July 13, 2025 |
Share on

ഒരു ​ഗ്രാമത്തിന്റെ അഭിമാനമായ എയർ ഹോസ്റ്റസ് വിമാനാപകടം കവർന്നത് മൈതാലിയുടെ സ്വപ്നങ്ങൾ

കഴിഞ്ഞ രണ്ട് വർഷമായി എയർ ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു മൈതാലി

നിരവധി സ്വപ്നങ്ങളുമായി വിമാനയാത്രയ്ക്കെത്തിയവരുടെ ജീവനാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ പെലിഞ്ഞത്. മരിച്ചവരുടെ വിവരങ്ങൾ ഓരോന്നായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ നിന്നും വൃദ്ധ ദമ്പതിമാർ, നവ ​ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ എയർ ഹോസ്റ്റസ് ആയ പെൺകുട്ടി എന്നിവർ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ലണ്ടണിലുള്ള തന്റെ മകനെ കാണാനാണ് മഹാരാഷ്ട്ര സ്വദേശികളായ മഹാദേവ് തുകാറാം പവാറും ഭാര്യ ആശ മഹാദേവ് പവാറും ഡ്രീംലൈനര്‍ വിമാനത്തിൽ കയറിയത്. 185, 186 സീറ്റുകളാണ് ദമ്പതിമാർ യാത്രക്കായി തിരഞ്ഞെടുത്തിരുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി ഇവർ അഹമ്മദാബാദിലാണ് താമസിച്ചിരുന്നതെന്ന് സോലാപൂർ ജില്ലയിലെ ഒരു മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. 15 വർഷങ്ങൾക്ക് മുൻപാണ് വരൾച്ച ബാധിത പ്രദേശമായ സോലാപൂർ ഉപേക്ഷിച്ച് ജോലി തേടി പവാറും കുടുംബവും അഹമ്മദാബാദിലെത്തുന്നത്. ​ഗുജറാത്തിലെ നാദിയാദിലെ ഒരു ടെക്സ്റ്റൈൽ മില്ലിലാണ് മഹാദേവ് പവാർ ജോലി ചെയ്തിരുന്നത്. ഇവരുടെ മകൻ ലണ്ടണിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പൻവേലിലെ നവ ​ഗ്രാമത്തിലുള്ള എയർ ഹോസ്റ്റസ് മൈതാലി പട്ടീൽ എന്ന 26 കാരിയാണ് മരിച്ചവരിൽ മറ്റൊരാൾ. നവ ​ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ എയർ ഹോസ്റ്റസാണ് മൈതാലി. ഫ്ലൈറ്റ് അറ്റൻഡന്റ് ആയി തുടങ്ങിയ മൈതാലി തന്റെ സ്വപ്നത്തിലേക്ക് പറന്നുയരുകയായിരുന്നു. എയർ ഹോസ്റ്റസ് ആയി കയറിയ ദിവസം മൈതാലിയുടെ ചിത്രങ്ങൾ നിറച്ചുകൊണ്ട് ​ഗ്രാമം അവളുടെ വിജയത്തെ ആഘോഷിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി എയർ ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്ന മൈതാലിയുടെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രയായിരുന്നു കഴിഞ്ഞ ദിവസത്തേത്.

എയർ ഹോസ്റ്റസ് ആവുക എന്നുള്ളത് അവളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു, മൈതാലിയുടെ ബന്ധു പറഞ്ഞതായി ദി ന്യൂ ഇന്ത്യ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മൈതാലിയുടെ മരണത്തിൽ മുഴുവൻ ​ഗ്രാമവും ഇപ്പോൾ വിലപിക്കുകയാണെന്നും അവർ പറഞ്ഞു. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് ബോയിംഗ് 787-8 വിമാനത്തിലുണ്ടായിരുന്നത്. എയർ ഇന്ത്യയുടെ കണക്കനുസരിച്ച്, 169 പേർ ഇന്ത്യക്കാരാണ്. 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസുകാരും ഒരാൾ കനേഡിയനുമാണ്.

Content Summary: first air hostess from Nava village among victims of air india plane crash

Leave a Reply

Your email address will not be published. Required fields are marked *

×