50 വയസായി; തിരിച്ചുവരണമെങ്കില്‍ എല്ലാം പുതിയതായി പഠിക്കണം: അഭിനയ മോഹം പങ്കുവെച്ച് കനക

 
Kanaka

ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കീഴടക്കിയ നടിയാണ് കനക. വെള്ളിത്തിരയിലെ ജീവിതത്തേക്കാള്‍ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു പഴയകാല നടി ദേവികയുടെ മകള്‍ കൂടിയായ കനകയുടെ ജീവിതം. സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് പെട്ടെന്നാണ് കനക അപ്രത്യക്ഷയായത്. പിന്നീട്, മനോരോഗിയാണെന്നും ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മരിച്ചതായും പ്രചാരണങ്ങളുണ്ടായി. എന്നാല്‍ ഇതൊന്നുമായിരുന്നില്ല തന്റെ ജീവിതമെന്ന് തുറന്നുപറഞ്ഞുകൊണ്ട് കനക പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍, വീണ്ടും താരം ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ്. അത് തന്റെ അഭിനയ മോഹത്തെക്കുറിച്ചാണ്.  

സിനിമയിലേക്ക് മടങ്ങിവരണമെന്നാണ് കനക ആഗ്രഹം അറിയിച്ചിരിക്കുന്നത്. ഗെറ്റ് അപ്പ് ചേഞ്ച് എന്ന തമിഴ് യുട്യൂബ് അക്കൗണ്ടിലാണ് കനകയുടെ വീഡിയോ സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30-32 വര്‍ഷത്തിലേറെയായി. എല്ലാം പഴയതായി. ഇപ്പോള്‍ 50 വയസുണ്ട്. ഒരു തിരിച്ചുവരവിനായി എല്ലാം പുതിയതായി പഠിക്കേണ്ടതുണ്ട്. മേക്കപ്പും ഹെയര്‍സ്റ്റലും വസ്ത്രധാരണവും ആഭരണങ്ങളും തുടങ്ങി സംസാരിക്കുന്നതും ചിരിക്കുന്നതുംവരെ മാറിയിരിക്കുന്നുവെന്നും കനക പറയുന്നു. 

പണ്ട് ചെയ്തതുപോലെ ഇപ്പോഴും ചെയ്താല്‍ പഴഞ്ചനായിപ്പോയി എന്ന് എല്ലാവരും പറയും. പത്ത് വര്‍ഷത്തിനിടെ സംഭവിച്ചതുമാത്രമേ പുതിയതാണെന്ന് പറയാനാവൂ. ഇക്കാലത്തിനിടെ അഭിനയിക്കാത്തതുകൊണ്ട് എല്ലാം പഠിക്കണം. ചെറിയ പ്രായത്തില്‍ പഠിക്കുന്നതുപോലെ അതത്ര എളുപ്പമാവില്ല. മനസും താല്‍പര്യവുമുണ്ടെങ്കില്‍ വേഗം പഠിക്കാനാകുമെന്നാണ് പ്രതീക്ഷ. എത്ര കഷ്ടപ്പെട്ടായാലും പഠിച്ചെടുക്കും. ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിച്ചില്ല എന്ന് ആരും ചോദിക്കില്ല. ഈ വയസുകാലത്താണോ ഇത്തരം ആഗ്രഹമൊക്കെ വന്നതെന്ന് ചോദിക്കുന്നവരും കാണും... നോക്കാം-കനക ആഗ്രഹം പറഞ്ഞു.