തൊഴില്‍ അന്വേഷകര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്; ഈ കമ്പനികള്‍ കരിമ്പട്ടികയിലാണ്

 
തൊഴില്‍ അന്വേഷകര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്; ഈ കമ്പനികള്‍ കരിമ്പട്ടികയിലാണ്

തൊഴില്‍ അന്വേഷിച്ച് കുവൈറ്റില്‍ എത്തുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ജോലി തേടി എത്തുന്നവര്‍ വിശ്വാസയോഗ്യമല്ലാത്ത ഏജന്‍സികളെയും തൊഴിലുടമകളെയും ആശ്രയിക്കരുതെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. റിക്രൂട്ടിങ് ഏജന്‍സികളുടെയും തൊഴില്‍ ദാതാക്കളുടെയും പട്ടികയും എംബസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോശം റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കരിമ്പട്ടിക പ്രസിദ്ധീകരിച്ചതെന്ന് എംബസ്സി വ്യക്തമാക്കി.

മുംബൈ, ചെന്നൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 18 ഏജന്‍സികള്‍ ആണ് എംബസ്സിയുടെ കരിമ്പട്ടികയില്‍ ഇടം പിടിച്ചത്.ഡല്‍ഹിയിലെ എസ്.എഫ് ഇന്റര്‍നാഷനല്‍ ഡല്‍ഹി, എന്‍.ഡി എന്റര്‍പ്രൈസസ്, സാറ ഓവര്‍സീസ്, യു.എസ് ഇന്റര്‍നാഷനല്‍, സബ ഇന്റര്‍നാഷനല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ്, എം.ഇ.എക്‌സ് കണ്‍സല്‍ട്ടന്റ്, ജാവ ഇന്റര്‍നാഷനല്‍, സ്റ്റാര്‍ ഇന്റര്‍നാഷനല്‍ മുംബൈ ആസ്ഥാനമായ എസ്.ജി ട്രാവല്‍ ഏജന്‍സി, അമേസിങ് എന്റര്‍പ്രൈസസ്, ഗ്ലോബല്‍ സര്‍വിസസ്, ചെന്നൈയിലുള്ള ഐ.ക്യു എജുക്കേഷനല്‍ അക്കാദമി, പാറ്റ്‌നയിലെ സ്റ്റാര്‍ എന്റര്‍പ്രൈസസ്, ഇന്റര്‍നാഷനല്‍ എച്ച്.ആര്‍ കണ്‍സല്‍ട്ടന്റ്, എസ്.എം.പി സര്‍വിസസ് ലക്നൗ, സെറ്റില്‍ ഇന്റര്‍നാഷനല്‍ സിറാക്പൂര്‍ എന്നിവയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഏജന്‍സികള്‍. കുവൈറ്റിലുള്ള 92 സ്ഥാപനങ്ങളുടെയും സ്‌പോണ്‍സര്‍മാരുടെയും പട്ടികയും എംബസ്സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറല്‍ ട്രേഡിങ് കമ്പനി മുതല്‍ ബുക്ക് ഷോപ് വരെയുള്ള ഇത്തരം സ്ഥാപനങ്ങളില്‍ ഇന്ത്യക്കാര്‍ ജോലിക്ക് ശ്രമിക്കരുതെന്നു എംബസ്സി നിര്‍ദേശിച്ചു. രാജ്യത്ത് തൊഴില്‍ തേടിയെത്തുന്നവര്‍ വഞ്ചിക്കപ്പെടുന്ന സംഭവം കൂടിയ സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പ് നല്‍കിയത്.