കല്‍ക്കരി ഉപയോഗം: അവ്യക്തത,  ഇന്ത്യയില്ല, എന്തുകൊണ്ട് അമേരിക്കയില്ല ? ഉറപ്പുമായി 40 രാജ്യങ്ങള്‍

 
coal

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം പൂര്‍ണമായി അവസാനിപ്പിക്കുമെന്ന് നാല്‍പതിലധികം രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  കല്‍ക്കരിയുടെ ഉപയോഗം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നാണ് രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തത്. എന്നാല്‍ ലോകത്തിലെ കല്‍ക്കരിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഉപയോഗിക്കുന്ന ചൈനയും ഇന്ത്യയും ലോകത്തിലെ 11-ാമത്തെ വലിയ കല്‍ക്കരി ഉപഭോക്താവും പ്രധാന കയറ്റുമതിക്കാരുമായ ഓസ്ട്രേലിയയും മറ്റ് പ്രധാന കല്‍ക്കരി ഉപഭോക്താക്കളും കരാറില്‍ നിന്ന് വിട്ടുനിന്നു.  കല്‍ക്കരിയില്‍ നിന്ന് അഞ്ചിലൊന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അമേരിക്കയും കരാറില്‍ ഒപ്പുവെച്ചില്ല.

പുതിയ കരാറില്‍ 23 രാജ്യങ്ങളാണ് ഒപ്പിട്ടത്.  ആദ്യ ഘട്ടത്തില്‍ പുതിയ കല്‍ക്കരി പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതും പെര്‍മിറ്റ് നല്‍കുന്നതും നിര്‍ത്തുമെന്നും ഒടുവില്‍ കല്‍ക്കരി ഉപയോഗിക്കുന്നതില്‍ നിന്ന് പുര്‍ണമായും പിന്‍മാറുമെന്നും രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന  പോളണ്ട്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങളും കരാറിലുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പ്രധാന കാരണങ്ങളിലൊന്നായ  കല്‍ക്കരി ഉല്‍പ്പാദനം  കുറയ്ക്കുന്നത് ആഗോളതാപനം തടയുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണ്.

അതേസമയം കരാറില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനം  രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ആഭ്യന്തര അജണ്ട കാപ്പിറ്റോള്‍ ഹില്ലില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത രണ്ട് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു, അത് വെസ്റ്റ് വിര്‍ജീനിയയിലെ ഡെമോക്രാറ്റായ സെനറ്റര്‍ ജോ മഞ്ചിന്‍ മൂന്നാമന്റെ പിന്തുണയെ ആശ്രയിച്ചിരിക്കുന്നു. മിസ്റ്റര്‍ മഞ്ചിനിന്റെ സംസ്ഥാനം കല്‍ക്കരിയും വാതകവും കൊണ്ട് സമ്പന്നമാണ്, മാത്രമല്ല മഞ്ചിനിന് കല്‍ക്കരി വ്യവസായവുമായി സാമ്പത്തിക ബന്ധമുണ്ട്, അതുകൊണ്ട് തന്നെ ഫോസില്‍ ഇന്ധനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഏത് നയത്തെയും അദ്ദേഹം നിശിതമായി എതിര്‍ക്കുന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു

കല്‍ക്കരി ഖനികള്‍ പുറംതള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ശേഖരിക്കാനും സംഭരിക്കാനും സാങ്കേതികവിദ്യയുള്ള കല്‍ക്കരി പ്ലാന്റുകള്‍ക്ക് അനുകൂലമായി യുഎസ് വാദിച്ചതോടെ കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനത്തില്‍ ബ്രിട്ടനുമായുള്ള 
ചര്‍ച്ചകള്‍ ബുധനാഴ്ച രാത്രി വരെ നീണ്ടതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ട് പറയുന്നു. അതേസമയം ഇത്തരം സാങ്കേദിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാന്റ് മാത്രമേ യുഎസില്‍ ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളൂവെന്നും ഈ വര്‍ഷം അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും
റിപോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 

കല്‍ക്കരി ഉപയോഗത്തിനെതിരെയുള്ള കരാറില്‍ നിന്ന് യുഎസ് പിന്‍മാറിയതിന് പിന്നില്‍ ജോ മഞ്ചിനിനെ പ്രകോപിപ്പിക്കേണ്ടെന്ന് കരുതിയാണെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം റിപോര്‍ട്ടുകളോട് മഞ്ചനിന്റെ വക്താവ് പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. 2007ല്‍ അമേരിക്കയില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതിയുടെ ഉത്പാദനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ വിലകുറഞ്ഞ പ്രകൃതിവാതകം, കാറ്റ്, സൗരോര്‍ജ്ജം എന്നിവ ഉപയോഗിച്ച് വൈദ്യൂതി ഉത്പാദിപ്പിക്കുന്നതോടെ കല്‍ക്കരിയുടെ ഉപയോഗം കുറഞ്ഞ് വരികയാണെന്നാണ് റിപോര്‍ട്ട്. 

