ആവശ്യത്തിന് കുടിവെള്ളം പോലുമില്ല; അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ് 

 
Afghan Children

അഫ്ഗാനിസ്ഥാനില്‍ ഒരു കോടിയോളം കുട്ടികള്‍ക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ്. ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും മരുന്നുകളും ലഭിക്കാത്ത കുട്ടികളുണ്ട്. ഇതുമൂലം അവര്‍ പോഷകാഹാര കുറവും നേരിടുന്നുണ്ട്. അതവരെ ആശുപത്രി കിടക്കളിലെത്തിച്ചേക്കുമെന്നും അഫ്ഗാനിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി സാം മോര്‍ട്ടിനെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഫ്ഗാനില്‍ ഒരു കോടിയോളം കുട്ടികള്‍ക്കാണ് അടിയന്തര മാനുഷിക സഹായം ആവശ്യമുള്ളത്. ഇപ്പോഴുള്ള പ്രതിസന്ധിക്കൊന്നും കാരണക്കാരല്ലാത്തവര്‍ അതിന്റെ പരിണിതഫലം പേറുന്ന സാഹചര്യമാണുള്ളത്. വരള്‍ച്ച മൂലം കുടിവെള്ളം പോലും ലഭിക്കാത്ത കുട്ടികളുണ്ട്. വളരെ അത്യാവശ്യമുള്ള വാക്‌സിന്‍ പോലും ലഭിക്കാത്ത നിരവധി കുട്ടികളുണ്ടെന്നും സാം മോര്‍ട്ട് പറയുന്നു.

കുട്ടികള്‍ക്ക് മതിയായ ഭക്ഷണം ഉള്‍പ്പെടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാമ്പത്തികശേഷി ഇല്ലെന്നാണ് പലായനം ചെയ്യുന്ന കുടുംബങ്ങള്‍ പറയുന്നത്. ഭക്ഷണവും വസ്ത്രവും ഇല്ലാത്ത സാഹചര്യത്തില്‍ യുഎന്‍ സഹായം ആവശ്യമാണെന്നും ഇവര്‍ പറയുന്നു.  

ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍, അഞ്ച് വയസിനു താഴെയുള്ള പത്ത് ലക്ഷം കുട്ടികളെങ്കിലും കടുത്ത പോഷകാഹാര കുറവ് നേരിടേണ്ടിവരുമെന്നാണ് യൂണിസെഫ് നല്‍കുന്ന മുന്നറിയിപ്പ്. പോഷകാഹാര കുറവ് അനുഭവപ്പെടുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞമാസം വര്‍ധിച്ചതായി നിരവധി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളുടെ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ വലിയൊരു മാനുഷിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ബാലാവകാശ പ്രവര്‍ത്തക സര്‍ഖ യഫ്താലി അഭിപ്രായപ്പെടുന്നത്.