്‌സിംഗ് റിക്രൂട്ടിംഗിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒരു ഉത്തരവിറക്കിയിരുന്നു. വിദേശകാര്യ മന്ത്രാലയം തയാറാക്കിയ റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേനെ ജോലി തരമാക്കുന്ന നഴ്‌സുമാര്‍ക്കു മാത്രമേ വിദേശ രാജ്യങ്ങളില്‍ പോകുന്നതിനു അനുമതി കൊടുക്കൂയെന്നായിരുന്നു അത്. ഇതിനായി കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്‌സ്, ഒഡെപക് എന്നി ഏജന്‍സികള്‍ക്കു പുറമേ തമിഴ്‌നാട് ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷനും അംഗീകാരം നല്‍കി ചുമതലപ്പെടുത്തി.

സ്വകാര്യ ഏജന്റുമാര്‍ വഴിയുള്ള റിക്രൂട്ട്‌മെന്റില്‍ വലിയ പണം തട്ടിപ്പും മനുഷ്യക്കടത്തും അടക്കമുള്ള ക്രമക്കേടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇതോടെ, മലയാളികള്‍ അടക്കം വിദേശരാജ്യങ്ങളില്‍ ജോലി ഉറപ്പിച്ചിരുന്നവരും അതിനായി ശ്രമിച്ചിരുന്നവരുമായ ഇന്ത്യാക്കാര്‍ നെട്ടോട്ടം തുടങ്ങിയിരിക്കുകയാണ്. കുടുംബം പണയപ്പെടുത്തിയും നുള്ളിപ്പറക്കിയും സ്വരുക്കൂട്ടിയ ലക്ഷക്കണക്കിനു പണം കൊടുത്ത് വിദേശ സ്വത്തിന്റെ സ്വപ്‌നം കണ്ടവര്‍ കേന്ദ്രം ഒരു സുപ്രഭാതത്തില്‍ തീര്‍ത്ത മതിലുകള്‍ക്കിടയില്‍ ഓടി ഉഴലുന്നു.

നഴ്‌സ് റിക്രൂട്ട്‌മെന്റ് നിയന്ത്രണം: കേന്ദ്ര സര്‍ക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതോ, അതോ എലിയെ പേടിച്ച് ഇല്ലം ചുടുന്നതോ?

കാരണം, വിദേശരാജ്യങ്ങളിലേക്കു റിക്രൂട്ടിംഗ് നടത്താനുള്ള പരിചയസമ്പന്നരായ ഏജന്‍സികളെയല്ല കേന്ദ്ര സര്‍ക്കാര്‍ കെട്ടിയിറക്കിയത്. പെട്ടെന്ന് ചുമതലാബോധം ഉണ്ടായ കേരള സര്‍ക്കാരിനാകട്ടെ, മലയാളി നഴ്‌സുമാരെ ആവശ്യമുള്ള രാജ്യങ്ങളുമായി വേണ്ട പരിചയവുമില്ല, കരാറുകളുണ്ടാക്കാനുള്ള വഴിയുമറിയില്ല. മുട്ടിനു മുട്ടിനു മലയാളികളുടെ ക്ഷേമമന്വേഷിക്കാനും അതിഥികളാകാനും മന്ത്രിമാര്‍ മാറി മാറി ചെല്ലുന്ന ഗള്‍ഫ് രാജ്യങ്ങളുമായി കരാറുണ്ടാക്കുന്നതില്‍ പോലും കേരളത്തിന്റെ പ്രവാസി വകുപ്പ് കൈമലര്‍ത്തുകയാണ്. 18 രാജ്യങ്ങളില്‍ കുവൈറ്റ് മാത്രമാണ് ഇക്കാര്യത്തില്‍ ഒരു പരിചയ മനോഭാവം കാട്ടിയതും. എടുപിടിക്കു തീരുമാനമെടുത്ത വിദേശകാര്യ മന്ത്രാലയവും 18 രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുമാകട്ടെ ഇക്കാര്യത്തില്‍ വലിയ നീക്കങ്ങളൊന്നും നടത്തിയിട്ടുമില്ല.

അവിടെയാണ് കേന്ദ്രത്തിന്റെ യാതൊരു കൂടിയാലോചനകളുമില്ലാത്ത നടപടിയില്‍ സംശയം തോന്നുന്നത്. ഇന്ത്യയില്‍ നിന്നു പോകുന്ന നഴ്‌സുമാരുടെ സുരക്ഷയും തട്ടിപ്പ് തടയലുമാണ് പ്രശ്‌നമായി കണക്കാക്കിയതെങ്കില്‍ ഈ വിലക്ക് മാത്രമായിരുന്നോ ഒരു പോംവഴിയായിട്ടുണ്ടായിരുന്നത്? ഈ വിലക്കു കൊണ്ട് എന്തു നേട്ടമാണ് സര്‍ക്കാരുണ്ടാക്കിയത്? വിദേശ രാജ്യങ്ങളില്‍ പോയി സ്വന്തമായി പണമുണ്ടാക്കുന്നതാണെങ്കില്‍ പോലും അത് ഇന്ത്യയിലേക്ക് അയക്കുന്നതിലൂടെ വിഹിതം നേടുന്നവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. ഈ വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ ആ വരുമാനം അടയ്ക്കുകയല്ലേ ചെയ്തത്? 18 രാജ്യങ്ങളുമായി വേണ്ട ചര്‍ച്ച നടത്താന്‍ പോലും കഴിയാത്തവരാണോ ലക്ഷക്കണക്കിനു മലയാളികളുടെ ക്ഷേമത്തിനായി കരാറുകളും ജോലി വാഗ്ദാനങ്ങളും ഉണ്ടാക്കുന്നത്?