ലോകത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് കല്‍ക്കരിയാണെന്നതുകൊണ്ടാണ് കല്‍ക്കരി ഉല്‍പ്പാദനം കുറയ്ക്കുന്നതിനും ആഗോളതാപനം തടയുന്നതിനും സുപ്രധാന ചുവടുവയ്‌പ്പെന്നോണം ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ കല്‍ക്കരി ഒരു പ്രധാന വിഷയമായത്. ശരാശരി ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ അല്ലെങ്കില്‍ 2.7 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടാതിരിക്കാന്‍ കല്‍ക്കരിയുടെ ഉപയോഗം അവസാനിപ്പിക്കുന്നത് അത്യാവശ്യമാണ്. താപ തരംഗങ്ങള്‍, വരള്‍ച്ചകള്‍, കാട്ടുതീ, വെള്ളപ്പൊക്കം എന്നിവയില്‍ നിന്നുള്ള വിനാശകരമായ ഫലങ്ങള്‍ ഭൂമി അനുഭവിക്കുമെന്ന് പല ശാസ്ത്രജ്ഞരും പറയുന്ന പരിധിയാണിത്. ഇതിനകം 1.1 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായും ജര്‍മ്മനിയുടെ പരിസ്ഥിതി മന്ത്രി സ്വെഞ്ച ഷൂള്‍സ് പറഞ്ഞു. 

ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച് 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന ലക്ഷ്യം നിലനിര്‍ത്താന്‍ 2035 ടെ സമ്പന്ന രാജ്യങ്ങള്‍ ഫലത്തില്‍ എല്ലാ കല്‍ക്കരി, എണ്ണ, വാതക വൈദ്യുത നിലയങ്ങളും കാറ്റോ സൗരോര്‍ജ്ജമോ ആണവോര്‍ജ്ജമോ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. 2040-ഓടെ ലോകത്തിലെ ശേഷിക്കുന്ന കല്‍ക്കരി പ്ലാന്റുകളെല്ലാം അടക്കണം അല്ലെങ്കില്‍ അവയുടെ കാര്‍ബണ്‍ ഉദ്വമനം പിടിച്ചെടുക്കാനും അവയെ ഭൂമിക്കടിയില്‍ കുഴിച്ചിടാനും സാങ്കേതികവിദ്യ ഘടിപ്പിക്കേണ്ടിവരും, ഏജന്‍സി പറഞ്ഞു. ''സമീപ ഭാവിയില്‍ നമ്മള്‍ എല്ലാ ഫോസില്‍ ഇന്ധനങ്ങളും ഉപേക്ഷിച്ച് പുനരുപയോഗ ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള പുതിയതും സുസ്ഥിരവുമായ ഊര്‍ജ്ജ ലോകത്ത് ജീവിക്കും''  മിസ് ഷൂള്‍സ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

രാജ്യങ്ങള്‍ ഇന്ധനത്തിന്റെ ഉപയോഗം എപ്പോള്‍ അവസാനിപ്പിക്കും എന്നതടക്കം സുപ്രധാന കാര്യങ്ങള്‍ കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞയില്‍ അവ്യക്തമാണെന്നാണ്‌  പരിസ്ഥിതി സംഘടനകള്‍ വാദിക്കുന്നത്. പ്രധാനമായും കല്‍ക്കരി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ 2030-കളില്‍ (അല്ലെങ്കില്‍ എത്രയും വേഗം) കല്‍ക്കരി ഊര്‍ജ്ജം നിര്‍ത്തലാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മാത്രമേ പ്രസ്താവനയില്‍ പറയുന്നുള്ളൂ, അതേസമയം 2040-കളോടെ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ ഭാഗങ്ങള്‍ കല്‍ക്കരി നിര്‍ത്തലാക്കുമെന്നും റിപോര്‍ട്ട് പറയുന്നു. 

ഇത്തരം അവ്യക്തതമായ പ്രതിജ്ഞയിലെ കാര്യങ്ങള്‍ കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള പ്രതിജ്ഞയില്‍ കൂടുതല്‍ പഴുതുണ്ടാക്കുന്നതായാണ് ഗ്രീന്‍പീസ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെന്നിഫര്‍ മോര്‍ഗന്‍ പറഞ്ഞത്. കരാര്‍ കല്‍ക്കരി ശവപ്പെട്ടിയില്‍ ഒരു ആണി മാത്രമാണ് എന്നാല്‍ ആ ശവപ്പെട്ടി ഇതുവരെ അടച്ചിട്ടില്ലെന്നുമാണ് ജെന്നിഫര്‍ മോര്‍ഗന്‍ പറഞ്ഞത്. 

