ചൂട് ഇനിയും കൂടിയാല്‍ മനുഷ്യവാസം പോലും സാധ്യമാകില്ല; 100 കോടി ജനങ്ങളെയെങ്കിലും അത് ബാധിക്കും

 
heat-stress-graphic

കഠിനമായ ചൂടിന്റെ ആഘാതം അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നു 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചാല്‍പോലും 100 കോടി ജനങ്ങളെ അത് സാരമായി ബാധിക്കുമെന്ന് യുകെ കാലാവസ്ഥാ ഓഫീസ്. ലോകമെങ്ങും കഠിനമായ ചൂടിന്റെ ആഘാതം അനുഭവിക്കുന്നവരുടെ എണ്ണം, ഇപ്പോഴുള്ളതിനേക്കാള്‍ 15 മടങ്ങ് വര്‍ധിച്ചേക്കും. അതായത്, കടുത്ത താപനിലയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളുടെ എണ്ണം നിലവിലെ 680 ലക്ഷത്തില്‍നിന്ന് ഏകദേശം 100 കോടിയായി ഉയരും. ആഗോള താപനില 4 ഡിഗ്രി സെല്‍ഷ്യസ് കൂടി ഉയര്‍ന്നാല്‍, ലോകജനസംഖ്യയുടെ പകുതിയോളം ആളുകളുടെ അതിജീവനത്തെപ്പോലും അത് സാരമായി ബാധിക്കുമെന്നും യുകെ കാലാവസ്ഥാ ഓഫീസിന്റെ ഗവേഷണത്തില്‍ പറയുന്നു. കോപ് 26 ഉച്ചകോടിയോടനുബന്ധിച്ചാണ് യുകെ കാലാവസ്ഥാ ഓഫീസ് ഗവേഷണ ഫലം പുറത്തിറക്കിയത്. 

തൊഴില്‍ സാഹചര്യങ്ങളിലെ അന്തരീക്ഷ താപനില അളക്കാനുള്ള അന്താരാഷ്ട്ര നിലവാരത്തിന്റെ ഭാഗമായുള്ള, വെറ്റ്-ബള്‍ബ് ഗ്ലോബ് താപനില (ചൂടും ഹ്യുമിഡിറ്റിയും) ഉപയോഗിച്ചാണ് യുകെ കാലാവസ്ഥാ വകുപ്പ് ഗവേഷണം നടത്തിയത്. താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയാല്‍, വിയര്‍ക്കുന്നതിലൂടെ മനുഷ്യശരീരം സ്വയം തണുക്കുന്നത് സാധ്യമാകില്ല. തണലില്‍ ഇരിക്കുന്ന ആരോഗ്യമുള്ള മനുഷ്യന്‍ ആയാല്‍പ്പോലും ആറ് മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. വെറ്റ്-ബള്‍ബ് താപനില പരിധി 32 ഡിഗ്രി സെല്‍ഷ്യസാക്കിയും ഗവേഷണം നടത്തി. ചൂട് മൂലമുള്ള ക്ഷീണം ഒഴിവാക്കാന്‍ തൊഴിലാളികള്‍ വര്‍ഷത്തില്‍ കുറഞ്ഞത് 10 ദിവസമെങ്കിലും പൂര്‍ണമായി വിശ്രമിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ആഗോള താപനില കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍, 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിച്ചാല്‍ ലോകജനസംഖ്യയുടെ പകുതിയോളം അതീവ ക്ലേശം അനുഭവിക്കേണ്ടിവരുമെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു. 

യൂറോപ്യന്‍ യൂണിയന്റെ ഹെലിക്‌സ് പ്രോജക്ട് സാമ്പത്തിക സഹായത്തോടെയാണ് യുകെ കാലാവസ്ഥാ വിഭാഗം ഗവേഷണം നടത്തിയത്. നദി കവിഞ്ഞുള്ള വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നിങ്ങനെ വര്‍ധിച്ചുവരുന്ന അപകടസാധ്യതകളെക്കുറിച്ചും ഗവേഷണം വ്യക്തമാക്കുന്നു. ലോകത്തിലെ മുഴുവന്‍ ജനവാസ മേഖലയെ ഏതെങ്കിലും വിധത്തിലുള്ള ആഘാതം ബാധിക്കുമെന്നും പഠനം പറയുന്നു. ഏതൊരു കാലാവസ്ഥാ ആഘാതവും നല്‍കുന്നത് ഭാവിയെക്കുറിച്ചുള്ള ഭയാനകമായ കാഴ്ചയാണെന്ന് കാലാവസ്ഥാ ഓഫീസിലെ ആല്‍ഡി വില്‍റ്റ്ഷയര്‍ പറയുന്നു. തീര്‍ച്ചയായും കടുത്ത കാലാവസ്ഥാ വ്യതിയാനം പല ആഘാതങ്ങളും ഉണ്ടാക്കും. എന്നാല്‍, ചില പ്രദേശങ്ങളെ ഒന്നിലധികം കാര്യങ്ങള്‍ ബാധിക്കുമെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. ബ്രസീല്‍, എത്യോപ്യ, ഇന്ത്യ ഉള്‍പ്പെടെ ഉഷ്ണമേഖലാ രാജ്യങ്ങളെയാണ് കടുത്ത താപനില ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ചില പ്രദേശങ്ങളില്‍, മനുഷ്യവാസത്തിന് തന്നെ അത് പരിധികള്‍ സൃഷ്ടിക്കുന്നു. യുകെയും യൂറോപ്പും ഉള്‍പ്പെടെ ലോകത്തിലെ എല്ലാ പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടര്‍ച്ചയായ ആഘാതങ്ങള്‍ അനുഭവിച്ചേക്കുമെന്നാണ് കരുതുന്നതെന്ന് കാലാവസ്ഥ ഓഫീസിലെ ഹാഡ്‌ലി സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ആല്‍ബെര്‍ട്ട് ക്ലെയ്ന്‍ ടാങ്ക് പറയുന്നു. 

