രണ്ടാം പാദ വിറ്റുവരവില്‍ കല്യാണ്‍ ജൂവലേഴ്‌സിന് 61 ശതമാനം വളര്‍ച്ച; ലാഭം 69 കോടി

 
Kalyan Jewellers

കല്യാണ്‍ ജൂവലേഴ്‌സ് 2021-22 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും വിറ്റുവരവ് വളര്‍ച്ച ഏതാണ്ട് ഒരേ രീതിയിലായിരുന്നെന്നും കല്യാണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

നടപ്പു സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 1798 കോടിയായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇബിഐടിഡിഎ (EBITDA) 228 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ ആകമാന നഷ്ടം 18 കോടിയായിരുന്നു. ഈ വര്‍ഷം ആകമാന ലാഭം 69 കോടിയായപ്പോള്‍ മുന്‍ വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനി 136  കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

രണ്ടാം പാദത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിറ്റുവരവിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനത്തോളമായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കമ്പനിയുടെ പ്രധാന വിപണികളിലൊന്നായ കേരളത്തിലെ ഷോറൂമുകള്‍ അടിച്ചിട്ടിരുന്നെങ്കില്‍ പോലും വിറ്റുവരവില്‍ വളര്‍ച്ച നേടാനായി. ഓഗസ്റ്റ് മാസം രണ്ടാം ആഴ്ചയിലാണ് കേരളത്തിലെ ഷോറൂമുകളെല്ലാം പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 

ദക്ഷിണേന്ത്യക്ക് പുറത്തുള്ള വിപണികളില്‍ സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത് (എസ്എസ്എസ്ജി) 72 ശതമാനമായിരുന്നുവെങ്കില്‍ ദക്ഷിണേന്ത്യന്‍ വിപണികളിലെ എസ്എസ്എസ്ജി 44 ശതമാനമായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലെ ഷോറൂമുകള്‍ അടച്ചിട്ടതാണ് ഈ വ്യതിയാനത്തിന് കാരണം. രണ്ടാം പാദത്തില്‍ ഇന്ത്യയിലെ ആകമാന എസ്എസ്എസ്ജി 52 ശതമാനമായിരുന്നു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള ഇബിഐടിഡിഎ 201 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇബിഐടിഡിഎ 147 കോടിയായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആകമാന ലാഭം മുന്‍ വര്‍ഷത്തെ 29 കോടിയില്‍നിന്ന് 68 കോടി രൂപയായി ഉയര്‍ന്നു. ഗള്‍ഫ്‌മേഖലയില്‍ മികച്ച വളര്‍ച്ച നേടിയ കമ്പനി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം വരുമാന വളര്‍ച്ച നേടി. 

രണ്ടാം പാദത്തില്‍ ഗള്‍ഫ്‌മേഖലയിലെ ഇബിഐടിഡിഎ 26 കോടി രൂപയായിരുന്നുവെങ്കില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലെ ആകമാന നഷ്ടം 132 കോടിയായിരുന്നു. മുന്‍വര്‍ഷത്തില്‍ കമ്പനി 165 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയെങ്കിലും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആകമാന ലാഭം 0.35 കോടി രൂപയാണ്. ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ രണ്ടാം പാദ വിറ്റുവരവില്‍ 47 ശതമാനം വര്‍ദ്ധനവ് നേടി. ആകമാന ലാഭം 0.54 കോടിയായിരുന്നുവെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഇതേ പാദത്തിലെ ആകമാന ലാഭം 1  കോടി രൂപയായിരുന്നു.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഗള്‍ഫ്‌മേഖലയിലെ നാല് രാജ്യങ്ങളിലുമായി കമ്പനിക്ക് 150 ഷോറൂമുകളിലായി 5 ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണമുള്ള റീട്ടെയ്ല്‍ സ്ഥലമാണുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനി 10 പുതിയ ഷോറൂമുകള്‍ ആരംഭിച്ചിരുന്നു.

കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്‍കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. കോവിഡ് അനുബന്ധ നിയന്ത്രണങ്ങളില്‍ അയവ് വന്നതിനാലും വിവിധ വിപണികളിലെ ഉപയോക്തൃ താല്‍പര്യങ്ങള്‍ ഉണര്‍ന്നുവരുന്നതിനാലും നിലവിലെ പാദത്തില്‍ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുനീങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ആരംഭിച്ച വിറ്റുവരവിലെ വളര്‍ച്ചയുടെ പ്രവണത പ്രോത്സാഹനമേകുന്നതാണെന്നും മുന്നോട്ട് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

(Azhimukahm  produces a variety of content with funding from outside parties. These sources of revenue allow us to explore topics that we hope are of interest to our readers. These contents are published under the Features section.)