ഡബ്ല്യുഎച്ച്ഒ അംഗീകരിച്ച വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക്  യുഎഇയിലേക്ക് മടങ്ങിവരാം 

 
uae


ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് 
തിരിച്ചെത്താമെന്ന് യുഎഇ. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനാനുമതി. ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ - കുടിയേറ്റ വകുപ്പിന്റെയും നിര്‍ദ്ദേശമനുസരിച്ച് ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട , സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎയില്‍ തിരിച്ചെത്താം. 

സാധുതയുള്ള താമസ വിസക്കാര്‍ക്കാണ് യുഎഇയില്‍ തിരികെ എത്താന്‍ കഴിയുക. ഐസിഎ വെബ്‌സൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. യുഎഇയില്‍ എത്തി നാലാം ദിനവും എട്ടാം ദിനവും റാപ്പിഡ് പരിശോധന നടത്തണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റീനില്ല. വാക്‌സിനെടുക്കാതെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റീനുണ്ട്.

ഇതുകൂടാതെ, ക്യുആര്‍ കോഡുള്ള അംഗീകൃത ലാബില്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം പുറപ്പെടുന്നതിന് മുമ്പ് ഹാജരാക്കണം. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.