'ഹിറ്റ്‌ലറി'ലെ കിതച്ചെത്തും കാറ്റിനൊപ്പം ചുവടുവെച്ച് യുവ ഡോക്ടര്‍മാര്‍; വൈറല്‍ വീഡിയോ

 
Hitler Dance Cover

 
മമ്മൂട്ടി ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയായി തകര്‍ത്തഭിനയിച്ച ചിത്രമാണ് സിദ്ധിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍. മമ്മൂട്ടിയുടെ സഹോദരിമാരായി ഇളവരശി, വാണി വിശ്വനാഥ്, സുചിത്ര, ചിപ്പി, സീത എന്നിവരും നായികയായി ശോഭനയും മുകേഷ്, ജഗീഷ്, സായികുമാര്‍, ഇന്നസെന്റ് ഉള്‍പ്പെടെ വലിയ താരനിര വേഷമിട്ട ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയില്‍ എസ്.പി വെങ്കിടേഷ് ഈണമിട്ട ഗാനങ്ങളും വളരെ ശ്രദ്ധ നേടി. ചിത്രയും എം.ജി ശ്രീകുമാറും പാടിയ 'കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ.. മണിത്തുമ്പപ്പൂവിന്‍ തേനും തായോ...' എന്ന ഗാനം ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. ആലാപന മികവിനൊപ്പം ശോഭന ഉള്‍പ്പെടെ താരങ്ങളുടെ നൃത്തരംഗങ്ങള്‍കൊണ്ട് ഹിറ്റായ ഗാനം ഒരിക്കല്‍ കൂടി വൈറലായിരിക്കുകയാണ്. അതിന് കാരണക്കാര്‍, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒരുപറ്റം യുവ ഡോക്ടര്‍മാരാണ്. ഗാനരംഗത്തിന് അതിശയിപ്പിക്കുന്ന ഡാന്‍സ് കവറാണ് സംഘം ഒരുക്കിയിരിക്കുന്നത്. 

ഗാനത്തിലെ നൃത്തച്ചുവടുകള്‍ക്കൊപ്പം താരങ്ങളുടെ വസ്ത്രധാരണവും അനുകരിച്ചുകൊണ്ടാണ് യുവ ഡോക്ടര്‍മാര്‍ വീഡിയോ ചെയ്തിരിക്കുന്നത്. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ അയന അനില്‍, ഡോണ, ദൃശ്യ, ദീപ്തി, അനന്തു, അതുല്യ, എല്‍സ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. രൂപത്തിലും ഭാവത്തിലും ഒരു 'മിനി ഹിറ്റ്‌ലര്‍' തന്നെയാണ് യുവ ഡോക്ടര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. ഡാന്‍സ് കവര്‍ വീഡിയോ സോഷ്യല്‍മീഡിയില്‍ വൈറലാണ്.