ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍

 
flight

ഇന്ത്യയുള്‍പ്പെടെ 18 രാജല്‍ങ്ങളില്‍ നിന്നുള്ളവര്‍ക്ക്  ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒമാന്‍ അവസാനിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നു മുതല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനിലെത്താനാകുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഏപ്രില്‍ അവസാനവാരമാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. പത്തുദിവസത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായതിനെ തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. വിലക്ക് അവസാനിക്കുകയാണെന്നും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഒമാന്‍ ഭരണകൂടം അറിയിച്ചു. ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി.  അവസാന ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കണം. തറസ്സുദ് പ്ലസ് ആപ്ലിക്കേഷനില്‍ യാത്രക്കാര്‍ റജിസ്റ്റര്‍ ചെയ്യണം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. 

യാത്രക്ക് മുമ്പ് പിസിആര്‍ പരിശോധന നടത്തണം. 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് പരിശോധനാ ഫലം ലഭിക്കുന്നത് വരെയും ഇലക്ട്രോണിക് ബ്രേസ്ലെറ്റ് ധരിച്ച് നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. കോവിഡ് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനാവും. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവര്‍ പത്ത് ദിവസം ഐസൊലേഷനില്‍ കഴിയണം.