മലയാളത്തിന്റെ മഹാവിസ്മയത്തിന് 70; സിനിമാപ്പേരുകള്‍ കോര്‍ത്തിണക്കി പിറന്നാള്‍ ഗാനം

 
Mammootty

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. അഞ്ച് പതിറ്റാണ്ടായി, വ്യത്യസ്തമായ വേഷങ്ങളിലൂടെയും ഭാവങ്ങളിലൂടെയും ലോകമെങ്ങുമുള്ള മലയാള സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിയ മെഗാസ്റ്റാര്‍. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ ചെറിയ സീനില്‍ തുടങ്ങിയ അഭിനയജീവിതം 2021ലും തുടരുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മുതല്‍ ഒടിടി കാലത്തോളം നീണ്ട സിനിമാകാഴ്ചകളില്‍ പ്രായത്തെ വെല്ലുന്ന വേഷങ്ങളിലൂടെയാണ് മമ്മൂട്ടി അമ്പരപ്പിച്ചത്. മലയാളത്തിനപ്പുറത്തേക്ക് വളര്‍ന്ന താരപ്പെരുമയ്ക്ക് ഇന്നും ഇളക്കം സംഭവിച്ചിട്ടില്ല.  

മമ്മൂട്ടിയുടെ എഴുപതാം പിറന്നാളില്‍ അദ്ദേഹത്തിന് വ്യത്യസ്തമായൊരു ആശംസാഗാനം ഒരുക്കിയിരിക്കുകയാണ് അടുത്ത സുഹൃത്തുക്കള്‍. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ പേരുകള്‍ കോര്‍ത്തിണക്കിയാണ് 'മഹാനടനം' എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്റെ വരികള്‍ ഹരി പ്രസാദിന്റെ ഈണത്തില്‍ മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. പതഞ്ജലി ഡയറക്ടര്‍ ജ്യോതിഷ്‌കുമാറാണ് അവതരണം. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.