വിദേശ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാണെങ്കിലും സ്വകാര്യ സ്ഥാപനത്തിലേക്കാണെങ്കിലും മലയാളി നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വിവരം ഉദ്യോഗാര്‍ഥികളെ അറിയിക്കുന്നതും അവിടെ ആളെ എത്തിക്കുന്നതും സ്വകാര്യ ഏജന്റുമാര്‍ ചെയ്യുന്ന വലിയ ജോലി തന്നെയാണ്. വലിയ ശൃംഖലയായി ഇവര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിഫലമാണ് അവര്‍ മാന്യമായിട്ടാണെങ്കിലും ചൂഷണമായും നേടുന്നത്. ഇതിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളും അവരെ ആശ്രയിച്ചു നില്‍ക്കുകയും ചെയ്യുന്നവര്‍ ഉപജീവനം കഴിയുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇത്തരക്കാരെ ഒഴിവാക്കിയതിലൂടെ എത്ര നഴ്‌സുമാര്‍ വിദേശത്തേക്കു പോയിട്ടുണ്ടെന്നും എത്രമാത്രം ജോലി ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചാല്‍ ഈ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി മനസിലാക്കും. സ്വകാര്യ ഏജന്റുമാരില്‍ വളരെ കുറച്ചാളുകള്‍ മാത്രമാണ് തട്ടിപ്പ് നടത്തുന്നതെന്ന് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം ആളുകളും വ്യക്തമാക്കുന്നു. ചില ഒറ്റപ്പെട്ട എലികള്‍ മാത്രം. അല്ലാത്തവരില്‍ അമിതമായി പണം ഈടാക്കുന്നവര്‍ പോലും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന് ആനുപാതികമായിട്ടാവും.

തട്ടിപ്പു നടത്തുന്നവരെ ന്യായീകരിക്കാനല്ല ഇതു വിശദമാക്കിയത്. സ്വകാര്യ ഏജന്റുമാരുടെ തട്ടിപ്പ് തടയുകയാണ് ലക്ഷ്യമെങ്കില്‍ എമിഗ്രേഷന്‍ ക്ലീയറന്‍സില്‍ ഇതിനുള്ള ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമായിരുന്നു ഇത്. ബന്ധുക്കള്‍ മുഖേനെയാണെങ്കിലും ഏജന്റുമാര്‍ മുഖേനെയാണെങ്കിലും ജോലി ലഭിച്ചത് എവിടെയാണോ അതു പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്ന പകുതി ജോലി പോലും ചെയ്യേണ്ടി വരുമായിരുന്നില്ല. ജോലി നല്‍കുന്ന സ്‌പോണ്‍സര്‍മാരുമായും സ്ഥാപനങ്ങളുമായും കരാറുണ്ടാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് പുതിയ ജോലി കരാറുണ്ടാക്കുന്നതിനേക്കാള്‍ എളുപ്പവുമായിരുന്നു.

നഴ്‌സ് റിക്രൂട്ട്‌മെന്റ് നിയന്ത്രണം: കേന്ദ്ര സര്‍ക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതോ, അതോ എലിയെ പേടിച്ച് ഇല്ലം ചുടുന്നതോ?

അപ്പോള്‍, അതൊന്നും പരിശോധിക്കാതെ മുഴുവന്‍ നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഈ ഉത്തരവ് വേറെ എന്തോ ലക്ഷ്യമാക്കിയാണ്. തങ്ങള്‍ക്കെതിരേ വാര്‍ത്തകള്‍ വരുന്നതു തടയാന്‍ തങ്ങള്‍ മുഴുവന്‍ വാര്‍ത്തകളും വിതരണം ചെയ്‌തോളാമെന്നു അടിയന്തരാവസ്ഥ കാലത്ത് സര്‍ക്കാര്‍ പറഞ്ഞിരുന്നതു പോലെ. മലയാളി നഴ്‌സുമാര്‍ക്കു പകരം വേണ്ടവിധത്തില്‍ ശമ്പളം കൊടുക്കേണ്ടതില്ലാത്ത ഫിലിപ്പൈന്‍സില്‍ നിന്നുള്ള നഴ്‌സുമാരെ പല രാജ്യക്കാരും തെരഞ്ഞെടുക്കാന്‍ തുടങ്ങിയെന്നതും ഇവിടെ കൂട്ടിവായിക്കണം. നഴ്‌സുമാരുടെ ജോലിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ കുറിച്ച് മിണ്ടാതിരുന്നാല്‍ അതിലും വലിയ വിലക്ക് ചോദിച്ചു വാങ്ങിക്കേണ്ടി വരും. എലിയെ പേടിച്ച് ഇല്ലം ചുട്ട നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തതെങ്കില്‍ ഇനിയും ഇരിക്കുന്ന കൊമ്പും വിദേശ ഇന്ത്യാക്കാരുടെ കീശയും കീറുന്ന ഉത്തരവുകളാവും അടുത്തത് ഉണ്ടാവുക. നഴ്‌സുമാര്‍ക്കു വേണ്ടി ശബ്ദിക്കുന്നെന്ന് അവകാശപ്പെടുന്ന കേരള സര്‍ക്കാരും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയേ മതിയാകൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നഴ്‌സ് റിക്രൂട്ട്‌മെന്റ് നിയന്ത്രണം: കേന്ദ്ര സര്‍ക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതോ, അതോ എലിയെ പേടിച്ച് ഇല്ലം ചുടുന്നതോ?