കലാവസ്ഥ പ്രതിജ്ഞയിലെ അവ്യക്തത അടിവരയിട്ട് പോളണ്ടിന്റെ കാലാവസ്ഥാ പരിസ്ഥിതി മന്ത്രി അന്ന മോസ്‌ക്വ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. കരാര്‍ പോളണ്ടിനെ 2049 ഓടെ കല്‍ക്കരിയില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നതാണ്.  പോളണ്ടിന് നിലവില്‍ 70 ശതമാനം വൈദ്യുതി കല്‍ക്കരിയില്‍ നിന്നാണ് ലഭിക്കുന്നത്, മാത്രമല്ല ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് കൂടുതല്‍ വേഗത്തില്‍ പിന്‍മാറാന്‍ യൂറോപ്യന്‍ നിര്‍ദ്ദേശങ്ങളെ രാജ്യം എതിര്‍ക്കുകയും ചെയ്തു. 

അടുത്ത വര്‍ഷം അവസാനത്തോടെ മറ്റ് രാജ്യങ്ങളില്‍ എണ്ണ, വാതകം, കല്‍ക്കരി എന്നിവയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കാനുള്ള കരാറില്‍ ബൈഡന്‍ ഭരണകൂടം ഒപ്പം ചേര്‍ന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം  തടയുന്നതിനുള്ള ശ്രമവും കൂടാതെ, ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുകയും മലിനീകരണം നേരിട്ട് വായുവിലേക്ക് പുറന്തള്ളുകയും ചെയ്യുന്ന പവര്‍ പ്ലാന്റുകള്‍ക്കെതിരാണിത്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലോകബാങ്ക് പോലുള്ള ബഹുമുഖ വികസന ഫണ്ടര്‍മാരില്‍ നിന്ന് പൊതു ധനസഹായം നയിക്കാന്‍ ആ കരാര്‍ ഗണ്യമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറ്റലി, കാനഡ, ഡെന്മാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന  കരാറിലെ 25 രാജ്യങ്ങളും സ്ഥാപനങ്ങളും കാറ്റ്, സൗരോര്‍ജ്ജം, ജിയോതെര്‍മല്‍ തുടങ്ങിയ കുറഞ്ഞ കാര്‍ബണ്‍ ഊര്‍ജത്തിന് മുന്‍ഗണന നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗ്രീന്‍ എനര്‍ജിയിലെ നിക്ഷേപങ്ങളുമായി ചേര്‍ന്ന് വിദേശ ഫോസില്‍ ഇന്ധന വികസനത്തിന് ധനസഹായം നല്‍കുന്നത് നിര്‍ത്താനുള്ള തീരുമാനം യഥാര്‍ത്ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതായി  ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഫ്‌ലെച്ചര്‍ സ്‌കൂളിലെ റേച്ചല്‍ കൈറ്റ് പറഞ്ഞു. നമ്മള്‍ ബ്രൗണ്‍ എനര്‍ജി വേണ്ടെന്ന് പറയുകയാണെങ്കില്‍, വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം വര്‍ദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം എണ്ണ, വാതകം, കല്‍ക്കരി എന്നിവയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതിജ്ഞയെ അമേരിക്കന്‍ റിപ്പബ്ലിക്കന്‍മാര്‍ വിമര്‍ശിച്ചു. വിദേശ എണ്ണ, വാതക പദ്ധതികളെ ലോകത്തെ ഏറ്റവും അധികം പിന്തുണയ്ക്കുന്ന ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങള്‍ കരാറില്‍ നിന്ന് വിട്ട് നിന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്. 

ആഗോളതലത്തില്‍ കല്‍ക്കരി ഉപഭോഗം പുനരുജ്ജീവിപ്പിക്കുന്ന സാഹചര്യത്തിലാണ് കല്‍ക്കരി അവസാനിപ്പിക്കുമെന്ന വാഗ്ദാനം. ഈ വര്‍ഷം, ആഗോള സമ്പദ്‌വ്യവസ്ഥ കൊറോണ മഹാമാരിക്ക് ശേഷം തിരിച്ചെത്തുമ്പോള്‍  ലോകമെമ്പാടുമുള്ള കല്‍ക്കരി ഉപഭോഗം 5.7 ശതമാനം വര്‍ദ്ധിക്കുമെന്നാണ് കണക്ക് കൂട്ടലെന്ന് റിപോര്‍ട്ട് പറയുന്നു.  ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്റ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പുതിയ ഡാറ്റ അനുസരിച്ച് 2014 ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് താഴെയാണ് ബഹിര്‍ഗമനം. രാജ്യവ്യാപകമായുണ്ടായ വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ ചൈനീസ് സര്‍ക്കാര്‍ കല്‍ക്കരി കമ്പനികളോട്  ഖനന ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കാലാവസ്ഥ ഉച്ചകോടി നടന്നത്. 

