മണാലിയിലെ വഴിയില്‍നിന്ന് കിട്ടിയ പ്രണവ് മോഹന്‍ലാല്‍; ആത്മയാന്‍ പങ്കുവെച്ച വീഡിയോ

 
Pranav Mohanlal Viral Video

'ഞങ്ങള്‍ക്ക് വഴിയില്‍ നിന്നൊരാളെ കിട്ടിയത് കാണണോ? ദേ നില്‍ക്കുന്നു... കണ്ടോ' എന്നു പറഞ്ഞുകൊണ്ട് യുവസഞ്ചാരി രാജ്കുമാര്‍ സത്യനാരായണന്റെ ക്യാമറ ഫോക്കസ് ചെയ്യുന്നത് പ്രണവ് മോഹന്‍ലാലിലേക്ക്. ആത്മയാന്‍ എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ രാജ്കുമാര്‍ പങ്കുവെച്ച 26 സെക്കന്‍ഡ് മാത്രമുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. 

മണാലിയിലെ ഒരു തെരുവില്‍വെച്ചാണ് രാജ്കുമാര്‍ ആകസ്മികമായി പ്രണവിനെ കണ്ടുമുട്ടിയത്. ഒരു ബാക്ക്പാക്കുമായി നടന്നെത്തുകയായിരുന്നു പ്രണവ്. ഞങ്ങള്‍ക്ക് വഴിയില്‍ നിന്നൊരാളെ കിട്ടിയത് കാണണോ എന്ന ആമുഖത്തോടെയാണ് രാജ്കുമാര്‍ പ്രണവിനെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. 'ഹായ്... എന്താണ് പേര്? എവിടെയോ കണ്ടതുപോലെ....' എന്ന് തമാശയായി ചോദിക്കുമ്പോള്‍, നിറഞ്ഞ ചിരിയില്‍ മറുപടിയൊതുക്കി പ്രണവ് നടന്നകലുന്നു. 'ആ പോയ മനുഷ്യനാണ് പ്രണവ് മോഹന്‍ലാല്‍. ദേ പോകുന്നു... ആ ഭാരവും ചുമ്മിക്കൊണ്ട് പോകുന്ന പോക്കുകണ്ടോ...' എന്നു പറഞ്ഞാണ് രാജ്കുമാര്‍ വീഡിയോ അവസാനിപ്പിക്കുന്നത്. 

വീഡിയോ നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. താരപുത്രന്റെ മകനാണെങ്കിലും പ്രണവിന് അതിന്റെ ജാഡയമൊന്നുമില്ലെന്നാണ് പലരുടെയും പ്രതികരണം. പ്രണവിന്റെ എളിമയും വിനയവും മാതൃകയാണെന്നും വേറെ ലെവലാണെന്നും പറഞ്ഞവരുമുണ്ട്. 

മോഹന്‍ലാലിനെപ്പോലെ പ്രണവും ഏറെ യാത്രകള്‍ ചെയ്യുന്നയാളാണ്. പഠനത്തിന് ഇടവേള എടുത്ത് പ്രണവ് തനിച്ച് യാത്ര നടത്തിയതിനെക്കുറിച്ചും മോഹന്‍ലാല്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമകളുടെ ഇടവേളകളിലും പ്രണവ് യാത്ര ചെയ്യാനാണ് സമയം കണ്ടെത്തുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രമാണ് പ്രണവ് പൂര്‍ത്തിയാക്കിയത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക.