'ഞങ്ങളുടെ മക്കള്‍ വിശന്നു കരയുകയാണ്': താലിബാന്‍ ഭരണം 100 ദിനം പിന്നിടുമ്പോള്‍

 
taliban

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിലായിട്ട് 100 ദിവസം പിന്നിടുകയാണ്. ഇസ്ലാമിക് എമിറേറ്റ് സ്ഥാപിതമായ ശേഷം രാജ്യത്തെ ജനങ്ങള്‍ മനുഷ്യവകാശ ലംഘനങ്ങള്‍ നേരിടുകയാണ്, ഭക്ഷണ ദൗര്‍ലഭ്യതയിലും തകര്‍ന്ന ആരോഗ്യ സംവിധാനത്തിലും ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തിലായത് മുതല്‍ പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും രാജ്യത്ത് സ്ഥിതി അതീവ രൂക്ഷമാകുന്നുവെന്നാണ്. അഫ്ഗാനില്‍ ഭരണകൂടത്തെ താഴെയിറക്കുന്നത് എളുപ്പാമണെങ്കിലും അവിടെ ഭരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നത് ഏറെ പ്രയാസമേറിയ കാര്യമാണെന്ന് താലിബാന്‍ ഇതിനോടകം തന്നെ മനസിലാക്കിയിട്ടുണ്ടാകണം. 

സാമ്പത്തികമായും അല്ലാതെയും പിടിച്ചു നില്‍ക്കുന്നതിന് അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നിരിക്കെ താലിബാന്‍ ഭരണത്തില്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്ന മനുഷ്യവകാശ ലംഘനങ്ങളില്‍, പ്രധാനമായും സ്ത്രീകള്‍ക്കെതിരെയുള്ള ഭരണപരിഷ്‌കാരങ്ങളാണ്.  ഈ വിഷയത്തില്‍ ലോക രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അസംതൃപ്തരാണ്. 

അധികാരത്തിലെത്തി 100 ദിനം പിന്നിടുമ്പോഴും ഇസ്ലാമിക് എമിറേറ്റ് നേതാവ് മൗലവി ഹെബത്തുള്ള അഖുന്ദ്സാദയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്നതിന് അമീര്‍ ഖാന്‍ മുത്താഖിയുടെ നേതൃത്വത്തില്‍ ആവര്‍ത്തിച്ചുള്ള നയതന്ത്ര ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വിദേശ സര്‍ക്കാരുകളുമായി ഇടപഴകാനും ബന്ധം സ്ഥാപിക്കാനുമുള്ള നീക്കത്തില്‍ മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള താലിബാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്.  കുറഞ്ഞത് ആറ് രാജ്യങ്ങളുടെ പ്രതിനിധികള്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തതയാണ് റിപോര്‍ട്ടുകള്‍. അധികാരത്തിലെത്തി ആദ്യത്തെ 100 ദിവസങ്ങളില്‍, ആറ് സുപ്രധാന പ്രാദേശിക, അന്തര്‍ദേശീയ കൂടികാഴ്ചകള്‍
അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടുണ്ട്. 

ഇറാന്‍, പാകിസ്ഥാന്‍, ഇന്ത്യ, റഷ്യ, ചൈന, അഫ്ഗാനിസ്ഥാന്‍, ജി 20 നേതാക്കള്‍ എന്നിവരുമായുള്ള കൂടികാഴ്ചകള്‍ക്ക് അഫ്ഗാന്‍ ആതിഥേയത്വം വഹിച്ചു, കൂടാതെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ (യുഎന്‍എസ്സി) അഫ്ഗാനിസ്ഥാന്റെ പ്രശ്‌നങ്ങള്‍ പ്രത്യേക സെഷനുകളില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി, ഇസ്ലാമിക് എമിറേറ്റ് സര്‍ക്കാരിന്റെ അംഗീകാരം യോഗങ്ങളില്‍ ചര്‍ച്ച ചെയ്തില്ലെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. 

എന്തുകൊണ്ട് താലിബാന്‍ സര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന ചോദ്യം വിരല്‍ ചൂണ്ടുന്നത് അഫ്ഗാനില്‍ നിന്ന് പുറത്തു വരുന്ന മനുഷ്യവകാശ ലംഘനങ്ങളുടെ റിപോര്‍ട്ടിലേക്കാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം, അഫ്ഗാനിസ്ഥാന്റെ മണ്ണ് കലാപത്തിനും ഭീകരതയ്ക്കും വേണ്ടിയുള്ള വേദിയായി ഉപയോഗിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങളുടെ പിന്തുണയ്ക്ക് അന്താരാഷ്ട്ര സമൂഹം താലിബാന് മുന്നില്‍ വെക്കുന്ന നിര്‍ദ്ദേശം.

ഇസ്ലാമിക് എമിറേറ്റിന്റെ നയതന്ത്ര, വിദേശ നയം ചില അയല്‍ രാജ്യങ്ങളിലും പ്രാദേശിക രാജ്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 
നിലവില്‍, ഇറാന്‍, പാകിസ്ഥാന്‍, ചൈന, റഷ്യ, തുര്‍ക്കി, ഖത്തര്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഇറ്റലി, യുഎഇ എന്നിവയുള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ എംബസികള്‍ തുറന്നതായും ടോളോ ന്യൂസ് റിപോര്‍ട്ട് പറയുന്നു. 