അതേസമയം പുതിയ പ്രഖ്യാപനത്തില്‍  വേള്‍ഡ് കല്‍ക്കരി അസോസിയേഷന്‍ പ്രതികരിച്ചില്ല, എന്നാല്‍ കല്‍ക്കരി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കല്‍ക്കരി 80 രാജ്യങ്ങളിലെ ഊര്‍ജ്ജ വിതരണത്തിനും 790 ദശലക്ഷത്തിലധികം ആളുകളുടെ ഉപജീവനത്തിനും നിര്‍ണായകമായി തുടരുന്നു എന്ന വസ്തുത പരിഗണിക്കുന്നിലെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. 

യൂറോപ്പിലെ മൂന്നാമത്തെ വലിയ കല്‍ക്കരി ഉപഭോക്താവായ ഉക്രെയ്ന്‍, 2035 ഓടെ കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ബുധനാഴ്ച പറഞ്ഞു. 2040 ഓടെ ശേഷിക്കുന്ന കല്‍ക്കരി പ്ലാന്റുകളെല്ലാം അടച്ചുപൂട്ടുമെന്ന് മുമ്പ് പ്രതിജ്ഞയെടുത്ത ചിലി, അതിന്റെ സമയക്രമം വേഗത്തിലാക്കുമെന്ന് പറഞ്ഞു. ചില രാജ്യങ്ങള്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ പ്രതിജ്ഞ ആവശ്യപ്പെടും. ഉദാഹരണത്തിന്, വിയറ്റ്‌നാമിന് 2030-ഓടെ കല്‍ക്കരി ശേഷി ഇരട്ടിയാക്കാനുള്ള അവരുടെ പദ്ധതികളില്‍ നിന്ന് അവര്‍ പിന്‍മാറേണ്ടി വരും. 

ഫാക്ടറികള്‍ക്കും വീടുകള്‍ക്കുമുള്ള വിലകുറഞ്ഞ ഊര്‍ജ സ്രോതസ്സായിരുന്ന കല്‍ക്കരി ഒഴിവാക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് പുറത്തുനിന്നുള്ള സാമ്പത്തിക സഹായം ആവശ്യമായി വരാന്‍ സാധ്യതയുണ്ട്. പ്രതിജ്ഞയില്‍ ഒപ്പുവെച്ച ഇന്തോനേഷ്യ 2040-ഓടെ കല്‍ക്കരി പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ലോകത്തെ എട്ടാമത്തെ വലിയ കല്‍ക്കരി പുറംതള്ളുന്ന രാജ്യമാണിത് ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും കല്‍ക്കരിയില്‍ നിന്നാണ് ഇന്റോനേഷ്യ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ഗ്ലാസ്ഗോ ഉച്ചകോടിയില്‍, കല്‍ക്കരിയില്‍ നിന്ന് മാറാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളും വികസിത ബാങ്കുകളും ഇതുവരെ ഏകദേശം 20 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്, കല്‍ക്കരിയെ ആശ്രയിക്കുന്ന ദക്ഷിണാഫ്രിക്കയെ ശുദ്ധമായ ഊര്‍ജത്തിലേക്ക് മാറ്റാന്‍ സഹായിക്കുന്നതിന് യുഎസില്‍ നിന്നും നിരവധി യൂറോപ്യന്‍ സര്‍ക്കാരുകളില്‍ നിന്നും 8.5 ബില്യണ്‍ ഡോളര്‍ സഹായവും ഇതില്‍ ഉള്‍പ്പെടുന്നു. ഏഷ്യയിലെ കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ നേരത്തേ അടച്ചുപൂട്ടുന്നതിനായി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് ഒരു പുതിയ ഫണ്ടും ആരംഭിച്ചിരുന്നു. എന്നിരുന്നാലും ഈ പദ്ധതി എത്രത്തോളം ഫലപ്രദമാകുമെന്നതില്‍ വ്യക്തതയില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാജ്യങ്ങള്‍ തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രകൃതി വാതകത്തിലേക്ക് മാറുമോ എന്നതാണ് കല്‍ക്കരി പ്രതിജ്ഞയില്‍ ഉത്തരം ലഭിക്കാത്ത ചോദ്യം.