താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു; എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

 
Kabul

കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമം

കാബൂള്‍ വിമാനത്താവളത്തിനു സമീപം താലിബാന്‍ സംഘം തടഞ്ഞുവെച്ച 150ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. രേഖകളും മറ്റും പരിശോധിച്ച്, ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ഇവരുടെ പാസ്‌പോര്‍ട്ട്, ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. എല്ലാവരും സുരക്ഷിതരാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സംഘം ഉടന്‍ തന്നെ ഇന്ത്യയിലേക്ക് പുറപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ശനിയാഴ്ച രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിനു മുന്നില്‍വെച്ചാണ് താലിബാന്‍ ഇന്ത്യന്‍ സംഘത്തെ തടഞ്ഞത്. ഇവരെ ചോദ്യം ചെയ്യാനായി ട്രക്കുകളില്‍ സമീപമുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെവെച്ചാണ് രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചത്. അതിനുശേഷം വിട്ടയക്കുകയായിരുന്നു. ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഇവരെയും ഉടന്‍ ഒഴിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ, 85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് 150ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. അതേസമയം, കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

താലിബാന്‍ അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ എല്ലാ എംബസി ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ആയിരത്തോളം ഇന്ത്യക്കാര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരില്‍ പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കണ്ടെത്തുക ദുഷ്‌കരമാണെന്നും അധികൃതര്‍ പറയുന്നു.