നേരത്തെ, അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കുട്ടികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണി കാരണം മരിക്കാനിടവരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2.8 കോടിയോളം ജനങ്ങള്‍ അ്ഫ്ഗാനില്‍ പട്ടിണിയിലേയ്ക്ക് പോവുകയാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 4 കോടിയാണ് അഫ്ഗാനിലെ ജനസംഖ്യ.

'' എനിക്കും എന്റെ ഭര്‍ത്താവിനും പട്ടിണി കിടക്കാം, പക്ഷേ ഞങ്ങളുടെ മക്കളെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്, അവര്‍ വിശന്നു കരയുന്നു, അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, ''ഓഗസ്റ്റ് 15 ന്  താലിബാന്‍ അധികാരമേറ്റതു മുതല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍  വിവരിക്കുന്നതിനിടെ രണ്ട് കുട്ടികളുടെ അമ്മയായ 35 കാരിയായ സര്‍ഘുന പറഞ്ഞു. 'ഞങ്ങള്‍ വൈകുന്നേരം അത്താഴം കഴിക്കുന്നു. ചിലപ്പോള്‍ അത് പോലും ഉണ്ടാകില്ല, ഞങ്ങള്‍ ഒന്നും കഴിക്കാതെ ഉറങ്ങും. രാവിലെ, ഞങ്ങള്‍ക്ക് ചായ മാത്രം,' അവര്‍ ഇന്‍ഡിപെന്‍ഡന്റ് യുകെയോട് പറഞ്ഞു. 'ഞങ്ങള്‍ക്ക് റൊട്ടിയും ചിലപ്പോള്‍ ചോറും ഉണ്ട്, പക്ഷേ ഒരിക്കലും മാംസവും പഴങ്ങളും ഇല്ല. മുമ്പത്തേക്കാള്‍ വളരെ കുറച്ച് ഭക്ഷണം മാത്രമാണുള്ളത്,  അത് എന്നെ വിഷമിപ്പിക്കുന്നു. ചിലപ്പോള്‍, ഞങ്ങള്‍ക്ക് ഭക്ഷണമില്ലാത്തപ്പോള്‍, ഞാന്‍ ഒന്നും കഴിക്കാതെ ഉറങ്ങും. വീട്ടുകാര്‍ ഇപ്പോള്‍ പച്ച മാവ് കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. 'ഞങ്ങളുടെ അവസ്ഥ നല്ലതല്ല, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ക്ക് ഒരു ചാക്ക് മാവ് ലഭിച്ചു, ഞങ്ങള്‍ അത് കഴിക്കാന്‍ തുടങ്ങി. എല്ലാം വളരെ ചെലവേറിയതാണ്. വില കൂടുതലായതിനാല്‍ ഞങ്ങള്‍ക്ക് ഇനി മാവും എണ്ണയും വാങ്ങാന്‍ കഴിയില്ല.സര്‍ഘുന പറഞ്ഞു.

രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ച് യുഎസ് സൈന്യത്തെ പിന്‍വലിച്ചതിനുശേഷം അഫ്ഗാനിസ്ഥാന്‍ ഗുരുതരമായ  പ്രതിസന്ധി നേരിടുകയാണ്. അഫ്ഗാനിസ്ഥാനില്‍ കടുത്ത സ്ത്രീ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുന്നതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഏറ്റവും ഒടുവില്‍ സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ താലിബാന്‍ ഭരണകൂടം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട് വന്നത്. 

വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും ഇത് നിയമങ്ങള്‍ അല്ലെന്നും മതപരമായ മാര്‍ഗനിര്‍ദേശമാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചതയാണ് റിപോര്‍ട്ട്. 1996-2001 കാലയളവില്‍ താലിബാന്‍ ടിവി ചാനലുകള്‍, സിനിമകള്‍ തുടങ്ങി മിക്ക വിനോദോപാധികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 'വോയ്സ് ഓഫ് ശരിയ' എന്ന റേഡിയോ സ്റ്റേഷന്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. 2001ല്‍ താലിബാന്‍ ഭരണത്തില്‍ നിന്ന് പുറത്തായതിനു ശേഷം അഫ്ഗാന്‍ ടിവി ചാനലുകള്‍ സംഗീത വിഡിയോകളും തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള ടിവി ഷോകളും പ്രദര്‍ശിപ്പിച്ചിരുന്നു. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ചും തൊഴില്‍ ഇടങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ഉള്‍പ്പെടെ താലിബാന്‍ ഭരണത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഹാരം കഴിക്കാന്‍ സ്വത്തുക്കളെല്ലാം വില്‍ക്കുകയെന്ന മാര്‍ഗം മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ളത്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനോ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനോ പോലും താലിബാന് കഴിയുന്നില്ലെന്നതാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.