UPDATES

വിദേശം

വായു മലിനീകരണം കുറയുന്നു; ചൈനക്കാരുടെ ആയുസ് കൂടുന്നു

വായുമലിനീകരണത്തിന്റെ പേരില്‍ കുപ്രസിദ്ധമായ രാജ്യമായിരുന്നു ചൈന

                       

വായുമലിനീകരണത്തിന്റെ തോത് കുറയുന്നതോടെ ഒരു രാജ്യത്തിന്റെ മൊത്തം ആയുര്‍ദൈര്‍ഘ്യം പ്രകടമായി ഉയരുമോ? തീര്‍ച്ചയായും എന്നാണ് ചൈനയുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. രാജ്യത്തിലെ വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞതോടെ ചൈനീസ് പൗരന്മാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നൂറ്റാണ്ടുകളായുള്ള വായുമലിനീകരണം കുറഞ്ഞത് ഒരു മില്യണ്‍ ആളുകളുടെയെങ്കിലും ജീവന്‍ അപഹരിച്ചിട്ടുള്ള ചൈന പക്ഷെ ഇപ്പോള്‍ ശ്വസിക്കുന്നത് പ്രതീക്ഷയുടെ ശുദ്ധവായുവാണ്.

പ്രകടമായ അളവില്‍ വായുമലിനീകരണം കുറയ്ക്കാന്‍ സാധിച്ചാല്‍ രാജ്യത്തിലെ പൗരന്മാരുടെ ശരാശരി ആയുസ് അര വര്‍ഷം കൂടി വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് ചിക്കാഗോ സര്‍വകലാശാലയ്ക്ക് കീഴിലെ എനര്‍ജി പോളിസി ഇന്‍സ്ടിട്യൂട്ടിന്റെ പഠനം പറയുന്നത്. 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ വായുമലിനീകരണ തോത് 12 ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഇവര്‍ കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നത്. ഇത് ശരാശരി അര വര്‍ഷത്തെ മനുഷ്യായുസ്സ് എങ്കിലും വര്‍ധിപ്പിക്കുമെന്നു പറയുന്നു.

2013 ലെ ഏറ്റവും മലീനീകരണമുള്ള മൂന്നു നഗരങ്ങളില്‍ ഒന്നായി കണ്ടെത്തിയ ടിയാന്‍ജിനില്‍ ഇതിന്റെ തോത് 14 ശതമാനത്തോളം കുറവ് അനുഭവപ്പെട്ടതായി കണ്ടെത്തി. വായു മലിനീകരണം തടയാനുള്ള ശ്രമങ്ങള്‍ ഈ നിലയ്ക്ക് തന്നെ തുടര്‍ന്ന് പോകുന്ന പക്ഷം അവിടെ ജീവിക്കുന്ന 13 മില്യണ്‍ ആളുകളുടെയും ആയുര്‍ദൈര്‍ഘ്യം ഒന്നര വര്‍ഷം വരെ വര്‍ദ്ധിക്കുമെന്ന് പഠനഫലങ്ങള്‍ പറയുന്നു. ചൈനയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഹെനാന്‍ പ്രവിശ്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. ആളുകള്‍ മലിനവായു നേരിട്ട് ശ്വസിക്കുന്ന സമയവും സാഹചര്യവും കുറയ്ക്കാന്‍ സാധിച്ചതുകൊണ്ടു തന്നെ അവരുടെ ആയുസ് 1.3 വര്‍ദ്ധിക്കുമെന്ന് കാണാം.

വായുമലിനീകരണത്തിന്റെ പേരില്‍ കുപ്രസിദ്ധമായ രാജ്യമാണ് ചൈന. വര്‍ഷങ്ങള്‍ നീണ്ട വ്യവസായവത്കരണവും കല്‍ക്കരി ഖനനവും ഒക്കെ ഈ രാജ്യത്തെ കുറച്ചൊന്നുമല്ല ശ്വാസം മുട്ടിച്ചിട്ടുള്ളത്. വായുമലിനീകരണം കാരണം ആയുര്‍ദൈര്‍ഘ്യം കുറയുന്നുവെന്ന് 2013 ല്‍ നിരവധി പഠനങ്ങള്‍ പുറത്തുവന്നതാണ്. ആ പ്രതിസന്ധി ഘട്ടത്തില്‍ ഗവണ്‍മെന്റും പരിസ്ഥിതി പ്രകര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കല്‍ക്കരി ഖനികളും മറ്റ് വിഷവാതകങ്ങള്‍ പുറത്തു വിടുന്ന ഫാക്റ്ററികളും ഉപേക്ഷിച്ച് പ്രകൃതി വാതകങ്ങളും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും ഉപയോഗിക്കാന്‍ തുടങ്ങി. ഇവരുടെ ശ്രമങ്ങള്‍ ഒന്നും വിഫലമായിരുന്നില്ലെന്ന് കാലം തെളിയിക്കുക തന്നെ ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