ഷോപ്പിങ് കോംപ്ലക്സുകൾ പോലുള്ള കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ സ്ഥിരം കാഴ്ചയായി മാറുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള പല പ്രശസ്തമായ കെട്ടിടങ്ങളും തീപിടിത്തത്തിൽ കത്തിനശിക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. മിക്ക സംഭവങ്ങളിലും ഷോർട്ട് സർക്യൂട്ടാണ് കാരണമായി പറയുന്നതും. തൃശ്ശൂർ ചാലക്കുടിയിലെ ഷോപ്പിങ് കോംപ്ലക്സ് തീപിടിത്തത്തിലും ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. എന്തുകൊണ്ടാണ് ഇത്തരം കെട്ടിടങ്ങളിൽ തുടർച്ചയായി തീപിടിത്തങ്ങൾ സംഭവിക്കുന്നത്?
തീയെ നിയന്ത്രിക്കാനുള്ള ഫയർ സേഫ്റ്റി ഉപകരണങ്ങൾ ഷോപ്പിങ് കോംപ്ലക്സിൽ ഇല്ലായിരുന്നുവെന്നും കെട്ടിടങ്ങളിലെ വയറിങ്ങിൽ ഉണ്ടാകുന്ന അപാകതകളാണ് പലപ്പോഴും ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുന്നതെന്നും തൃശ്ശൂർ ഡിഇഒസി(ഡിസ്ട്രിക്സ് എമർജൻസി ഓപ്പറേഷൻ സെന്റർ) യിലെ ഹസാർഡ് അനലിസ്റ്റായ ഡെസി ഡേവിസ് അഴിമുഖത്തോട് പറഞ്ഞു.
‘ചാലക്കുടിയിൽ തീപിടിത്തമുണ്ടായിരിക്കുന്നത് ഷോപ്പിങ് കോംപ്ലക്സിൻ്റെ ഗോഡൗണിലാണ്. പെട്ടെന്ന് തീ പടർന്ന് പിടിക്കുന്ന തരത്തിലുള്ള വസ്തുക്കളാണ് അവിടെയുണ്ടായിരുന്നത്. പെയ്ന്റ് ടിന്നുകൾ പോലുള്ള വസ്തുക്കൾ പെട്ടെന്ന് തീപിടിക്കുന്നവയാണ്. ഒന്നിൽ തീപിടിച്ചാൽ തന്നെ അത് മെൽറ്റ് ചെയ്ത് മറ്റുള്ളവയിലേക്ക് പടർന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് തീപിടിത്തത്തിന്റെ തീവ്രത കൂടിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
കെട്ടിടങ്ങളുടെ നിർമാണത്തിലുണ്ടാകുന്ന പിഴവുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളിൽ പൊതുവായി കാണപ്പെടുന്നത്. കെട്ടിടങ്ങളിൽ തന്നെ ഉണ്ടാകേണ്ട ഫയർ സേഫ്റ്റി ഉപകരണങ്ങളുടെ കുറവ് ഒരു പ്രധാന വിഷയമാണ്. തീപിടത്തമുണ്ടാകുമ്പോൾ അത് കെടുത്താനുള്ള ആക്സസബിലിറ്റി പല കെട്ടിടങ്ങളിലും ഇല്ല എന്നുള്ളതാണ്. ഇതിന് മുൻപ് കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ തീപിടിത്തുണ്ടായപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് അവിടെയും ചൂണ്ടിക്കാണിച്ചിരുന്നത്.
ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക കാരണമായി പല കേസുകളിലും പറയുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിനും പരിശോധനകൾക്കും ശേഷമായിരിക്കും എന്താണ് യഥാർത്ഥ കാരണമെന്ന് കണ്ടെത്തുന്നത്. വയറിങ്ങിൽ ഉണ്ടാകുന്ന എന്തെങ്കിലും അപാകതകളാണ് പലപ്പോഴും ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുന്നത്. വേനൽകാലത്ത് ആണെങ്കിൽ ചൂട് കൂടുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമാകാറുണ്ട്. വെള്ളം ഇറങ്ങുന്ന തരത്തിലുള്ളതാണ് നിർമാണമെങ്കിലും ഷോർട്ട് സർക്യൂട്ടിന് സാധ്യതയുണ്ട്. ചാലക്കുടിയിലെ കേസിലും പ്രാഥമികാന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ ജീവനക്കാരെത്തി സ്ഥാപനം തുറന്ന സമയത്താണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കെട്ടിടത്തിൽ ഫയർ സേഫ്റ്റി ഉപകരണങ്ങൾ ഇല്ലാത്തിന്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്,’ ഡെസി ഡേവിസ് അഴിമുഖത്തോട് പറഞ്ഞു.
