ഇസ്ത്തക്കോ...ഇസ്ത്തക്കോ; 'അഹ്ര് സംസ' ഭാഷയില്‍ പാടിതകര്‍ത്ത് മഞ്ജു വാര്യര്‍

 
Manju Warrier

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലെ കിം കിം കിം എന്ന ഗാനത്തിനു പിന്നാലെ പുതിയൊരു ഭാഷയില്‍ വേറിട്ട പാട്ടുമായി മഞ്ജു വാര്യര്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിനായാണ് മഞ്ജു പാടിയിരിക്കുന്നത്. ഇസ്ത്തക്കോ... ഇസ്ത്തക്കോ എന്നു തുടങ്ങുന്ന ഗാനം 'അഹ്ര് സംസ' ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോ സോംഗ് ഇതിനോടകം വൈറലായിട്ടുണ്ട്. 

അഹ്ര് സംസ എന്ന പുതിയ ഭാഷയാണ് സിനിമക്കായി ഉപയോഗിച്ചിരിക്കുന്നത്. അതേ ഭാഷയില്‍ തന്നെയാണ് ഗാനവും ഒരുക്കിയിരിക്കുന്നത്. രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപത്, സനല്‍കുമാര്‍ ശശിധരന്‍ എന്നിവരാണ് വരികളെഴുതിയത്. രതീഷ് ഈറ്റില്ലമാണ് സംഗീതം. ഗ്ലാസ്, സ്റ്റീല്‍ കപ്പ്, കല്ലുകള്‍, വടികള്‍ എന്നിവ ഉപയോഗിച്ചുള്ള ശബ്ദവും പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 

സംവിധാനത്തിനൊപ്പം സ്‌ക്രിപ്റ്റ്, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ തുടങ്ങിയവയും കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ കുമാര്‍ ആണ്. ക്യാമറ ചന്ദ്രു സെല്‍വരാജ്. ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.