ഇത് സമുദായവാദമാണ്, മതാത്മകതയാണ്; ഈശോ സിനിമക്കെതിരെ പ്രതികരിച്ചവരോട് ഫാ. ജയിംസ് പനവേല്‍ 

 
Fr James Panavel

നാദിര്‍ഷയുടെ 'ഈശോ' എന്ന സിനിമക്കെതിരായ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രതികരണം സമുദായവാദവും മതാത്മകതയുമാണെന്ന് ഫാ. ജയിംസ് പനവേല്‍. ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അതുകൊണ്ട് സോഷ്യല്‍മീഡിയ നല്‍കിയ പുതിയ പേരാണ് 'ക്രിസംഘി'യെന്നും അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലിഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ ഫാ. ജയിംസ് പ്രസംഗത്തില്‍ പറയുന്നു. പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഫാ. ജയിംസ് പനവേലിന്റെ പ്രസംഗത്തില്‍നിന്ന് 

സ്വാതന്ത്ര്യലബ്ധിയുടെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, നമുക്ക് സൗകര്യങ്ങളുണ്ട്. വികസനങ്ങളുണ്ട്. നേട്ടങ്ങളുണ്ട്. പക്ഷേ, നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബ മഹിമ നോക്കി വകഞ്ഞുമാറ്റുന്ന മനോഭാവം ഇന്നും നിനക്കുണ്ടോ? ക്രിസ്തു ഇല്ല. ജീവിതത്തില്‍ സത്യമില്ല. ആദ്യം നാം നല്ല മനുഷ്യനാകണം. ആത്യന്തികമായിട്ട്, മതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ പറ്റുന്ന മാനവികത ഉണ്ടാകണം.  

രണ്ടാഴ്ച മുമ്പാണ്, നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് പേര് വീണത്, ഈശോ. പേരു വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകള്‍ക്കും പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സോഷ്യല്‍മീഡിയയില്‍ പുതിയ പേര് വീണു, ക്രിസംഘി. നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാള്‍ തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്? ഈശോ എന്നു പറയുന്നത് ഒരു പേരിലാണോ, സിനിമയിലാണോ, പോസ്റ്ററിലാണോ? അങ്ങനെയൊരു പോസ്റ്ററോ സിനിമയോ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല.

ക്രിസ്തുവിനെ ധരിക്കുകയെന്നു പറഞ്ഞാല്‍ അവന്റെ എല്ലാ ആശയങ്ങളും ജീവിതത്തെയും ധരിക്കുക എന്നാണ്. അവനെ ശരിയായി ഉള്‍ക്കൊള്ളാന്‍ പറ്റാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് മതാത്മകതയോ സമുദായവാദമോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്‌നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണ്.