പൃഥ്വി, ആസിഫ്, മഞ്ജു വാര്യര്‍, അന്ന ബെന്‍; വേണുവിന്റെ കാപ്പയുടെ മോഷന്‍ ടീസര്‍ പുറത്ത്

 
Kaapa Film

പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ആസിഫലി, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണും സംവിധാനം ചെയ്യുന്ന 'കാപ്പ'യുടെ മോഷന്‍ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ അവതരിപ്പിച്ചത്. ദി റിംഗ് ഓഫ് ഡെത്ത് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തിരുവനന്തപുരത്തെ ഗുണ്ടാ സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 

നന്ദുവിന്റെ സംഭാഷണത്തിനൊപ്പമാണ് ടീസറില്‍ താരങ്ങളുടെ കഥാപാത്രങ്ങളുടെ സ്‌കെച്ച് അവതരിപ്പിച്ചിരിക്കുന്നത്. 'കേരളത്തില്‍ കാപ്പാ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. അതിങ്ങനെ ചളകൊളമായി കിടക്കുകയായിരുന്നു. നാലുകൊല്ലം മുമ്പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോ നമ്മുടെ മുഖ്യമന്ത്രി പിണറായി സാറ് ഈ കാപ്പാ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു. അവര് കേരളമൊട്ടുക്ക് തപ്പി 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കി. അതില്‍ 237 പേര് നമ്മുടെ ഈ തിരുവനന്തപുരത്ത് ഉള്ളവരായിരുന്നു. അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നത്. ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ നീ താങ്ങുവോടെ?' എന്ന ഡയലോഗാണ് ടീസറില്‍ കേള്‍ക്കുന്നത്. 

ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയാണ് കാപ്പ എന്ന പേരില്‍ ചിത്രമാകുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും. ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് ചിത്രം അവതരിപ്പിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും, മഹേഷ് നാരായണന്‍ എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ജിനു വി എബ്രഹാം, ദിലീഷ് നായര്‍, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് നിര്‍മാതാക്കള്‍.