ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലേ ? വിദേശയാത്രക്ക് നിയന്ത്രണം, കോവാക്‌സിന്‍ അംഗീകരിച്ച പത്ത് രാജ്യങ്ങള്‍ ഇവയാണ് 

 
vaccine

ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ  ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അടിയന്തര അനുമതി നേടുന്നതിന് കാലതാമസം നേരിടുകയാണ്. രാജ്യത്ത് ഇതുവരെ 12 കോടിയിലധികം പേര്‍ക്ക് കോവാക്‌സിന്‍ നല്‍കിയിട്ടും വാക്‌സിന് അംഗീകാരം നേടുന്നതില്‍ കാലതാമസം നേരിടുന്നത് തിരിച്ചടിയാകുകയാണ്. 

വാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നല്‍കുന്നതിനുള്ള നടപകി ക്രമങ്ങള്‍ ആരംഭിച്ചെങ്കിലും വാക്‌സിന്‍ നിര്‍മ്മാതകള്‍  കൂടുതല്‍ ചോദ്യങ്ങള്‍ നേരിടുകയാണ്. വ്യക്തത, അധിക ഡാറ്റ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ നടപടികള്‍ തുടരുകയാണ്. വാക്‌സിന്‍ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യുഎച്ച്ഒയുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് കോവാക്‌സിന്‍ അംഗീകാരത്തിനായി കൂടുതല്‍ വ്യക്തത വേണമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. വാക്‌സിന്‍ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബര്‍ 3ന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.

കോവാക്‌സിന്റെ അടിയന്തര അനുമതിക്ക് വേണ്ടി നിര്‍മാതാക്കളായ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയുടെ അനുമതി നേരത്തെ തന്നെ തേടിയിരുന്നു. കഴിഞ്ഞ മാസം വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കോവാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതിനാല്‍ തീരുമാനം വൈകുകയായിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലും കൂടുതല്‍ വ്യക്തത ആവശ്യപ്പെടുകയായിരുന്നു. കോവാക്സിന്റെ ജൂലായ് മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍, യുകെ, യുഎസ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ സ്വീകര്‍ത്താക്കള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും ഇനിയും കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്. ലോകാരോഗ്യ സംഘടന, യൂറോപ്യന്‍ യൂണിയന്‍, യുഎസ് എന്നിവയില്‍ നിന്നുള്ള അംഗീകാരം ഇല്ലെങ്കിലും വാക്‌സിന്‍ അംഗീകരിച്ച ചുരുക്കം ചില രാജ്യങ്ങളുമുണ്ട്. 

മൗറീഷ്യസ്: കോവാക്‌സിനില്‍ നിന്ന് പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് മൗറീഷ്യസിലേക്ക് പോകാം, എന്നാല്‍ രണ്ടാമത്തെ ഡോസ്
സ്വീകരിച്ച് 14 ദിവസത്തിന് ശേഷം മാത്രമായിരിക്കണം. യാത്രക്കാര്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് 3-7 ദിവസം മുമ്പ് ലഭിച്ച കോവിഡ് പിസിആര്‍ പരിശോധനാ ഫലവും നെഗറ്റീവ് ആയിരിക്കണം.

ഒമാന്‍: കോവാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരില്ല. ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം അനുസരിച്ച് രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഇപ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലാതെ ഒമാനിലേക്ക് എത്താം. 

ഫിലിപ്പീന്‍സ്: ഫിലിപ്പീന്‍സിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ കോവാക്‌സിന്‍ ഒരു ഡോസോ അല്ലെങ്കില്‍ രണ്ട്
ഡോസോ എടുത്ത് 14 ദിവസത്തിന് ശേഷം രാജ്യത്ത് പ്രവേശിക്കാം. 

നേപ്പാള്‍: കോവാക്‌സിന്‍ എടുത്തവര്‍ക്ക് നേപ്പാളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ഫിലിപ്പീന്‍സിന് സമാനമാണ്. ഇന്ത്യന്‍ പൗരന്മാര്‍ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്, കൂടാതെ വാക്സിന്റെ അവസാന ഡോസ് രാജ്യത്ത് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പെങ്കിലും എടുത്തിരിക്കണം.

മെക്‌സിക്കോ: രാജ്യത്തെ ഹെല്‍ത്ത് റെഗുലേറ്റര്‍ കോഫെപ്രിസും കോവാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. യാത്രക്കാരില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അവര്‍ ക്വാറന്റൈനില്‍ പോകേണ്ടി വരും

ഇറാന്‍: കോവാക്‌സിന്‍ വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഇറാനില്‍ എത്താം. പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

ശ്രീലങ്ക: ഇന്ത്യയുടെ ഏറ്റവും അടുത്ത അയല്‍രാജ്യമായ ശ്രീലങ്കയില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം സാധ്യമാണ്. എന്നാല്‍ പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.

ഗ്രീസ്: ഗ്രീസില്‍ എത്തുന്ന ഇന്ത്യക്കാര്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറില്‍ താഴെയുള്ള നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആന്റിജന്‍ ടെസ്റ്റ് എന്നിവ കാണിക്കണം. കോവിഡ് ലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല

എസ്റ്റോണിയ: കോവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിശോധനയും ക്വാറന്റൈന്‍ നിര്‍ബന്ധങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കോവാക്‌സിന്‍ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് എസ്‌റ്റോണിയ 

സിംബാബ്‌വെ : ഇന്ത്യന്‍ യാത്രക്കാര്‍ സാധുവായ ആര്‍ടിപിസിആര്‍ പരിശോധനാ ഫലങ്ങളുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. കോവിഷീല്‍ഡും കോവാക്‌സിനും സിംബാബ്‌വെ അംഗീകരിച്ചതാണ്.