9/11 ഭീകരാക്രമണത്തിന് 20 വർഷം; അനുസ്മരിച്ച് ബൈഡൻ

 
Joe bIden

ദുർബല സമയത്തുപോലും ഐക്യമാണ് നമ്മുടെ വലിയ ശക്തി

യുഎസിനെയും ലോകത്തെയും ഞെട്ടിച്ച വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണത്തിന് 20 വര്‍ഷം. 2001 സെപ്‌റ്റംബർ പതിനൊന്നിനായിരുന്നു അൽ ഖ്വയ്ദ തീവ്രവാദികൾ വേൾഡ് ട്രേഡ് സെന്‍ററിലേക്ക് ആക്രമണം നടത്തിയത്. കാലിഫോർണിയയിൽ നിന്ന് പറന്ന നാല് വിമാനങ്ങൾ തട്ടിയെടുത്താണ് അൽ ഖ്വയ്ദ ഭീകരാക്രമണം നടത്തിയത്.

ബോയിങ് 767 യാത്രാവിമാനം ട്രേഡ് സെൻ്ററിൻ്റെ ഇരട്ട കെട്ടിടങ്ങളിൽ ഒന്നിനു പുറകേ ഒന്നായി വന്ന് ഇടിക്കുകയായിരുന്നു. വിമാനം വന്നിടിച്ചതിന്‍റെ ആഘാതത്തിൽ കെട്ടിടം നിലം പതിച്ചു. ആക്രമണത്തിൽ 19 ഭീകരർ ഉൾപ്പടെ 2996 പേർ കൊല്ലപ്പെട്ടു. 25,000ൽ അധികം പേർക്ക് പരിക്കേറ്റു. പ്രതിരോധ ആസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ പെന്‍റഗണിലും വൈറ്റ് ഹൗസ് ലക്ഷ്യമിട്ടും വിമാന ആക്രമണങ്ങളുണ്ടായി.

സെപ്റ്റംബർ ഭീകരാക്രമണത്തിനു പിന്നാലെയാണ് രാജ്യാന്തര ഭീരതക്കെതിരായ പോരാട്ടം യു എസ് ഏറ്റെടുത്തത്. അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തി. അഫ്‌ഗാൻ ഭീകരുടെ താവളമാകുന്നുവെന്ന് വിലയിരുത്തലിലാണ് യുഎസ് സേനയെ അങ്ങോട്ട് അയക്കുന്നത്. ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഉസാമ ബിൻ ലാദൻ, ഒരു പതിറ്റാണ്ട് നീണ്ട തെരച്ചിലിനൊടുവിൽ 2011 മെയ്‌ രണ്ടിന് പാകിസ്ഥാനിലെ ആബട്ടാബാദിൽ യുഎസ് സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിന് 20 വർഷം പിന്നിടുമ്പോൾ, ആക്രമണം ആസൂത്രണം ചെയ്‌ത അഫ്‌ഗാനിൽനിന്ന് യുഎസ് സൈന്യം പൂർണമായും പിൻവാങ്ങിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഭീകരാക്രമണത്തിൻ്റെ 20മത് വാർഷികത്തിൽ യുഎസ് പ്രസിഡൻറ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. സെപ്‌റ്റംബർ 11 ഭീകരാക്രമണത്തിൽ 90 രാജ്യങ്ങളിലെ 2977 പൗരന്മാർ കൊല്ലപ്പെടുകയും 25000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അമേരിക്ക നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും അനുസ്മരിക്കുന്നു - ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ ബൈഡൻ പറഞ്ഞു.

ദുർബല സമയത്തുപോലും ഐക്യമാണ് നമ്മുടെ വലിയ ശക്തി. ഭീകരാക്രമണത്തിന് ശേഷമുണ്ടായ സംഭവങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട സേനാംഗങ്ങളെയും അദ്ദേഹം അനുസ്‌മരിച്ചു. രക്ഷാപ്രവർത്തനങ്ങളിലും പുനർനിർമാണങ്ങളിലും ഭാഗമായവരെ അനുമോദിക്കുന്നതായും ബൈഡൻ വീഡിയോ പറഞ്ഞു.