ഷോർട്ട് സർക്യൂട്ട് എന്നത് പ്രാഥമിക നിഗമനം മാത്രമാണെന്നും പല കേസുകളിലും അതല്ല കാരണമെന്ന് തെളിയാറുണ്ടെന്നും ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥൻ അഴിമുഖത്തോട് പറഞ്ഞു. സ്ഥിരം അഗ്നിസുരക്ഷാ സംവിധാനങ്ങൾ എല്ലായിടങ്ങളിലും വേണ്ടത് അത്യാവശ്യമാണെന്നും ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
‘ഒരു കെട്ടിടം തീപിടിക്കുന്നതിൽ പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് ഷോർട്ട് സർക്യൂട്ട്. എല്ലായ്പ്പോഴും കാരണം അതാകണമെന്നില്ല. പലയിടങ്ങളിലും ഷോർട്ട് സർക്യൂട്ട് ആണെന്ന പ്രാഥമിക നിഗമനത്തിൽ വന്നതിന് ശേഷം തുടർ അന്വേഷണത്തിൽ മനപൂർവ്വം കത്തിച്ചതാണ് എന്നുള്ള വിവരം വരം ലഭിച്ച കേസുകളുണ്ട്. ആർസൺ എന്നാണ് ഞങ്ങൾ അതിനെ വിളിക്കുന്നത്. കുക്കിങ്ങ് ഓയിലിൽ നിന്ന് തീപടർന്നുണ്ടായ സംഭവങ്ങളും വിരളമല്ല. മാധ്യമങ്ങളിൽ കൂടുതലും നമ്മൾ കണ്ടുവരുന്ന കാരണം ഷോർട്ട് സർക്യൂട്ട് എന്നുള്ളതാണ്. അതിനുള്ള കാരണമെന്ന് പറയുന്നത്, ഏത് തീപിടിത്തമുണ്ടായാലും ആദ്യം അനുമാനിക്കുന്നത് ഷോർട്ട് സർക്യൂട്ട് ആയിരിക്കും എന്നതാണ്. മാധ്യമങ്ങളുടെ ചോദ്യത്തിന് ഞങ്ങൾ ഉത്തരം പറയാനും ബാധ്യസ്ഥരാണല്ലോ? അതുകൊണ്ടാണ് പ്രാഥമിക നിഗമനം എന്ന തരത്തിൽ അങ്ങനെ പറയുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് ശരിയായ കാരണം വ്യക്തമാകുന്നത്. പിന്നീട് മാധ്യമങ്ങളൊന്നും എന്താണ് ശരിക്കുള്ള കാരണമെന്ന് അന്വേഷിക്കാറുമില്ല. അതുകൊണ്ടാണ് ഷോർട്ട് സർക്യൂട്ട് എന്ന തെറ്റിദ്ധാരണയുണ്ടാകുന്നത്. കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾക്ക് കാലാവസ്ഥയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് മറ്റൊരു കാര്യം.
നാല് അവസ്ഥകളിലേക്കാണ് തീ പടരുന്നത്. ആദ്യത്തെ സ്റ്റേജ് കഴിഞ്ഞാൽ പിന്നീടുണ്ടാകുന്നതിന് തീവ്രത കൂടുതലായിരിക്കും. ഇനിഷ്യൽ സ്റ്റേജിലും ഫൈനൽ സ്റ്റേജിലുമാണ് തീയെ നിയന്ത്രിക്കാനാവുക. ഇതിനിടയിലുള്ള അവസ്ഥകളിലാണ് തീ മാരകമായി പടർന്ന് പിടിക്കുന്നത്.
എല്ലാ കെട്ടിടങ്ങളിലും ഇഎൽസിബി, എംസിബി, ആർസിബി തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ കൃത്യമായും സ്ഥാപിക്കണം. അത് നമ്മുടെ സുരക്ഷയുടെ ഭാഗമാണ്. ഉദാഹരണം പറഞ്ഞാൽ 240 വോൾട്ട് കറണ്ടാണ് നമ്മുടെ വീടുകളിലേക്ക് വരുന്നത്. അതിനേക്കാളേറെയാണ് ഉപയോഗിക്കുന്നത്. അങ്ങനെ വരുമ്പോൾ എന്ത് സുരക്ഷയാണ് നമ്മുടെ വീടുകൾക്കുള്ളത്? അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും ഇഎൽസിബി കൃത്യമായി സ്ഥാപിക്കണം. സർക്യൂട്ട് ബ്രേക്കറുകളാണത്. മറ്റൊന്ന് സ്ഥിരം അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നതാണ്. ഫയർ സേഫ്റ്റി അതുമായി ബന്ധപ്പെട്ട് ഓഡിറ്റിങ്ങ് നടത്തുകയും വേണം. തീപിടിത്തമുണ്ടായാൽ അതിനെ ചെറുക്കാനായിട്ടുള്ള അടിസ്ഥാനപരമായ സംവിധാനങ്ങൾ എല്ലായിടത്തും വേണ്ടത് അത്യാവശ്യമാണ്,’ ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥൻ അഴിമുഖത്തോട് പറഞ്ഞു.
ചാലക്കുടിയിലെ നോർത്ത് ജംക്‌ഷനിൽ ഊക്കൻസ് ഷോപ്പിങ് കോംപ്ലക്സിലെ പെയ്ന്റ്–ഹാർഡ്‌വെയർ വ്യാപാര കേന്ദ്രത്തിലാണ് ഇന്ന് പുലർച്ച വൻ തീപിടിത്തമുണ്ടായത്.
Content Summary: Fire break out in commercial complexes in Kerala; Is short circuit is the only reason?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.