കാലാവസ്ഥാ വ്യതിയാനത്തില്‍, ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നത് ചൂടിന്റെ കാഠിന്യമാണ്. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ താപനില, അടുത്ത ദശകങ്ങളില്‍ മൂന്നിരട്ടിയായി വര്‍ധിച്ചെന്നാണ് സമീപകാല പഠനം പറയുന്നത്. 2020ലെ വേനല്‍ക്കാലത്ത്, യുഎസ് ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്കും തലകറക്കവും, സന്ധിവേദനയും ഉള്‍പ്പെടെ ലക്ഷണങ്ങളോടുകൂടിയ കടുത്ത ചൂടിന്റെ ആഘാതം ഏറ്റിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2017 വരെയുള്ള രണ്ട് ദശാബ്ദങ്ങളില്‍ ലോകമെമ്പാടുമുള്ള ഉഷ്ണതരംഗങ്ങള്‍ കാരണം കുറഞ്ഞത് 166,000 പേരാണ് മരിച്ചത്. ആശുപത്രികള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെ ദുര്‍ബലമായ സ്ഥലങ്ങളില്‍, ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമായിട്ടില്ലെന്ന് യുകെ ഭരണകൂടത്തിന് ഔദ്യോഗിക കാലാവസ്ഥാ ഉപദേഷ്ടാക്കള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഏതാനും വര്‍ഷങ്ങളായി, മാരകമായ ചൂടും ഈര്‍പ്പവും സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം അനിയന്ത്രിതമായി തുടര്‍ന്നാല്‍, ആഗോള എണ്ണ വ്യവസായത്തിന്റെ മിഡില്‍ ഈസ്റ്റിലെ ഗള്‍ഫ് മനുഷ്യന് അതിജീവിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള താപതരംഗങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നാണ് 2015ലെ പഠനം പറയുന്നത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നും, ജനസംഖ്യയില്‍ മുന്നിലുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യോല്‍പാദന മേഖലയുമായ വടക്കന്‍ ചൈന സമതലമായിരിക്കും ഭാവിയില്‍ ഉഷ്ണതരംഗങ്ങള്‍ ഏറ്റവും അപകടകരമായി മാറുന്ന ഇടമാകുകയെന്നാണ് 2018ലെ ഒരു ഗവേഷണം പറയുന്നത്.

150 വര്‍ഷം മുന്‍പ്, വ്യവസായവല്‍ക്കരണം തുടങ്ങുന്നതിനു മുന്‍പുള്ള ആഗോളതാപനിലയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് കൂടാതെ നോക്കണമെന്നായിരുന്നു പാരിസ് ഉടമ്പടി വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചാലും ആഗോള താപനില 2.7 ഡിഗ്രി സെല്‍ഷ്യസ് കൂടി ഉയര്‍ന്നേക്കുമെന്നാണ് ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ട് നല്‍കിയ മുന്നറിയിപ്പ്. അതിനാല്‍, 1.5 ഡിഗ്രി സെല്‍ഷ്യസ് എന്നതായിരിക്കണം ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. 1.5 ഡിഗ്രി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സാധ്യമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ഗ്ലാസ്‌ഗോയില്‍ നടന്ന കോപ് 26 ഉച്ചകോടിയിലും ഉയര്‍ന്ന നിര്‍ദേശം. അതേസമയം, അത്തരമൊരു ലക്ഷ്യത്തിലേക്കുള്ള യാത്ര ഏറെ ശ്രമകരമാണെന്നാണ് ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങളുടെ അഭിപ്രായം.